മെമ്മോറാണ്ടം തയാറാക്കിത്തുടങ്ങി
Thursday, August 15, 2024 1:25 AM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നിർദേശിച്ച, കേന്ദ്രത്തിനു സമർപ്പിക്കേണ്ട മെമ്മോറാണ്ടം തയാറാക്കി തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വയനാട് ദുരന്തത്തിലെ നഷ്ടം കണക്കാക്കുന്നതിനൊപ്പം പുനരധിവാസ രീതികളും നിശ്ചയിക്കേണ്ടതുണ്ട്. അതിനുള്ള തയാറെടുപ്പുകളാണു നടന്നുവരുന്നത്.
വയനാട് ദുരന്തത്തിൽ അനാഥരായ കുട്ടികളെ പ്രത്യേകമായി സംരക്ഷിക്കും. വയനാട് പാക്കേജിനൊപ്പം വിലങ്ങാട് ദുരന്തവുമായി ബന്ധപ്പെട്ട സ്പെഷൽ പാക്കേജും കേന്ദ്രത്തിനു സമർപ്പിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇതുസംബന്ധിച്ചു ചർച്ച നടത്തിയിരുന്നു.
റവന്യു മന്ത്രിയുടെ അധ്യക്ഷതയിൽ വിലങ്ങാട് പ്രത്യേക യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. റവന്യൂ മന്ത്രിക്കു പുറമേ വനം, പൊതുമരാമത്ത്, ജലവിഭവ, കൃഷി മന്ത്രിമാരും സന്ദർശിച്ചു. പ്രാഥമിക പരിശോധനയിൽ നഷ്ടത്തിന്റെ തോത് റവന്യു അധികൃതർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.