റിലയൻസ് എലീറ്റ് ക്ലബ്ബിൽ
Sunday, April 27, 2025 12:04 AM IST
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ), ലോകത്തിലെ ഏറ്റവും മൂല്യവത്തായ 25 കന്പനികളുടെ എലീറ്റ് ലിസ്റ്റിൽ സ്ഥാനം നേടി. മൈക്രോസോഫ്റ്റ്, ആൽഫബെറ്റ്, സൗദി അരാംകോ തുടങ്ങിയ ആഗോള ഭീമന്മാർക്കൊപ്പമാണ് ആർഐഎൽ സ്ഥാനം പിടിച്ചിരിക്കുന്നത്.
ബ്ലൂംബെർഗ് ഡാറ്റ പ്രകാരം, റിലയൻസ് ഇൻഡസ്ട്രീസ് നിലവിൽ ആഗോളതലത്തിൽ 118 ബില്യണ്‍ ഡോളർ (ഏകദേശം 10 ലക്ഷം കോടി രൂപ) ആസ്തിയുമായി 21-ാം സ്ഥാനത്താണ്. ആലിബാബ, എടി ആൻഡ് ടി, ടോട്ടൽ എനർജീസ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര കന്പനികൾക്ക് തൊട്ടുപിന്നിലാണ് ഓയിൽ-ചില്ലറ വ്യാപാരം-ടെലികോം മേഖലകളിൽ കൈവച്ചിട്ടുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്.
വിപണി മൂലധനത്തിലും വർധനവ്
ആർഐഎല്ലിന്റെ വിപണി മൂലധനം ഏകദേശം 140 ബില്യണ്‍ ഡോളറായി ഉയർന്നു. ഇത് ആഗോള ഉൗർജ മേഖലയിലെ പ്രമുഖർക്കും മുകളിലാണ്. ടോട്ടൽ എസ്എയെ മറികടന്നപ്പോൾ ബിപി പിഎൽസിയെക്കാൾ ഗണ്യമായി മുന്നിലെത്തി.
വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ബോർഡ് ഒന്നോ അതിലധികമോ തവണകളായി ബോണ്ടുകൾ വഴി 25,000 കോടി രൂപ വരെ ഫണ്ട് സമാഹരണ പദ്ധതിക്ക് അംഗീകാരം നൽകി. ഓഹരി ഉടമകൾക്ക് ബോർഡ് ഒരു ഓഹരിക്ക് 5.5 രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു.
2025ൽ ഓഹരി വിപണിയിൽ മികച്ച പ്രകടനം
വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ റിലയൻസ് ഓഹരി എൻഎസ്ഇയിൽ 1,300.40 രൂപയിൽ അവസാനിച്ചെങ്കിലും 2025 ഈ ഓഹരികൾ 7 ശതമാനം ഉയർന്ന് നിഫ്റ്റി 50 സൂചികയെ മറികടന്നു. അതേ കാലയളവിൽ 2 ശതമാനത്തിൽ താഴെ മാത്രം നേട്ടമാണ് നിഫ്റ്റിക്ക് നേടാനായത്.
ആർഐഎൽ ഓഹരികൾ കഴിഞ്ഞ ഒരു മാസത്തിനിടെ 10 ശതമാനവും മൂന്നു മാസത്തിനിടെ 24 ശതമാനവും ഒരു വർഷത്തിനിടെ 40 ശതമാനവും ഉയർന്നു. ഇത് റിലയൻസിനെ നിഫ്റ്റിയുടെ മികച്ച 10 ഓഹരികളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച കന്പനികളിൽ ഒന്നാക്കി.
റിലയൻസിന്റെ കടം കുറയ്ക്കൽ തന്ത്രം, ടെലികോം നിരക്കുകളിലെ വർധനവ്, ഉപഭോക്തൃ മേഖലയിലുള്ള റിലയൻസ് ജിയോയുടെയും റിലയൻസ് റീട്ടെയിലിന്റെയും ഉണർവ് എന്നിവയാണ് സമീപകാല കുതിപ്പിന് കാരണമെന്ന് വിശകലന വിദഗ്ധർ പറയുന്നു.