വിദേശനാണ്യ കരുതൽ ശേഖരം ഉയർന്നു
Sunday, April 27, 2025 12:04 AM IST
മുംബൈ: ഏപ്രിൽ 18 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 8.31 ബില്യണ്‍ ഡോളർ ഉയർന്ന് 686.145 ബില്യണ്‍ ഡോളറിലെത്തിയതായി ആർബിഐ അറിയിച്ചു. തുടർച്ചയായ ഏഴാമത്തെ ആഴ്ചയാണ് വിദേശ നാണ്യ കരുതൽ ശേഖരത്തിൽ വർധനവുണ്ടായത്.
ഏപ്രിൽ 11ന് അവസാനിച്ച മുൻ റിപ്പോർട്ടിംഗ് ആഴ്ചയിൽ ഇത് 1.567 ബില്യണ്‍ ഡോളർ ഉയർന്ന് 677.835 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. 2024 സെപ്റ്റംബർ അവസാനത്തോടെ വിദേശനാണ്യ കരുതൽ ശേഖരം എക്കാലത്തെയും ഉയർച്ചയിൽ, 704.885 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.
ഏപ്രിൽ 18 ന് അവസാനിച്ച ആഴ്ചയിൽ, വിദേശനാണ്യ കരുതൽ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറൻസി ആസ്തികൾ 3.516 ബില്യണ്‍ ഡോളർ വർധിച്ച് 578.495 ബില്യണ്‍ ഡോളറിലെത്തിയതായി ആർബിഐ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
സ്വർണ ശേഖരം ഈ ആഴ്ചയിൽ 4.575 ബില്യണ്‍ ഡോളർ ഉയർന്ന് 84.572 ബില്യണ്‍ ഡോളറിലെത്തി.സ്പെഷൽ ഡ്രോയിംഗ് റൈറ്റ്സ് (എസ്ഡിആർ) 212 മില്യണ്‍ ഡോളർ ഉയർന്ന് 18.568 ബില്യണ്‍ ഡോളറിലെത്തിയതായും ആർബിഐ അറിയിച്ചു.
റിപ്പോർട്ടിംഗ് ആഴ്ചയിൽ ഐഎംഎഫിൽ ഇന്ത്യയുടെ കരുതൽ ധനശേഖരം ഏഴു മില്യണ്‍ ഡോളർ ഉയർന്ന് 4.51 ബില്യണ്‍ ഡോളറിലെത്തിയതായി ആർബിഐ കണക്ക് വ്യക്തമാക്കുന്നു.