ആനന്ദ് അംബാനി ആർഐഎല്ലിന്റെ മുഴുവൻ സമയ ഡയറക്ടർ
Sunday, April 27, 2025 12:04 AM IST
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മുഴുവൻ സമയ ഡയറക്ടറായി മുകേഷ് അംബാനി-നിത അംബാനി ദന്പതികളുടെ ഇളയമകൻ ആനന്ദ് അംബാനിയെ നിയമിച്ചു.
ആനന്ദ് അംബാനിയെ നാമനിർദേശം ചെയ്തത് ബോർഡ് അംഗീകരിച്ചു. ഹ്യൂമൻ റിസോഴ്സ്, നോമിനേഷൻ, റെന്യുമറേഷൻ കമ്മിറ്റി എന്നിവയുടെ ശിപാർശ പ്രകാരമാണ് ആനന്ദ് അംബാനിയുടെ നിയമനം. അഞ്ച് വർഷ കാലാ വധിയിൽ മേയ് ഒന്ന് മുതൽ അദ്ദേഹം ഡയറക്ടറായി ചുമതലയേൽക്കും. ആനന്ദിന്റെ നിയമനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം കൂടി ലഭിക്കണം.
ബ്രൗണ്‍ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ആനന്ദ് റിലയൻസിൽ എക്സിക്യൂട്ടീവ് ഡയറക്ടറാകുന്ന അംബാനി സഹോദരങ്ങളിൽ ആദ്യത്തെയാളാണ്.
2023 ഓഗസ്റ്റിൽ മുകേഷ് അംബാനി തന്റെ മൂന്ന് മക്കളെ - ഇരട്ടകളായ ഇഷ, ആകാശ്, ആനന്ദ് എന്നിവരെ റിലയൻസിന്റെ ബോർഡിൽ നോണ്‍-എക്സിക്യൂട്ടീവ് ഡയറക്ടർമാരായി നിയമിച്ചു. നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന ആനന്ദിനു കൂടുതൽ ചുമതലകൾ നൽകുന്നതിന് വേണ്ടിയാണ് ഡയറക്ടറാക്കിയത്.
2020 മാർച്ച് മുതൽ ജിയോ പ്ലാറ്റ്ഫോംസിന്റെയും 2022 മുതൽ റിലയൻസ് വെൻച്വർ, 2021ൽ റിലയൻസ് ന്യു എനർജി എന്നീ കന്പനികളുടെയും ചുമതല അദ്ദേഹം ഏറ്റെടുത്തിരുന്നു. 2022 സെപ്റ്റംബർ മുതൽ റിലയൻസ് ഫൗണ്ടേഷനിലും അദ്ദേഹം അംഗമാണ്.
റിലയൻസ് എന്ന ബിസിനസ് സാമ്രാജ്യത്തിലെ പല കന്പനികളുടെയും ചുമതലകൾ തന്റെ മൂന്ന് മക്കൾക്കായി മുകേഷ് അംബാനി വീതിച്ചു നൽകിയിരുന്നു. ആകാശ് അംബാനിയെ ജിയോ ഇൻഫോകോമിന്റെ മേധാവിയായി നിയോഗിച്ചപ്പോൾ, ഇഷ അംബാനിക്ക് റിലയൻസ് റീടെയ്ലിന്റെ ചുമതലയാണ് നൽകിയത്.