ഡീകാർബണൈസേഷൻ ശ്രമങ്ങൾ സ്റ്റീൽ മേഖലയ്ക്ക് ഇൻസെന്റീവ് നൽകും
Sunday, April 27, 2025 12:04 AM IST
ന്യൂഡൽഹി: ഹരിതഗൃഹ വാതക ഉദ്ഗമനം കുറയ്ക്കുകയെന്ന ലക്ഷ്യത്തിനായി ഇന്ത്യൻ ഉരുക്കുമേഖലയിൽ ഇൻസെന്റീവുകൾ നൽകാൻ പദ്ധതിയിടുന്നതായി സ്റ്റീൽ സെക്രട്ടറി സന്ദീപ് പൗണ്ട്രിക്.
ഇന്ത്യയിൽ ഗ്രീൻ സ്റ്റീലിന്റെ ഉത്പാദനം വർധിപ്പിക്കുന്നതിനും പ്രദേശിക ഉരുക്കുനിർമാതാക്കളുടെ ഡീകാർബണൈസേഷൻ ശ്രമങ്ങൾക്ക് പ്രചോദനം നൽകുന്നതിനും നിരവധി സാന്പത്തിക സഹായ പരിപാടികൾ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചൈന കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ ഉരുക്ക് നിർമാതാക്കളാണ് ഇന്ത്യ. 2027 ആകുന്പോഴേക്കും സീറോ എമിഷൻ ലക്ഷ്യത്തിലേക്കുള്ള പാതയിലാണ് ഇന്ത്യ. പ്രധാന നിർമാണ വസ്തുക്കളുടെ സംഭരണവും ഉത്പാദനവും ഡീകാർബണൈസ് ചെയ്യുന്നതിനുള്ള ശ്രമത്തിൽ രാജ്യം ഗ്രീൻ സ്റ്റീൽ നയമാണ് പിന്തുടരുന്നത്.
സാമ്പത്തിക സഹായ പദ്ധതികൾക്ക് സർക്കാർ ഉടൻ തന്നെ അംഗീകാരം നൽകുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സൗഹൃദ ഉരുക്കു നിർമാണത്തിനും പുനരുപയോഗിക്കാവുന്ന ഊർജ ഉപയോഗത്തിനും വ്യവസായശാലകൾക്ക് സാന്പത്തിക സഹായങ്ങൾ നൽകുമെന്ന് സന്ദീപ് പൗണ്ട്രിക് കൂട്ടിച്ചേർത്തു.