ഓഹരിവിപണികൾ ഇടിഞ്ഞു
Saturday, April 26, 2025 1:42 AM IST
മുംബൈ: ആഭ്യന്തര ഓഹരിവിപണികളായ ബിഎസ്ഇ സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു.
13 മേഖലാ സൂചികകളിൽ 12 എണ്ണവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഫാർമ, മെറ്റൽ, ഓട്ടോ ഓഹരികൾ ഇടിവിന് നേതൃത്വം നൽകിയപ്പോൾ, ഐടി മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.
സെൻസെക്സ് 588.90 പോയിന്റ് (0.74%) നഷ്ടത്തിൽ 79,212.53ലും നിഫ്റ്റി 207.35 പോയിന്റ് (0.86%) ഇടിഞ്ഞ് 24,039.35ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. 682 ഓഹരികൾ മുന്നേറ്റം നടത്തിയപ്പോൾ 3138 ഓഹരികൾ നഷ്ടത്തിലായി. 115 എണ്ണത്തിൽ മാറ്റമില്ലാതെ നിന്നു.
ഇന്നലെ വിശാല മാർക്കറ്റുകളും ദുർബലമായി. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 2.55, 2.45 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ് 2.44 ശതമാനവും സ്മോൾകാപ് 2.56 ശതമാനവും തകർച്ച രേഖപ്പെടുത്തി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണി മൂല്യം 430 ലക്ഷം കോടിയിൽനിന്ന് 421 ലക്ഷം കോടി രൂപയിലേക്കു താഴ്്ന്നു.
മേഖലാ സൂചികകളിൽ നിഫ്റ്റി ഫാർമ, പിഎസ്യു ബാങ്ക്, എനർജി, ഓയിൽ & ഗ്യാസ്, റിയൽറ്റി, ഇൻഫ്ര, ഓട്ടോ എന്നിവ 1.5 മുതൽ 2 ശതമാനം വരെ ഇടിഞ്ഞു. ടിസിഎസ്, ഇൻഫോസിസ്, പെർസിസ്റ്റന്റ് സിസ്റ്റംസ്, കോഫോർജ് എന്നിവയുടെ മുന്നേറ്റത്തിൽ നിഫ്റ്റി ഐടി മാത്രമാണ് 0.72 ശതമാനം നേട്ടമുണ്ടാക്കിയത്.
കാഷ്മീരിലെ ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണവും അതിന്റെ ഭൗമരാഷ്ട്രീയ പ്രത്യാഘാതങ്ങളെയും ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വമാണ് വിപണികളിൽ ഉയർന്നുവരുന്ന ഒരു പ്രധാന അപകടസാധ്യത. കൂടാതെ ലോക ബാങ്ക് ഇന്ത്യയുടെ 2025-26 സാന്പത്തിക വർഷത്തെ വളർച്ച അനുമാനം മുന്പ് പ്രവചിച്ച 6.7 ശതമാനത്തിൽനിന്ന് 0.4 താഴ്ത്തി 6.3 ശതമാനമാക്കി പ്രവചിച്ചതും വിപണിയെ ബാധിച്ചു.
വിപണി നിലവിൽ പ്രതികൂല സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നാണ്് വിദഗ്ധർ പറയുന്നത്. എന്നാൽ, കഴിഞ്ഞ ആഴ്ചയിൽ 29,514 കോടി രൂപയോളം ഉയർന്ന വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്ഐഐ) നിക്ഷേപം വിപണിയെ ഉത്തേജിപ്പിച്ചിട്ടുണ്ട്.
യുഎസുമായി ഉഭയകക്ഷി വ്യാപാര കരാറിൽ ഏർപ്പെടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് നടത്തിയ പ്രസ്താവന മറ്റൊരു പ്രോത്സാഹജനകമായ സൂചനയാണ്.