"മാറ്റർ എയ്റ' ലോകത്തിലെ ആദ്യ ഇലക്ട്രിക് ഗിയർ ബൈക്ക്
Sunday, April 27, 2025 12:04 AM IST
ഓട്ടോസ്പോട്ട് / അരുൺ ടോം
ലോകത്തിലെതന്നെ ഗിയറുകളുള്ള ആദ്യത്തെ ഇലക്ട്രിക് ബൈക്ക് "എയ്റ' വിപണിയിലെത്തി. അഹമ്മദാബാദ് ആസ്ഥാനമായിട്ടുള്ള മാറ്റർ മോട്ടോഴ്സാണ് എയ്റയുടെ സ്രഷ്ടാക്കൾ. സാധാരണയായി ഇലക്ട്രിക് വാഹനങ്ങളിൽ ട്രാൻസ്മിഷൻ ഗിയർബോക്സ് കാണാറില്ല. ഇതിന് വിപരീതമായിയാണ് 4 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഗിയർബോക്സോടുകൂടി എയ്റ വരുന്നത്.
5000, 5000 പ്ലസ് എന്നീ രണ്ട് വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്. 1.83 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയിൽ എയ്റ ബുക്ക് ചെയ്യാം. പരിമിതകാല ഓഫർ എന്ന നിലയിൽ ആദ്യം ബുക്ക് ചെയ്യുന്ന 500 പേർക്ക് 1.79 ലക്ഷം രൂപയ്ക്ക് വാഹനം ലഭിക്കും. ഇതിൽ 15,000 രൂപ വിലമതിക്കുന്ന ലൈഫ് ടൈം ഫ്രീ ബാറ്ററി വാറന്റി ഉൾപ്പെടും.
സ്പോർട്ടി ലുക്കും ഡിസൈനുമുള്ള എയ്റയ്ക്ക് 5കിലോവാട്ട് ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് കരുത്ത് പകരുന്നത്. ഇതിനൊപ്പം ഒരു ഓണ്‍ബോർഡ് ചാർജറും നൽകിയിട്ടുണ്ട്. ഇതിൽ 5 ആന്പിയർ അനുയോജ്യമായ കേബിളും പ്ലഗ് ഇൻ ചാർജിംഗ് ആക്സസും ഉൾപ്പെടുന്നു. വാഹനം സാധാരണ ചാർജറിൽ അഞ്ചു മണിക്കൂറിനുള്ളിൽ 0 മുതൽ 80% വരെ ചാർജ് ആകും. അതേസമയം ഫാസ്റ്റ് ചാർജറിൽ 1.5 മണിക്കൂർ മാത്രമേ എടുക്കൂ.
ഒറ്റ ചാർജിൽ 172 കിലോമീറ്റർ സഞ്ചരിക്കാൻ ഈ ബൈക്കിന് കഴിയും. ഒരു കിലോമീറ്റർ സഞ്ചരിക്കാൻ 25 പൈസയെ ചെലവുള്ളൂവെന്നും പെട്രോൾ ബൈക്കുകളെ അപേക്ഷിച്ച് ഈ വാഹനം മൂലം മൂന്നു വർഷത്തിനുള്ളിൽ ഏകദേശം ഒരു ലക്ഷം രൂപ ലാഭിക്കാൻ കഴിയുമെന്ന് കന്പനി അവകാശപ്പെടുന്നു.
ഇൻബിൽറ്റ് ആക്ടീവ് കൂളിംഗ് സിസ്റ്റത്തിനൊപ്പം വ്യത്യസ്ത റൈഡിംഗ് മോഡുകളും വാഹനത്തിന് നൽകിയിട്ടുണ്ട്. ഇതിൽ ഇക്കോ, സിറ്റി, സ്പോർട് മോഡുകൾ ഉൾപ്പെടും. വെറും 2.8 സെക്കൻഡിൽ 40 കിലോമീറ്റർ വേഗത കൈവരിക്കാൻ എയ്റയ്ക്ക് സാധിക്കും.
നാവിഗേഷൻ, റൈഡ് ഡാറ്റ, കോളുകൾ, മ്യൂസിക് എന്നിവയ്ക്കായി 7 ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലേയുമുണ്ട്. റിയൽ ടൈം ബൈക്ക് ഡാറ്റ, റിമോട്ട് ലോക്ക്, ജിയോ-ഫെൻസിംഗ്, സർവീസ് അലേർട്ടുകൾ എന്നിവ കാണിക്കുന്ന മാറ്റർ വേഴ്സ് ആപ്പും ഇതിലുണ്ട്.
ഡ്യുവൽ ഡിസ്ക് ബ്രേക്കുകളും ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും സജ്ജീകരിച്ചിരിക്കുന്ന എയ്റയുടെ മുന്നിൽ ടെലിസ്കോപ്പിക് ഫോർക്ക് സസ്പെൻഷനും പിന്നിൽ ഡ്യുവൽ-റിയർ സസ്പെൻഷനുമുണ്ട്.
വില: 1.83 ലക്ഷം രൂപ
മൈലേജ്: 172 കിലോമീറ്റർ