ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഈ വർഷം തന്നെ
Thursday, October 3, 2024 12:55 AM IST
ന്യൂഡൽഹി: ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ട്രെയിനുകൾ ഇനി ഇന്ത്യയിലും ഓടിത്തുടങ്ങും. നിലവിൽ ജർമനി, ഫ്രാൻസ്, സ്വീഡൻ, ചൈന എന്നീ രാജ്യങ്ങളിൽ മാത്രമാണ് ഹൈഡ്രജൻ ട്രെയിനുകളുള്ളത്. നിലവിലുള്ള ഡെമു (ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) ട്രെയിനുകളിൽ ആവശ്യമായ പരിഷ്കരണം വരുത്തി ഹൈഡ്രജൻ ഫ്യുവൽ സെല്ലുകൾ കൂടി ഘടിപ്പിക്കുന്നതിന് പൈലറ്റ് പ്രോജക്ടിന് ഇന്ത്യൻ റെയിൽവേ അനുമതി നൽകി.
ഹൈഡ്രജൻ ഇന്ധനമായുള്ള ട്രെയിനിന്റെ ആദ്യ മാതൃക 2024 ഡിസംബറോടെ നോർത്തേണ് റെയിൽവേ സോണിന് കീഴിൽ ഹരിയാനയിലെ ജിന്ദ്-സോനിപത് സെക്ഷനിൽ ഓടിത്തുടങ്ങും. പ്രോട്ടോടൈപ്പ് ട്രെയിനിനെ സംയോജിപ്പിച്ച് തയാറാക്കുന്ന നടപടി ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്റിയിൽ നടക്കുന്നതായി മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേരിട്ടുള്ള ശ്രദ്ധ ഈ പരിസ്ഥിതി സൗഹൃദ പദ്ധതിക്കുണ്ടെന്നും അവർ അറിയിക്കുന്നു.
ഹൈഡ്രജൻ ഫോർ ഹെറിറ്റേജ് പദ്ധതി പ്രകാരമാണ് ഹൈഡ്രജൻ ട്രെയിനുകൾ റെയിൽവേ അവതരിപ്പിക്കുന്നത്. 35 ട്രെയിനുകൾ പുറത്തിറക്കും. എട്ട് പരന്പരാഗത റൂട്ടുകളിൽ ആറ് ചെയർകാറുകളുള്ള ട്രെയിനുകൾ ഓടിക്കാനാണ് തീരുമാനം. ഓരോ ട്രെയിനിനും 80 കോടി രൂപയും പരന്പരാഗത റൂട്ടുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 70 കോടി രൂപയും ചെലവഴിക്കും. ഈ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയാൽ, അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഇവ പ്രവർത്തനക്ഷമമാകുമെന്നും അധികൃതർ വ്യക്തമാക്കി. ആഗോളതലത്തിൽ കാർബൺ ബഹിർഗമനം കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയുടെ സുപ്രധാന സംഭാവനയാകും ഈ പദ്ധതി.