ബ്ലാസ്റ്റേഴ്സ് പൊട്ടി
Sunday, April 27, 2025 12:04 AM IST
ഭുവനേശ്വര്‍: 2024-25 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു മറ്റൊരു തിരിച്ചടി. സൂപ്പര്‍ കപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സിനോട് 2-1നു പരാജയപ്പെട്ടാണ് ബ്ലാസ്റ്റേഴ്സ് പുറത്തായത്. മോഹൻ ബഗാന്റെ യുവ സംഘം സെമിയിലേക്കു മുന്നേറി.
ഐഎസ്എല്‍ 2024-25 സീസണ് ലീഗ് വിന്നേഴ്സ് ഷീല്‍ഡ്, ചാമ്പ്യന്‍ഷിപ്പ് എന്നിങ്ങനെ ഇരട്ടക്കിരീടം സ്വന്തമാക്കിയ ടീമാണ് മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ്. എന്നാല്‍, ബ്ലാസ്റ്റേഴ്സിന് അങ്ങനെ ആശ്വസിക്കാന്‍ സാധിക്കില്ലെന്നതാണ് വാസ്തവം. കാരണം, മുന്‍നിര താരങ്ങള്‍ക്കും മഹാഭൂരിപക്ഷം വിദേശ കളിക്കാര്‍ക്കും വിശ്രമം നല്കി, സ്വദേശി താരങ്ങളെ അണിനിരത്തിയായിരുന്നു ബഗാന് ഇറങ്ങിയത്.
സഹലിന്റെ ഗോള്‍
കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍താരവും മലയാളിയുമായ സഹല്‍ അബ്ദുള്‍ സമദാണ് മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റിസിനായി ആദ്യഗോള്‍ സ്വന്തമാക്കിയത്. മത്സരത്തിന്റെ 22-ാം മിനിറ്റില്‍ ബോക്സിനുള്ളില്‍വച്ച് ലഭിച്ച പന്ത് മനോഹരമായ ഫിനിഷിംഗിലൂടെ സഹല്‍ വലയിലാക്കി.
ഒരു ഗോളിന്റെ ലീഡുമായി ആദ്യപകുതി അവസാനിപ്പിച്ച മോഹന്‍ ബഗാന് 51-ാം മിനിറ്റില്‍ രണ്ടാമതും കേരള ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കി. സുഹൈല്‍ അഹമ്മദ് ഭട്ടിന്റെ വകയായിരുന്നു ഗോള്‍. മുഹമ്മദ് ഐമനെ പിന്‍വലിച്ച് ഖ്വാമെ പെപ്രയെ ഇറക്കിയായിരുന്നു ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതി ആരംഭിച്ചത്.
എങ്കിലും ഗോള്‍ നേടാനായി ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടിവന്നു. 90+4-ാം മിനിറ്റില്‍ എം.എസ്. ശ്രീക്കുട്ടന്റെ വകയായിരുന്നു കൊച്ചി ടീമിന്റെ ആശ്വാസ ഗോള്‍.
ഈസ്റ്റ് ബംഗാളിന് എതിരായ പ്രീക്വാര്ട്ടറിനിടെ പരിക്കേറ്റ അഡ്രിയാന്‍ ലൂണ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്.