ചെപ്പോക്കില്‍ ചെന്നൈ പോക്കായി...
Sunday, April 27, 2025 12:04 AM IST
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ച ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. എം.എസ്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ അഞ്ച് തവണ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ ചാമ്പ്യന്‍പട്ടത്തില്‍ എത്തി.
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം ചാമ്പ്യന്മാരായതില് (അഞ്ച്) മുംബൈ ഇന്ത്യന്‍സിന് ഒപ്പം റിക്കാര്‍ഡ് പങ്കിടുന്ന ടീം. എന്നാല്‍, 2025 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ കാര്യം ദയനീയം. സ്വന്തം തട്ടകമായ ചെപ്പോക്ക് സ്റ്റേഡിയത്തില്വരെ സിഎസ്കെയ്ക്കു രക്ഷയില്ല എന്നതാണ് നിലവിലെ അവസ്ഥ.
അടുത്ത കാലത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. എം.എസ്. ധോണിക്കുശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മുഖം ആരെന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ ഒരു ഉത്തരം ഇല്ല. ക്യാപ്റ്റന്‍സിയില്‍ ഋതുരാജ് ഗെയ്ക്വാദ് എത്തിയെങ്കിലും ധോണിയുടെ സൂപ്പര്‍ താരപരിവേഷത്തിന് അടുത്തെങ്ങും ഋതുരാജ് എത്തില്ല. ചെന്നൈക്കൊപ്പം സൂപ്പര്‍ ടീം പരിവേഷമുള്ള മുംബൈ ഇന്ത്യസില് പിന്തുടര്ച്ചക്കാരുണ്ടെന്നതും ശ്രദ്ധേയം.
രോഹിത് ശര്‍മയ്ക്കു ശേഷം മുംബൈ ഇന്ത്യന്‍സിന്റെ മുഖമാകാന്‍ ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ എന്നിങ്ങനെ താരങ്ങളുണ്ട്. ഈ പ്രതിസന്ധികള്‍ക്ക് ഇടയിലാണ് 2025 ഐപിഎല്‍ സീസണില്‍ മുമ്പൊരിക്കലും ഇല്ലാത്ത തരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നാണക്കേടില്‍നിന്നു നാണക്കേടിലേക്കു വീഴുന്നത്.
ചെപ്പോക്കിലെ നാണക്കേട്
സ്വന്തം തട്ടകമായ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഈ സീസണില്‍ ഇതുവരെ നാലു വന്‍ നാണക്കേടാണ് ഉണ്ടായത്. ആദ്യത്തേത് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് 17 വര്‍ഷത്തിനുശേഷം ചെപ്പോക്കില്‍ പരാജയപ്പെട്ടു എന്നതാണ്. മാര്‍ച്ച് 28നു ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ ആര്‍സിബിക്കു മുന്നില്‍ 50 റണ്‍സിന് സിഎസ്കെ പരാജയപ്പെട്ടു. നീണ്ട 17 വർഷമായി ചെപ്പോക്കില്‍ ജയിക്കാന്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് സാധിച്ചിരുന്നില്ല.
ഏപ്രില്‍ അഞ്ചിനാണ് രണ്ടാം നാണക്കേട്. ചെപ്പോക്കില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോട് 25 റണ്‍സിനു തോറ്റു. ചെപ്പോക്കില്‍ ഡല്‍ഹി ജയിക്കുന്നത് നീണ്ട 15 വര്‍ഷത്തിനുശേഷം. ഏപ്രില്‍ 11നു മൂന്നാം നാണക്കേട്.
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ട് വിക്കറ്റ് തോല്‍വി. ചെപ്പോക്കില്‍ ചെന്നൈയെ കോല്‍ക്കത്ത കീഴടക്കുന്നത് രണ്ടു വര്‍ഷത്തിനുശേഷം. ഇതിനെല്ലാം പിന്നാലെ ഏപ്രില്‍ 25നു ചെപ്പോക്കില്‍ മറ്റൊരു തോല്‍വി, സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് അഞ്ച് വിക്കറ്റിന്.
സണ്‍റൈസേഴ്സ്, ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കീഴടക്കുന്നത് ചരിത്രത്തില്‍ ആദ്യം. മാത്രമല്ല, ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് തുടര്‍ച്ചയായി നാല് തോല്‍വി വഴങ്ങുന്നത് ഇതാദ്യം. ചെപ്പോക്കില്‍ ചെന്നൈയുടെ മാനം പോക്കായി എന്നു ചുരുക്കം...
ഏറ്റവും പിന്നില്‍
2025 സീസണ് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ കാര്യം ദയനീയമാണ്. ഒമ്പതു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏഴ് തോല്‍വി വഴങ്ങി. രണ്ടു ജയത്തില്നിന്നു ലഭിച്ച നാലു പോയിന്റ് മാത്രം അക്കൗണ്ടില്‍. നെറ്റ് റണ്‍ റേറ്റിലും ഏറ്റവും പിന്നില്‍.
-1.302 ആണ് സിഎസ്കെയുടെ നെറ്റ് റണ്‍ റേറ്റ്. ഒമ്പത് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൈനസ് ഒന്ന് നെറ്റ് റണ്‍ റേറ്റുള്ള മറ്റൊരു ടീം സണ്‍റൈസേഴ്സ് ഹൈദരാബാദ് ആണ് (-1.103). എന്നാല്‍, കഴിഞ്ഞദിവസം ചെന്നൈ സൂപ്പര്‍ കിംഗ്സിനെ അഞ്ച് വിക്കറ്റിനു കീഴടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയെന്നതും ശ്രദ്ധേയം...