പഞ്ചാബ് കിംഗ്സ് 16 റണ്‍സ് ജയം സ്വന്തമാക്കി
Wednesday, April 16, 2025 1:53 AM IST
മുള്ളന്‍പുര്‍ (പഞ്ചാബ്): അസാധ്യമെന്നു തോന്നിപ്പിച്ച ജയം കൈപ്പിടിയിലൊതുക്കി, ചരിത്രം കീഴ്മേല്‍മറിച്ച് പഞ്ചാബ് കിംഗ്സിന്റെ രാജകീയ സംഘനൃത്തം. ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ വെറും 111 റണ്‍സ് പ്രതിരോധിച്ച് പഞ്ചാബ് കിംഗ്സ് 16 റണ്‍സ് ജയം സ്വന്തമാക്കി.
നിലവിലെ ചാമ്പ്യന്മാരായാ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് ശ്രേയസ് അയ്യറിന്റെ പഞ്ചാബ് കിംഗ്സ് നിഷ്പ്രഭമാക്കിയത്. സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ മിന്നും ബൗളിംഗായിരുന്നു (4/28) പഞ്ചാബിനു ജയമൊരുക്കിയത്. ഒപ്പം മാര്‍ക്കോ യാന്‍സണും (3/17), ഗ്ലെന്‍ മാക്സ്വെല്ലും (1/5) കട്ടയ്ക്കുനിന്നപ്പോള് പഞ്ചാബ് ചരിത്രജയം സ്വന്തമാക്കി.
ചരിത്രം കീഴ്മേല്‍ മറിഞ്ഞു
ഐപിഎല്ലില്‍ ഏറ്റവും ചെറിയ സ്കോര്‍ പ്രതിരോധിച്ചു ജയം നേടുക എന്ന ചരിത്രമാണ് പഞ്ചാബ് കിംഗ്സ് സ്വന്തം തട്ടകത്തില്‍ ഇന്നലെ കുറിച്ചത്. 17 പന്തില്‍ 17 റണ്‍സ് എടുത്ത കെകെആര്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ വിക്കറ്റിനു മുന്നില്‍ കുടുക്കി ചഹലാണ് പഞ്ചാബിനെ കളിയിലേക്കു തിരിച്ചു കൊണ്ടുവന്നത്. 7.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എന്ന ശക്തമായ നിലയില്‍ ആയിരിക്കുമ്പോഴായിരുന്നു രഹാനെയെ കെകെആറിനു നഷ്ടപ്പെട്ടത്.
നിലയുറപ്പിച്ച രഘുവംശിയെയും (28 പന്തില്‍ 37) തൊട്ടുപിന്നാലെ റിങ്കു സിംഗ് (2), രമന്ദീപ് സിംഗ് (0) എന്നിവരെയും മടക്കി അയച്ച് ചഹല്‍ പഞ്ചാബിന്റെ കിംഗ് ആയി. ചഹലാണ് പ്ലെയർ ഓഫ് ദ മാച്ച്.
ആന്ദ്രേ റസൽ (17), സുനിൽ നരെയ്ൻ (5), ഹർഷിത് (3) എന്നിവരുടെ വിക്കറ്റുകൾ മാർക്കോ യാൻസൺ സ്വന്തമാക്കി.
പവര്‍ പ്ലേ
പവര്‍ പ്ലേയില്‍ പവര്‍ഫുള്‍ ബൗളിംഗുമായി കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തിളങ്ങിയപ്പോള്‍ പഞ്ചാബ് കിംഗ്സിനു മറുപടിയില്ലാതായി. പ്രിയാന്‍ഷ് ആര്യ (12 പന്തില്‍ 22), പ്രഭ്സിമ്രന് സിംഗ് (15 പന്തില്‍ 30), ശ്രേയസ് അയ്യര്‍ (രണ്ടു പന്തില്‍ പൂജ്യം) എന്നിവരുടെ വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷിത് റാണയാണ് പഞ്ചാബ് കിംഗ്സിനെ തകര്‍ച്ചയിലേക്കു തള്ളിവിട്ടത്.
ആര്യ, ശ്രേയ്സ് അയ്യര്‍ എന്നിവരെ നാലാം ഓവറില്‍ ഹര്‍ഷിത് പുറത്താക്കി. അഞ്ചാം ഓവറില്‍ ജോഷ് ഇംഗ്ലിഷിനെ (ആറു പന്തില്‍ രണ്ട്) വരുണ്‍ ചക്രവര്‍ത്തി മടക്കി അയച്ചു. പവര്‍ പ്ലേ ഓവര്‍ അവസാനിച്ചപ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 54 എന്ന നിലയിലായി പഞ്ചാബ്. 3.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 39 എന്ന ശക്തമായ അവസ്ഥയില്നിന്നായിരുന്നു പഞ്ചാബ് കിംഗ്സിന്റെ തകര്‍ച്ച.
ഗ്ലെന്‍ മാക്സ്വെല്ലിനെ (10 പന്തില്‍ ഏഴ്) ഐപിഎല്‍ ചരിത്രത്തില്‍ നാലാം തവണയും വരുണ്‍ ചക്രവര്‍ത്തി മടക്കി. തുടര്‍ന്ന് സൂര്യാന്‍ഷ് ഷെഡ്ജ് (4), മാര്‍ക്കോ യാന്സണ് (1) എന്നിവരെ സുനില്‍ നരെയ്ന് മടക്കി. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏതെങ്കിലും ഒരു ടീമിനെതിരേ ഏറ്റവും കൂടുതല്‍ വിക്കറ്റ് (36) എന്ന റിക്കാര്‍ഡും നരെയ്നു സ്വന്തം.