കേരളത്തിനു വെള്ളി, വെങ്കലം
Wednesday, April 16, 2025 1:53 AM IST
ചെന്നൈ: ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യന്‍ ഓപ്പണ്‍ അത്ലറ്റിക്സ് മീറ്റില്‍ കേരളത്തിനു വെള്ളിയും വെങ്കലവും.
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിനായി ആര്. അനു വെള്ളി സ്വന്തമാക്കി. 57.52 സെക്കന്‍ഡില്‍ ആയിരുന്നു അനു ഫിനിഷിംഗ് ലൈന്‍ കടന്നത്. തമിഴ്നാടിന്റെ ആര്. വിദ്യ രാംരാജിനാണ് (56.90) സ്വര്‍ണം. തമിഴ്നാടിന്റെ ആര്. അശ്വിനി (1:01.27) വെങ്കലം സ്വന്തമാക്കി.
വനിതകളുടെ 800 മീറ്ററില്‍ കേരളത്തിനായി പ്രിസ്കില്ല ഡാനിയേല്‍ വെങ്കലമണിഞ്ഞു. 2:11.79 സെക്കന്‍ഡില്‍ പ്രിസ്കില്ല ഫിനിഷ് ചെയ്തു. പഞ്ചാബിന്റെ ട്വിങ്കിള്‍ ചൗധരി (2:09.39) സ്വര്‍ണവും തമിഴ്നാടിന്റെ എം. അന്സ്ലിന് (2:11.56) വെള്ളിയും സ്വന്തമാക്കി.
റെയില്‍വേസിനുവേണ്ടി ഇറങ്ങിയ മലയാളി താരം മരിയ ജയ്സണ്‍ വനിതാ പോള്‍വോള്‍ട്ടില്‍ വെങ്കലം നേടി. 3.80 മീറ്ററാണ് മരിയ ക്ലിയര്‍ ചെയ്തത്. തമിഴ്നാട് താരങ്ങളായ ബറാനിക്ക ഇളങ്കോവന് (3.90), പവിത്ര വെങ്കിടേഷ് (3.80) എന്നിവര്‍ യഥാക്രമം സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി.