മുഹമ്മദ് ജസിൽ നേടിയത് ഇടിവെട്ട് സ്വർണം
Sunday, February 2, 2025 12:09 AM IST
ഡെറാഡൂൺ: അച്ഛൻ പഠിപ്പിച്ച മാർഷൽ ആർട്സിലെ അടവുകളും തടവുകളും അണുവിട തെറ്റാതെ പ്രയോഗിച്ച് വുഷു തൗലോയിൽ കേരളത്തിന്റെ മുഹമ്മദ് ജസിൽ നേടിയത് ഇടിവെട്ട് സ്വർണം.
മെൻസ് നങ്കുൻ വിഭാഗത്തിലാണ് ജസിൽ മത്സരിച്ചത്. പങ്കെടുത്ത ആദ്യ ദേശീയ ഗെയിംസിൽത്തന്നെ സ്വർണം നേടാനായതിൽ സന്തോഷത്തിലാണ് മലപ്പുറം ചെറുകര സ്വദേശിയായ മുഹമ്മദ് ജസിൽ.
8.35 സ്കോർ നേടിയാണ് ജസിലിന്റെ സ്വർണ നേട്ടം. അച്ഛൻ മുഹമ്മദ് അലിയുടെ മാർഷൽ ആർട്സ് പഠനകേന്ദ്രമായ മലപ്പുറത്തെ ഐഎസ്കെ അക്കാഡമിയിൽ അഞ്ചാം ക്ലാസ് മുതൽ പരിശീലനം നടത്തുകയാണ് ജസിൽ.
ഇക്കാലത്തിനിടെ ഒന്പതു ദേശീയ ഇവന്റുകളിൽ പങ്കെടുത്തു. ഒന്പതു സ്വർണവും രണ്ടു വെള്ളിയും നാലു വെങ്കലവുമടക്കം ഒരു ഡസനിലേറെ മെഡലുകൾ വാരിക്കൂട്ടി. അച്ഛൻ മുഹമ്മദ് അലിതന്നെയാണ് ജസിലിന്റെ കോച്ചും.
ഉത്തരാഖണ്ഡിലെ തണുത്ത കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ രണ്ടാഴ്ചമുന്നേ ഇവിടെയെത്തി പരിശീലനം നടത്തിയതാണ് തനിക്ക് സ്വർണം ലഭിക്കാൻ സഹായകമായതെന്ന് ജസിൽ പറഞ്ഞു. ഗെയിംസ് ആരംഭിക്കുന്നതിന് മുന്നേ സ്വന്തം ചെലവിൽ എത്തിയ വുഷു താരങ്ങൾക്ക് മഞ്ഞും തണുപ്പുമുള്ള കാലാവസ്ഥ ആദ്യം ബുദ്ധിമുട്ടായിരുന്നു.
ചരിത്ര സ്വർണം
ദേശീയ ഗെയിംസിൽ വുഷുവിൽ കേരളം നേടുന്ന ആദ്യം സ്വർണമാണിത്. ഗോവ ദേശീയ ഗെയിംസിൽ രണ്ടു വെങ്കലം ലഭിച്ചിരുന്നു. 2015ൽ കേരളം ആതിഥ്യം വഹിച്ച ദേശീയ ഗെയിംസിലും വെങ്കലം നേടി. ഒന്പതു താരങ്ങളും നാല് ഒഫീഷൽസും അടങ്ങുന്നതായിരുന്നു ഇത്തവണത്തെ കേരള സംഘം.