ഇംഗ്ലീഷ് ജയം
Wednesday, January 29, 2025 12:36 AM IST
രാജ്കോട്ട്: ഇന്ത്യക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിനു ജയം. 26 റൺസിനാണ് ഇംഗ്ലണ്ട് വെന്നിക്കൊടി പാറിച്ചത്. ഈ ജയത്തോടെ അഞ്ചു മത്സര പരമ്പര ഇംഗ്ലണ്ട് സജീവമായി നിലനിർത്തി. നിലവിൽ ഇന്ത്യ 2-1നു പരമ്പരയിൽ ലീഡ് ചെയ്യുന്നു. സ്കോർ: ഇംഗ്ലണ്ട് 20 ഓവറിൽ 171/9. ഇന്ത്യ 20 ഓവറിൽ 146/9.
ഹാർദിക് പാണ്ഡ്യയാണ് (35 പന്തിൽ 40) ഇന്ത്യയുടെ ടോപ് സ്കോറർ. സഞ്ജു സാംസൺ (3) നിരാശപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഇംഗ്ലണ്ടിന് രണ്ടാം ഓവറിൽ വിക്കറ്റ് നഷ്ടപ്പെട്ടു. ഫിൽ സാൾട്ടിനെ (5) ഹാർദിക് പാണ്ഡ്യ പുറത്താക്കി. എന്നാൽ, ബെൻ ഡക്കറ്റിന്റെ (28 പന്തിൽ 51) കടന്നാക്രമണത്തിൽ ഇംഗ്ലണ്ട് മുന്നേറി.
ജോസ് ബട്ലർ (22 പന്തിൽ 24) ഡക്കറ്റ് കൂട്ടുകെട്ട് ഒന്‍പത് ഓവറിൽ 83 റണ്‍സ് ആയശേഷമാണ് പിരിഞ്ഞത്. പിന്നീട് ലിയാം ലിവിംഗ്സ്റ്റണിനു മാത്രമേ (24 പന്തിൽ 43) ഇംഗ്ലീഷ് ഇന്നിംഗ്സിൽ തിളങ്ങാൻ സാധിച്ചുള്ളൂ. അഞ്ചു സിക്സും ഒരു ഫോറും അടങ്ങുന്നതായിരുന്നു ലിവിംഗ്സ്റ്റണിന്റെ ഇന്നിംഗ്സ്.
മുഹമ്മദ് ഷമിക്ക് പ്രഹരം
2023 ഏകദിന ലോകകപ്പിനുശേഷം ആദ്യമായി ഇന്ത്യൻ ജഴ്സിയിൽ ഇറങ്ങിയ പേസർ മുഹമ്മദ് ഷമിക്കു തിളങ്ങാൻ സാധിച്ചില്ല. മൂന്ന് ഓവറിൽ 25 റണ്‍സ് ഷമി വഴങ്ങി. വിക്കറ്റ് വീഴ്ത്താനുമായില്ല. ഇന്ത്യക്കായി വരുണ്‍ ചക്രവർത്തി 24 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി.