സ്മൃതി, ബുംറ താരങ്ങൾ
Tuesday, January 28, 2025 1:32 AM IST
ദുബായ്: ഐസിസി 2024 ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം സ്വന്തമാക്കി ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുംറയും സ്മൃതി മന്ദാനയും.
ഐസിസി വനിതാ ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ 2024 പുരസ്കാരമാണ് സ്മൃതി സ്വന്തമാക്കിയത്. സ്മൃതിയുടെ നാലാമത് ഐസിസി പുരസ്കാരമാണ്. 2018ലും വനിതാ ഏകദിന ക്രിക്കറ്റർ പുരസ്കാരം സ്മൃതിക്കു ലഭിച്ചിരുന്നു.
2018, 2021 വർഷങ്ങളിൽ വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരവും ഇന്ത്യൻ താരത്തിനു ലഭിച്ചു.
2024ൽ 13 ഏകദിന ഇന്നിംഗ്സിൽനിന്ന് 747 റണ്‍സ് സ്മൃതി നേടി. 57.86 ആയിരുന്നു ശരാശരി, സ്ട്രൈക്ക് റേറ്റ് 95.15ഉം. 2024ൽ നാല് സെഞ്ചുറിയും സ്മൃതി നേടിയിരുന്നു. ജൂലൻ ഗോസ്വാമിക്കുശേഷം (2007) ഐസിസി പുരസ്കാരം നേടുന്ന ഏക ഇന്ത്യക്കാരിയാണ് സ്മൃതി.
ബുംറ ആദ്യ ഏഷ്യൻ താരം
ഐസിസി പുരുഷ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ 2024 പുരസ്കാരമാണ് ജസ്പ്രീത് ബുംറ സ്വന്തമാക്കിയത്. ടെസ്റ്റ് പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ പേസർ, ആദ്യ ഏഷ്യൻ പേസർ നേട്ടങ്ങളിലും ബുംറ എത്തി.
ഈ നേട്ടത്തിലെത്തുന്ന നാലാമതു പേസറാണ് ബുംറ. ഡെയ്ൽ സ്റ്റെയിൻ, മിച്ചൽ ജോണ്സണ്, പാറ്റ് കമ്മിൻസ് എന്നിവരാണ് മുന്‍പ് ടെസ്റ്റ് പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം നേടിയ പേസ് ബൗളർമാർ.
2024 കലണ്ടർ വർഷത്തിൽ ബുംറ 71 വിക്കറ്റ് സ്വന്തമാക്കിയിരുന്നു. 14.92 ആയിരുന്നു ശരാശരി. സ്ട്രൈക്ക് റേറ്റ് 30.1 ഉം.
പുരുഷ ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ 2024 പുരസ്കാരം അഫ്ഗാനിസ്ഥാന്റെ അസ്മത്തുള്ള ഒമർസായിക്കാണ്. 2024ൽ 417 റണ്‍സും 17 വിക്കറ്റും ഒമർസായ് നേടി.