കേരള സ്കൂൾ കായിക മേള: അത്ലറ്റിക്സ് ഇന്നു മുതൽ മഹാരാജാസ് സിന്തറ്റിക് ട്രാക്കിലും ഫീൽഡിലും
Thursday, November 7, 2024 12:20 AM IST
കൊച്ചി: പാലക്കാടന്‍ കുതിപ്പിനെ പിടിച്ചു നിര്‍ത്താന്‍ മലപ്പുറത്തിനു കഴിയുമോ ?അത്ലറ്റിക്സിലെ ചാമ്പ്യൻപട്ടം നിലനിര്‍ത്താനായി പാലക്കാടും അട്ടിമറി നടത്താനായി മലപ്പുറവും രംഗത്തിറങ്ങുമ്പോള്‍ സ്കൂള്‍ കായികമേളയിലെ അത്ലറ്റിക്സ് മത്സരങ്ങളുടെ വീറും വാശിയുമേറും.
മൂന്നാം സ്ഥാനക്കാരായ കോഴിക്കോടും വര്‍ഷങ്ങളോളം സ്കൂള്‍ കായികമേളയിലെ ആധിപത്യം കാത്തു സൂക്ഷിച്ച എറണാകുളവും പഴയ പ്രതാപത്തിനായി കൊച്ചിയിൽ ലാൻഡ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം കുന്നംകുളത്ത് അരങ്ങേറിയ സ്കൂള്‍ മീറ്റില്‍ ശക്തമായ മുന്നേറ്റം നടത്തിയാണ് പാലക്കാട് കിരീടത്തില്‍ മുത്തമിട്ടത്. ട്രാക്ക് ഇനങ്ങളിലും ഫീല്‍ഡ് ഇനങ്ങളിലും പാലക്കാട് ആധിപത്യം പുലർത്തി.
28 സ്വര്‍ണവും 27 വെള്ളിയും 12 വെങ്കലവും ഉള്‍പ്പെടെ 266 പോയിന്റുമായാണ് പാലക്കാട് കിരീടം കൈക്കലാക്കിയത്. റണ്ണേഴ്സ് അപ്പായ മലപ്പുറം 13 സ്വര്‍ണവും 22 വെള്ളിയും 20 വെങ്കലവുമായി 168 പോയിന്റ് നേടിയപ്പോള്‍ മൂന്നാം സ്ഥാനത്തെത്തിയ കോഴിക്കോടിന്റെ സമ്പാദ്യം 10 സ്വര്‍ണവും ഏഴു വെള്ളിയും 12 വെങ്കലവും ഉള്‍പ്പെടെ 95 പോയിന്റായിരുന്നു.
ഏറെ നാളുകള്‍ക്കുശേഷം സ്കൂള്‍ അത്ലറ്റിക്സില് കാലിടറിയ എറണാകുളത്തിന് 12 സ്വര്‍ണവും ഏഴു വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ 88 പോയിന്റ് സ്വന്തമാക്കാനേ സാധിച്ചുള്ളൂ. അട്ടിമറി നടത്തുമെന്ന ആത്മവിശ്വാസത്തിലാണ് മുന്‍ചാമ്പ്യന്‍ ജില്ലകൾ.
കടകശേരി കസറുമോ
കഴിഞ്ഞ കേരള കായിക മേളയില്‍ മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ട മലപ്പുറം കടകശേരി ഐഡിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഇക്കുറിയും ആധിപത്യം തുടരുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കോതമംഗലം മാര്‍ ബേസിലുമായി ഒപ്പത്തിനൊപ്പംനിന്ന്, ഒടുവില്‍ 11 പോയിന്റ് വ്യത്യാസത്തിലാണ് ഐഡിയല്‍ കിരീടം സ്വന്തമാക്കിയത്.
അഞ്ചു സ്വര്‍ണവും ഏഴു വെള്ളിയും 11 വെങ്കലവും ഉള്‍പ്പെടെ ഐഡിയലിന്റെ താരങ്ങള്‍ 57 പോയിന്റ് നേടിയപ്പോള്‍ കോതമംഗലം മാര്‍ ബേസിൽ ഏഴു സ്വര്‍ണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ 46 പോയിന്റാണ് നേടിയത്. മൂന്നാം സ്ഥാനത്തെത്തിയ പാലക്കാട് കല്ലടി എച്ച്എസ് കുമരംപുത്തൂരിനു നേടാനായത് ആറു സ്വര്‍ണവും നാലു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ 43 പോയിന്റ്.
കടകശേരി ഇക്കുറി കൊച്ചിയിലേക്കു വണ്ടി കയറിയത് 40 അംഗ സംഘവുമായാണ്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരെന്ന നിലയില്‍ കിരീടത്തില്‍ കുറഞ്ഞ ഒരു ചിന്തയും ഐഡിയലിനു മുന്നിലില്ല. മാര്‍ ബേസില്‍ കോതമംഗലം 37 താരങ്ങളെ പോരാട്ടത്തിന് സജ്ജമാക്കിയപ്പോള്‍ പറളി 25 പേരുമായാണ് കൊച്ചിയിലെത്തിയിരിക്കുന്നത്.