പൊന്നിൽക്കുളിച്ച് തിരുവനന്തപുരം കുതിക്കുന്നു
Wednesday, November 6, 2024 1:22 AM IST
തോമസ് വർഗീസ്
കൊച്ചി: നീന്തൽക്കുളത്തിൽ റിക്കാർഡുകളുടെ കുതിപ്പോടെയും ഗെയിംസ് ഇനങ്ങളിൽ ശക്തമായ ആധിപത്യം സ്ഥാപിച്ചും സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരത്തിന്റെ പൊന്നിൻ വിളയാട്ടം.
ഗെയിംസിൽ വിവിധ കാറ്റഗറികളിലായി 266 മത്സര ഇനങ്ങൾ പൂർത്തിയായപ്പോൾ തലസ്ഥാനജില്ല 77 സ്വർണവും 60 വെള്ളിയും 63 വെങ്കലവും ഉൾപ്പെടെ 668 പോയിന്റുമായി ബഹുദൂരം മുന്നിലാണ്.
36 സ്വർണവും 24 വെള്ളിയും 39 വെങ്കലനേട്ടവുമായി 343 പോയിന്റു നേടിയ തൃശൂർ രണ്ടാം സ്ഥാനത്തുള്ളപ്പോൾ കണ്ണൂർ ജില്ല 37 സ്വർണവും 26 വെള്ളിയും 38 വെങ്കലുമായി 324 പോയിന്റുമായി മൂന്നാമതുണ്ട്.
സ്കൂളിലും തേരോട്ടം
ഗെയിംസ് മത്സരങ്ങളിൽ സ്കൂളുകളിലും തിരുവനന്തപുരത്തിന്റെ സന്പൂർണ ആധിപത്യമാണ്. ബെസ്റ്റ് സ്കൂൾ പട്ടികയിൽ 73 പോയിന്റുമായി തിരുവനന്തപുരം സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ഒന്നാമതുള്ളപ്പോൾ 52 പോയിന്റ് നേടിയ വട്ടിയൂർക്കാവ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ രണ്ടാമതും കോട്ടണ്‍ഹിൽ ഗവണ്മെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ 43 പോയിന്റുമായി പട്ടികയിൽ മൂന്നാമതും നിൽക്കുന്നു.
നീന്തിത്തുടിച്ച് റിക്കാർഡുമായി
കോതമംഗലം എംഎ കോളജിലെ നീന്തൽക്കുളത്തിൽ തിരുവനന്തപുരത്തിന്റെ സന്പൂർണ ആധിപത്യത്തിനാണ് മേളയുടെ രണ്ടാം ദിനം സാക്ഷ്യം വഹിച്ചത്. റിക്കാർഡുകൾ ഭേദിച്ചാണ് തിരുവനന്തപുരത്തിന്റെ താരങ്ങൾ നീന്തിക്കയറിയത്. 18 മത്സര ഇനങ്ങൾ പൂർത്തിയായപ്പോൾ പിറന്നത് ഏഴ് മീറ്റ് റിക്കാർഡുകൾ, ഇതിൽ ആറും തിരുവനന്തപുരത്തിന്റെ താരങ്ങൾക്ക്.
സബ് ജൂണിയർ പെണ്‍കുട്ടികളുടെ 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ തിരുവനന്തപുരം വെഞ്ഞാറന്മൂട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ആർ.ബി. ഭാഗ്യകൃഷ്ണ മൂന്നു മിനിറ്റ് 12.14 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ ഇന്നലെ ആദ്യ റിക്കാർഡ് തിരുവനന്തപുരം സ്വന്തമാക്കി. 2001ൽ എം. മിനി സ്ഥാപിച്ച (3:12.36) സമയം ഇതോടെ പഴങ്കഥ. ജൂണിയർ ആണ്‍കുട്ടികളുടെ 400 മീറ്റർ ഫ്രീ സ്റ്റൈലിൽ തിരുവനന്തപുരം എംവിഎച്ച്എസ്എസ് തുണ്ടത്തിലിലെ മോൻഗം തീർഥ (4:16.25),
ഈ വിഭാഗത്തിൽ 50 മീറ്റർ ബട്ടർഫ്ളൈയിൽ ആദിദേവ് പി. പ്രദീപ്(27.50), ജൂണിയർ പെണ്‍കുട്ടികളുടെ 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ നാഡാകുദിതി പവാനി (2: 59.75) എന്നിവർ റിക്കാർഡിട്ടപ്പോൾ എംവിഎച്ച്എസ്എസ് തുണ്ടത്തിലിന്റെ താരങ്ങളുടെ വിജയത്തിനു മാറ്റേറി.
50 മീറ്റർ ബട്ടർഫ്ളൈ സ്ട്രോക്കിൽ വിദ്യാ ലക്ഷ്മി കഴിഞ്ഞ വർഷം താൻ തന്നെ സ്ഥാപിച്ച 31.72 എന്ന റിക്കാർഡ് 31.40 സെക്കൻഡ് എന്ന് ഇക്കുറി തിരുത്തി. വെഞ്ഞാറന്മൂട് സർക്കാർ സ്കൂൾ വിദ്യാർഥിനിയാണ് ഈ റിക്കാർഡുകാരി.
സീനിയർ ആണ്‍കുട്ടികളുടെ 100 മീറ്റർ ബാക് സ്ട്രോക്കിൽ തിരുവനന്തപുരം തുണ്ടത്തിൽ എംവിഎച്ച്എസ്എസിലെ എസ്. അഭിനവ് ഒരു മിനിറ്റ് 2.12 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ സ്വന്തം പേരിൽ റിക്കാർഡും കുറിച്ചു.
ഇന്നലെ പിറന്ന ഏഴാമത്തെ റിക്കാർഡ് ജൂണിയർ പെണ്‍കുട്ടികളുടെ 100 മീറ്റർ ബാക് സ്ട്രോക്കിൽ കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കെ. ദേവിക സ്വന്തമാക്കി. ഒരുമിനിറ്റ് 15.16 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ദേവിക റിക്കാർഡിന് ഉടമയായത്.