തലേംകുത്തി താഴെ...
Monday, November 4, 2024 1:04 AM IST
മുംബൈ: ന്യൂസിലൻഡിന് എതിരായ മൂന്നു മത്സര പരന്പര 3-0നു പരാജയപ്പെട്ടതോടെ ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ് 2023-25 സീസണ് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനത്തുനിന്ന് ടീം ഇന്ത്യ തലേംകുത്തി താഴെ. മൂന്നും പരാജയപ്പെട്ട ഇന്ത്യ 58.33 പോയിന്റ് ശതമാനവുമായി രണ്ടാം സ്ഥാനത്തേക്കിറങ്ങി.
62.50 പോയിന്റു ശതമാനമുള്ള ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തെത്തി. 55.56 പോയിന്റ് ശതമാനവുമായി ശ്രീലങ്കയാണ് മൂന്നാം സ്ഥാനത്ത്. ടേബിളിൽ ആദ്യ രണ്ടു സ്ഥാനത്തെത്തുന്ന ടീമുകളാണ് ലോക ടെസ്റ്റ് ചാന്പ്യൻഷിപ് ഫൈനലിൽ കൊന്പുകോർക്കുക.
ന്യൂസിലൻഡിന് എതിരായ പരന്പരയ്ക്കു മുന്പ് 74 ശതമാനത്തിലധികം പോയിന്റ് ഇന്ത്യക്കുണ്ടായിരുന്നു. അവിടെനിന്നാണ് നിലവിൽ 58.33ലേക്കു പതിച്ചിരിക്കുന്നത്. 54.44 പോയിന്റ് ശതമാനവുമായി ന്യൂസിലൻഡ് നാലാം സ്ഥാനത്തേക്കുയർന്നു.
ഇന്ത്യയുടെ ഫൈനൽ സാധ്യത
കിവീസിനോടു 3-0നു പരാജയപ്പെട്ട ഇന്ത്യ അടുത്തതായി ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചു മത്സര ടെസ്റ്റ് പരന്പര കളിക്കും. ഓസ്ട്രേലിയയ്ക്കെതിരേ നാലു ടെസ്റ്റിൽ ജയിച്ചാൽ മാത്രമേ, മറ്റു ടീമുകളുടെ മത്സരഫലം ആശ്രയിക്കാതെ ലോക ടെസ്റ്റ് ചാന്പ്യൻഷിപ് 2023-25 സീസണ് ഫൈനലിൽ ഇന്ത്യക്കു കളിക്കാൻ സാധിക്കൂ.
ന്യൂസിലൻഡിനെതിരേ സ്വന്തം നാട്ടിൽ 3-0നു തോറ്റ ഇന്ത്യ, ഓസ്ട്രേലിയയിൽ അവർക്കെതിരേ നാലു മത്സരത്തിൽ ജയിക്കണമെങ്കിൽ അദ്ഭുതം സംഭവിക്കണം.