മഴ കളിച്ചു; ഹാൻഡ് ബോൾ വൈകി
Wednesday, November 6, 2024 1:22 AM IST
കോലഞ്ചേരി: അപ്രതീക്ഷിതമായെത്തിയ മഴ വില്ലനായപ്പോൾ ഹാൻഡ് ബോൾ മത്സരം വൈകിയത് രണ്ടര മണിക്കൂർ. കേരള സ്കൂൾ കായികമേളയുടെ വേദികളിലൊന്നായ പുത്തൻകുരിശ് എംജിഎം സ്കൂളിലാണു മഴ മൂലം മത്സരം വൈകിയത്. സ്കൂളിനു മുന്നിൽ പുതുതായി നിർമിച്ച ഗ്രൗണ്ടിൽ രണ്ടു കോർട്ടുകളിലായാണു ഹാൻഡ് ബോൾ മത്സരം സംഘടിപ്പിച്ചത്.
ഉച്ചയ്ക്ക് 12.30ന് മഴ പെയ്തതോടെ കളി താത്കാലികമായി നിർത്തിവയ്ക്കേണ്ടിവന്നു. മഴവെള്ളം കോർട്ടിൽനിന്ന് ഒഴുകിപ്പോകാത്തത് ബുദ്ധിമുട്ടുണ്ടാക്കി. വോളണ്ടിയർമാരായ കുട്ടികളടക്കമുള്ളവരുടെ ശ്രമഫലമായി ഉച്ചകഴിഞ്ഞ് മൂന്നോടെ കളി പുനരാരംഭിച്ചു. ചാക്കുകൾ ഉപയോഗിച്ച് ഗ്രൗണ്ടിലെ വെള്ളം ഒപ്പിപ്പിഴിഞ്ഞു കളഞ്ഞാണ് മത്സരം സാധ്യമാക്കിയത്.