‘തല’സ്ഥാനീയർ
Thursday, November 7, 2024 12:20 AM IST
കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഗെയിംസ് ഇനങ്ങളില്‍ തിരുവനന്തപുരത്തിന്റെ സര്‍വാധിപത്യം. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് തിരുവനന്തപുരം ഗെയിംസ് ഇനങ്ങളില്‍ കുതിപ്പ് നടത്തുന്നത്.
ഗെയിംസില്‍ വിവിധ കാറ്റഗറികളിലായി ആകെയുള്ള 529 മത്സര ഇനങ്ങളില്‍ 321 എണ്ണം പൂര്‍ത്തിയായപ്പോള്‍ 89 സ്വര്‍ണവും 71 വെള്ളിയും 74 വെങ്കലവുമുള്‍പ്പെടെ 813 പോയിന്റുമായാണ് തലസ്ഥാന ജില്ലയുടെ അശ്വമേധം. രണ്ടാം സ്ഥാനത്തെത്തിയ കണ്ണൂരിന് 47 സ്വര്‍ണവും 35 വെള്ളിയും 49 വെങ്കലവും ഉള്‍പ്പെടെ 448 പോയിന്റുണ്ട്.
മികച്ച സ്കൂളുകളുടെ പട്ടികയുടെ തലപ്പത്തും തിരുവനന്തപുരം സ്കൂളുകളാണ്. 78 പോയിന്റോടെ സെന്റ് ജോസഫ്സ് എച്ച്എസ്എസാണ് ഒന്നാമത്. വട്ടിയൂര്‍ക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂൾ (52) രണ്ടാമതുണ്ട്.
അക്വാട്ടിക്സിലും ആധിപത്യം
കോതമംഗലം എംഎ കോളജ് നീന്തല്‍ക്കുളത്തില്‍നിന്നു സുവര്‍ണ നേട്ടങ്ങളുമായാണ് തിരുവനന്തപുരത്തിന്റെ താരങ്ങള്‍ മടങ്ങിയത്. 26 സ്വര്‍ണവും 20 വെള്ളിയും 24 വെങ്കലവും ഉള്‍പ്പെടെ 214 പോയിന്റുമായി തിരുവനന്തപുരം ഒന്നാം സ്ഥാനത്തുണ്ട്.
രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിന്റെ സമ്പാദ്യം അഞ്ചു സ്വര്‍ണവും ഒന്‍പത് വെള്ളിയും ആറു വെങ്കലവും ഉള്‍പ്പെടെ 58 പോയിന്റ്. പട്ടികയില്‍ മൂന്നാമതുള്ള കോട്ടയം മൂന്നു സ്വര്‍ണവും നാലു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ 28 പോയിന്റാണ് ഇതുവരെ നേടിയത്.
ജൂണിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ മൊന്ഗം തീര്ധു (8: 50.88), സീനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്റര്‍ ബാക്സ്ട്രോക്കില്‍ എസ്. അഭിനവ് (2: 12.53), സീനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഗോത്തി സമ്പത്കുമാര്‍ യാദവ് (1:58.04) എന്നിവര്‍ പുതിയ റിക്കാര്‍ഡിന് അവകാശികളായി. തിരുവനന്തപുരം തുണ്ടത്തില്‍ എംവിഎച്ച്എസ്എസിലെ വിദ്യാര്‍ഥികളാണ് മൂവരും.