നീന്തലിൽ താരമായി ഹരീന
Wednesday, November 6, 2024 1:21 AM IST
കോതമംഗലം: നീന്തൽക്കുളത്തിൽ താരമായി ഭിന്നശേഷിക്കാരിയായ കുട്ടി. 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ പാലക്കാട് ജില്ലയ്ക്കായി മത്സരത്തിനിറങ്ങിയ ഡി. ഹരീനയാണു താരമായത്. എൻഎസ്എസ് അകത്തേതറ സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിനിയായ ഹരീന സീനിയർ കുട്ടികൾക്കൊപ്പം മത്സരത്തിനിറങ്ങി.
മലമ്പുഴ സ്വദേശി ദേവരാജിന്റെയും കൃഷി വകുപ്പ് ജീവനക്കാരി കൃഷ്ണകുമാരിയുടെയും ഏക മകളാണ് ഈ മിടുക്കി. ഒന്നര വയസിൽ പനി ബാധിച്ച് പേശികൾക്കു ബലക്ഷയം സംഭവിക്കുകയായിരുന്നു.
വാട്ടർതെറാപ്പി നടത്തിയാൽ കുട്ടിക്ക് പരസഹായമില്ലാതെ നടക്കാൻ കഴിയുമെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ കെ. ശശീന്ദ്രന്റെ അടുക്കൽ കഴിഞ്ഞ നവംബറിൽ നീന്തൽ പരിശീലനത്തിനെത്തുന്നത്.
ദിവസവും രാവിലെ ഒരു മണിക്കൂർ പരിശീലനത്തിലൂടെയാണ് മത്സരത്തിലേക്ക് കടന്നുവന്നത്. 6.34 മിനിറ്റുകൊണ്ട് മത്സരം പൂർത്തിയാക്കി ചരിത്രം കുറിക്കുകയായിരുന്നു ഹരീന.