ഹൈടെക് കായികമേള...
Monday, November 4, 2024 1:04 AM IST
കൊച്ചി: ഒളിമ്പിക്സ് മാതൃകയില്‍ അത്ലറ്റിക്സ് ഗെയിംസ് മത്സരങ്ങള്‍ ആദ്യമായി ഒരുമിച്ച് നടത്തുന്ന സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന്റെ നടത്തിപ്പും ദൃശ്യവും ഹൈടെക്ക് ആക്കാന്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) സജ്ജം. 17 വേദികളിലായി നടക്കുന്ന സംസ്ഥാന കായികമേളയുടെ എല്ലാ മത്സര വേദികളിലേയും തത്സമയ ഫലങ്ങളും മത്സരപുരോഗതിയും കൈറ്റിന്റെ www.sports.kite.kerala.gov.in പോര്‍ട്ടല്‍ വഴി ലഭിക്കും. ജില്ല, സ്കൂള്‍ എന്നിങ്ങനെ വിജയികളുടെ ചിത്രങ്ങളോടെയാകും പോര്‍ട്ടലില്‍ ലഭ്യമാക്കുക.
ഓരോ കുട്ടിയുടെയും സബ് ജില്ലാതലം മുതല്‍ ദേശീയതലം വരെയുള്ള എല്ലാ പ്രകടനവിവരങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനുള്ള എസ്എസ് യു ഐഡിയും (സ്കൂള്‍ സ്പോര്‍ട്സ് യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍) നിലവിലുണ്ട്. സംസ്ഥാനതലത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ രജിസ്ട്രേഷനായി ഈ വര്‍ഷം പ്രത്യേകം മൊബൈല്‍ ആപ്പും കൈറ്റ് തയാറാക്കിയിട്ടുണ്ട്.
രാവിലെ 6.30ന് മത്സരങ്ങള്‍ ആരംഭിക്കുന്നതുമുതല്‍ രാത്രി എട്ടിന് അവസാനിക്കുന്നതുവരെ മൂന്നു പ്രധാന വേദികളിലെ ദൃശ്യങ്ങള്‍ കൈറ്റ് വിക്ടേഴ്സ് തത്സമയ സംപ്രേഷണം ചെയ്യും. പ്രധാന വേദിയായ മഹാരാജാസ് സ്റ്റേഡിയത്തിലാണ് സ്റ്റുഡിയോ ഫ്ലോര്‍ സജ്ജീകരിക്കുന്നത്. കടവന്ത്ര റീജണല്‍ സ്പോര്‍ട്സ് സെന്റര്‍, കോതമംഗലം എംഎ കോളജ് എന്നിവിടങ്ങളിലെ ദൃശ്യങ്ങളും ലൈവായി സംപ്രേഷണം ചെയ്യും.
ചരിത്രത്തില്‍ ആദ്യമായി ഭിന്നശേഷിക്കാരും
കൊച്ചി: രാജ്യത്ത് ആദ്യമായി പൊതുവിഭാഗത്തിലുള്‍പ്പെടുന്ന കായികതാരങ്ങള്‍ക്കൊപ്പം ഭിന്നശേഷിക്കാരായ വിദ്യാര്ഥികളെക്കൂടി മത്സരയിനങ്ങളില്‍ ഉള്‍പ്പെടുത്തുന്നു എന്നതാണ് 2024 കേരള സ്കൂള്‍ കായികമേളയെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത്.
1562 ഭിന്നശേഷി കായികതാരങ്ങള്‍ ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് വിഭാഗത്തിലായി മത്സരിക്കും. ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് മാന്വലിന്റെ അടിസ്ഥാനത്തില്‍ അണ്ടര്‍ 14, എബോവ് 14 കാറ്റഗറികളിലാണു മത്സരം. അഞ്ചിന് വിവിധ വേദികളിലായാണ് ഇവര്‍ക്കുള്ള മത്സരങ്ങള്‍ നടത്തപ്പെടുക.