വുഷുവിൽ 70 മത്സരാർഥികൾക്കു പരിക്ക്
Thursday, November 7, 2024 12:20 AM IST
കോലഞ്ചേരി: സംസ്ഥാന സ്കൂൾ കായികമേളയിൽ പേരുകൊണ്ടും ശൈലികൊണ്ടും ശ്രദ്ധേയമായ വുഷു മൽസരത്തിനിടെ അപകടങ്ങളുടെ പെരുമഴ.
സംസ്ഥാന സ്കൂൾ കായിക മേളയിലെ തന്നെ അപകട ഇനമെന്ന പേര് സമ്പാദിച്ച വുഷുവിൽ പങ്കെടുത്ത എഴുപതോളം മത്സരാർഥികൾക്ക് പരിക്കേറ്റു. 11 പേരെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കളി കൈവിടുന്നുവെന്ന് കണ്ടപ്പോൾ മൽസരം നിർത്തിവയ്ക്കാൻ മന്ത്രിയുടെ നിർദേശമെത്തി.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വുഷു മത്സരമാണ് ഇന്നലെ വൈകുന്നേരം 3.15 ഓടെ മന്ത്രിയുടെ ഇടപെടലിനെ തുടർന്നു തൽക്കാലത്തേക്ക് നിർത്തി വച്ചത്. 133 ആൺകുട്ടികളും 109 പെൺകുട്ടികളും അടക്കം 242 മത്സരാർഥികൾ ഉണ്ടായിരുന്നു.
ഓരോ മത്സരങ്ങൾ കഴിയുമ്പോഴും പരിക്കേറ്റവരുടെ എണ്ണം വർധിച്ചുവന്നത് ആശങ്ക പരത്തി.
മത്സര സ്ഥലത്തിന് തൊട്ട് ചേർന്ന് സജ്ജമാക്കിയിരുന്ന മെഡിക്കൽ ടീമിനു പരിഹരിക്കാൻ ആവുന്നതിലും വലിയ പരിക്കുകൾ പറ്റിയതോടെ എംഒഎസ്സി മെഡിക്കൽ കോളജിലേക്ക് എത്തിച്ചു. ചികിത്സാ ചെലവുകൾ സ്വന്തം നിലയിൽ വഹിക്കണമെന്നു വന്നതോടെ മത്സരാർഥികളുടെ പരിശീലകരും ബന്ധുക്കളുമൊക്കെ പ്രതിഷേധവുമായി രംഗത്തുവന്നു.
മുപ്പതോളം ഇനങ്ങൾ തീരാനുള്ളപ്പോഴാണ് മത്സരം നിർത്തി വയ്ക്കാൻ മന്ത്രിയുടെ നിർദേശം വന്നത്. പുത്തൻകുരിശ് എഇഒ ജി. പ്രീതി സ്ഥലത്തെത്തി കാര്യങ്ങൾ വിശദീകരിച്ചു. മത്സരം നിർത്തിവയ്ക്കുന്നത് അനീതിയാണെന്നും മത്സരാർഥികളെ നിരാശരാക്കരുതെന്നും പരിശീലകരും മറ്റും ആവശ്യപ്പെട്ടു. പിന്നീട് മന്ത്രിയുടെ ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥർ എത്തി കാര്യങ്ങളിൽ വ്യക്തത വരുത്തിയ ശേഷം 5.30 ഓടെ മത്സരങ്ങൾ പുനരാരംഭിച്ചു.
മലപ്പുറം ചാന്പ്യൻമാർ
വുഷു മത്സരങ്ങളിൽ 40 പോയിന്റുമായി മലപ്പുറം ചാന്പ്യൻമാർ. 34 പോയിന്റുമായി കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 33 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്തെത്തി.
"വുഷു’ എന്ന യുദ്ധകല
"വുഷു’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന "യുദ്ധകല’ ബോക്സിംഗിനോട് സാമ്യമുണ്ടെങ്കിലും തികച്ചും വ്യത്യസ്തമായി കൈയും കാലും ഉപയോഗിച്ച് എതിരാളിയെ വീഴ്ത്തുന്ന മൽസരമാണ്. ഓരോ മിനിറ്റ് വീതമുള്ള മൂന്ന് റൗണ്ട് അരങ്ങേറും. അതിൽ രണ്ടെണ്ണത്തിൽ ജയിക്കുകയാണ് മത്സരത്തിന്റെ അടിസ്ഥാനം.
എതിരാളിയുടെ കണ്ണിലേക്ക് നോക്കി ചടുല നീക്കങ്ങൾ തിരിച്ചറിഞ്ഞ് അവയെ വേണ്ട രീതിയിൽ പ്രതിരോധിച്ച് മർമ സ്ഥാനങ്ങളിൽ ആക്രമണം നടത്തി പോയിന്റുകൾ കരസ്ഥമാക്കുകയാണ് വേണ്ടത്. 35 കിലോ മുതൽ 85 കിലോ വരെയുള്ള ശരീരഭാര അടിസ്ഥാനത്തിലാണ് മത്സരാർഥികളെ വേർതിരിച്ചിട്ടുള്ളത്.
ചെസ്റ്റ് ഗാർഡ്, ഹെൽമറ്റ്, എപി പാഡ്, മൗത്ത് ഗാർഡ് തുടങ്ങിയ സുരക്ഷാ കവചങ്ങൾ മൽസരാർഥിക്കുണ്ടാകും. തായ് കിക്ക്-1, ചെസ്റ്റ് കിക്ക്-2, ത്രോ-3, പഞ്ച്-1 എന്നീ നിലകളിലാണ് പോയിന്റുകൾ.
അപകടസാധ്യത കൂടുതൽ
വുഷു മത്സരത്തിനിടെയുള്ള ത്രോയിൽ കഴുത്തിന് പരിക്ക് പറ്റാനും ചിലപ്പോഴെങ്കിലും ഇത് ഗുരുതരമാകാനും സാധ്യതയുണ്ട്. തുടരെയുള്ള പഞ്ചിംഗിൽ മൂക്കിന്റെ പാലത്തിന് പരിക്കേൽക്കാം, എതിരാളിയുടെ ചവിട്ടേറ്റ് കാലിനും മുട്ടിനും ഒടിവുകൾ സംഭവിക്കാനും ശക്തമായ ഇടിയുടെ ആഘാതത്തിൻ നെഞ്ചിനും വയറിനും സ്വകാര്യ ഭാഗങ്ങളിലും പരിക്കേൽക്കാനും സാധ്യത കൂടുതലാണ്.
അഞ്ചു വർഷം മുമ്പ് കായികമേളയിൽ ഇവ ഉൾപ്പെടുത്തിയെങ്കിലും മത്സാരാർഥികൾ ഇത്രയധികം വർധിച്ചത് ഈ വർഷമാണ്. ഇടി കിട്ടിയാൽതന്നെ മിനിറ്റുകൾകൊണ്ട് വിജയവും സർട്ടിഫിക്കറ്റുകളും കരസ്ഥമാക്കാമെന്നത് മത്സരാർഥികളെ ഇതിലേക്ക് ആകർഷിക്കുന്നു.