എവേ ബ്ലാസ്റ്റേഴ്സ്...
Sunday, November 3, 2024 1:35 AM IST
മുംബൈ: “ഇപ്പ ശരിയാക്കാം...” എന്ന പല്ലവിയുമായി 11-ാം സീസണിലും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആരാധകരെ കബളിപ്പിച്ചു മുന്നോട്ടുതന്നെ. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 സീസണിലെ ഏഴാം റൗണ്ടിനു കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്കെതിരേ ഇറങ്ങുന്പോൾ എന്തായിരിക്കും മത്സരഫലം എന്നറിയാനാണ് കാത്തിരിപ്പ്.
ലീഡ് ലഭിച്ചാലും അതു കളഞ്ഞുകുളിച്ച് തോൽവി ഇരന്നുവാങ്ങുന്ന ബ്ലാസ്റ്റേഴ്സ് ശൈലിക്ക് ഇതുവരെ മാറ്റംവന്നിട്ടില്ല. ഓരോ സീസണിലും ഓരോ പോരായ്മകളാണ് കണ്ടുവരുന്നത്. ഈ സീസണിൽ ആക്രമണം മികച്ചതാണെങ്കിലും ഏറ്റവും വലിയ പോരായ്മ ഗോൾ കീപ്പിംഗിലെ പിഴവാണ്.
സച്ചിൻ സുരേഷ്, സോം കുമാർ എന്നിവരാണ് കഴിഞ്ഞ ആറു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് വല കാത്തത്. സച്ചിൻ സുരേഷ് നാലു മത്സരങ്ങളിൽ ആറും കൗമാരക്കാരനായ സോം കുമാർ രണ്ടു മത്സരങ്ങളിൽ നാലും ഗോൾ വഴങ്ങി. ഇരുവരുടെയും പിഴവു മുതലാക്കിയും എതിരാളികൾ വല കുലുക്കി എന്നതും ശ്രദ്ധേയം.
സച്ചിൻ, സദൗയി
ബംഗളൂരു എഫ്സിക്ക് എതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സംഘത്തിൽ ഇല്ലാതിരുന്ന ഗോൾ കീപ്പർ സച്ചിൻ സുരേഷ്, ലെഫ്റ്റ് വിംഗർ നോഹ് സദൗയി എന്നിവർ ഇന്നു ടീമിലേക്കു തിരിച്ചെത്തുമെന്നാണു സൂചന. നോഹ് സദൗയി തിരിച്ചെത്തുന്പോൾ ബ്ലാസ്റ്റേഴ്സ് ആക്രമണം ശക്തിപ്പെടുമെന്നതിൽ തർക്കമില്ല.
ഐഎസ്എല്ലിലെ അഞ്ചു മത്സരങ്ങളിൽ മൂന്നു ഗോളും രണ്ട് അസിസ്റ്റും ഈ മൊറോക്കൻ വിംഗർ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനെപ്പോലെ ഈ സീസണിൽ പതിഞ്ഞ തുടക്കമാണ് മുംബൈ സിറ്റി എഫ്സിക്കും. അഞ്ചു മത്സരങ്ങളിൽ ആറ് പോയിന്റുമായി ബ്ലാസ്റ്റേഴ്സിനു (എട്ട്) പിന്നിലാണ് മുംബൈ.