കടല്‍ കടന്നെത്തി താരങ്ങള്‍...
Tuesday, November 5, 2024 1:41 AM IST
കൊച്ചി: കേരള സ്കൂൾ കായികമേളയില്‍ പങ്കെടുക്കാന്‍ കടല്‍ കടന്നെത്തിയ കായികതാരങ്ങൾക്ക് കൊച്ചിയിൽ വന്‍ സ്വീകരണം നൽകി. ഇന്നലെ പുലര്‍ച്ചെ 5.15ന് എയര്‍ ഇന്ത്യ എക്സ്പ്രസിലെത്തിയ ആദ്യ സംഘത്തെ സംഘാടകരും ജനപ്രതിനിധികളും ചേര്‍ന്നാണു സ്വീകരിച്ചത്.
തുടര്‍ന്ന് എറണാകുളത്തെ താമസസ്ഥലത്തേക്ക് വാഹന അകമ്പടിയോടെ ഇവരെ എത്തിച്ചു.ഈ സമയം മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ളവര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഓരോ കായികതാരങ്ങളെയും മാലയിട്ടു സ്വീകരിച്ചാണ് മന്ത്രി അടക്കമുള്ളവർ ഹോട്ടലിലേക്കു പ്രവേശിപ്പിച്ചത്.26 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് ആദ്യസംഘത്തില്‍ എത്തിയത്.
ഉച്ചകഴിഞ്ഞു രണ്ടോടെ 19 കുട്ടികളും രണ്ട് അധ്യാപകരും അടങ്ങിയ മറ്റൊരു സംഘവും എയര്‍ അറേബ്യ എക്സ്പ്രസില്‍ നെടുമ്പാശേരിയില്‍ എത്തി. ആറു വിദ്യാര്‍ഥികളും ഒരു അധ്യാപകനുമടങ്ങിയ മൂന്നാമത്തെ സംഘം നാളെ രാവിലെ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കൊച്ചിയിലെത്തും. ആകെ 50 കായികതാരങ്ങളും അഞ്ച് അധ്യാപകരുമാണ് ഗൾഫ് മേഖലയിൽനിന്ന് മേളയുടെ ഭാഗമാകാന്‍ എത്തുന്നത്.
സംസ്ഥാന കായികമേളയുടെ ചരിത്രത്തിലാദ്യമായാണു പ്രവാസി വിദ്യാര്‍ഥികളും മേളയുടെ ഭാഗമാകുന്നത്. യുഎഇയിലെ കേരള സിലബസ് പിന്തുടരുന്ന ദ മോഡല്‍ പ്രൈവറ്റ് സ്കൂള്‍ അബുദാബി, ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ ദുബായി, ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ ഷാര്‍ജ, ഗള്‍ഫ് മോഡല്‍ സ്കൂള്‍ ദുബായ്, ഇന്ത്യന്‍ സ്കൂള്‍ ഫുജൈറ, ന്യൂ ഇന്ത്യന്‍ സ്കൂള്‍ റാസല്‍ഖൈമ എന്നീ ആറ് സ്കൂളുകളില്നിന്നുള്ളവരാണിവര്. എല്ലാവരും ആണ്‍കുട്ടികളാണ്.
ഫുട്ബോള്‍, ബാസ്കറ്റ്ബോള്‍, വോളിബോള്‍, അത്ലറ്റിക്സ് എന്നിവയില്‍ 14 ജില്ലകൾ കൂടാതെ യുഎഇ റീജണ്‍ എന്നപേരില്‍ 15-ാമത് ടീമായാണ് ഇവര്‍ മത്സരിക്കുക. ഗെയിംസ് ഇനങ്ങളില്‍ അണ്ടര്‍ 19 വിഭാഗത്തിലും അത്ലറ്റിക് ഇനങ്ങളില്‍ അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളിലുമാണ് ഇവര്‍ മാറ്റുരയ്ക്കുന്നത്. ആറു സ്കൂളുകള്‍ ഉള്‍പ്പെടുത്തി നടത്തിയ ക്ലസ്റ്റര്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളാണ് കേരള സ്കൂള്‍ മീറ്റിനായി ഗള്‍ഫില്‍നിന്ന് വിമാനം കയറിയത്.
ഏറെനാളത്തെ തങ്ങളുടെ ആവശ്യമാണ് ഇപ്പോള്‍ സഫലമായിരിക്കുന്നതെന്നും വരും വര്‍ഷങ്ങളില്‍ പെണ്‍കുട്ടികള്‍ അടക്കം കൂടുതല്‍ താരങ്ങളെ കേരള സ്കൂള്‍ കായികമേളയിൽ എത്തിക്കാൻ ശ്രമിക്കുമെന്നും സംഘത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍മാരില്‍ ഒരാളായ അധ്യാപകന് സുമേഷ് കുമാര്‍ പറഞ്ഞു. ഗള്‍ഫില്‍നിന്നു കേരളത്തിലെത്തി കായികമേളയില്‍ പങ്കെടുക്കുന്നതിന്റെ ആവേശത്തിലാണ് മത്സരാര്ഥികളും.