മന്ത്രീ... ബാഡ്മിന്റണിനു കോക്ക് കൊണ്ടുവരണോ ?
തോമസ് വർഗീസ്
Monday, November 4, 2024 1:04 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ ഷട്ടിൽ ബാഡ്മിന്റൻ മത്സരത്തിൽ പങ്കെടുക്കണമെങ്കിൽ താരങ്ങൾ ഷട്ടിൽ കോക്കുമായി വരണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിചിത്ര വാദം.
ഏറെ കൊട്ടിഘോഷിച്ച് ഒളിന്പികസ് മാതൃകയിൽ എന്ന് സർക്കാർ അവകാശപ്പെടുന്ന സംസ്ഥാന സ്കൂൾ കായിക മേളയിലാണ് കുട്ടികൾ കോക്കുമായി മത്സരത്തിന് എത്തണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ ഇറങ്ങിയത്. ഹൈ ടെക് രീതിയിൽ സ്കൂൾ കായികമേള നടത്തുമെന്നു വിദ്യാഭ്യാസ മന്ത്രി തന്നെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് മത്സരത്തിൽ പങ്കെടുക്കുന്ന താരങ്ങൾതന്നെ കോക്കുമായി എത്തണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ.
പൊതു വിദ്യാഭ്യാസ ഡയറക്ടർ ഈ മാസം രണ്ടിന് വിദ്യാഭ്യാസ ഉപ ഡയറക്ടർമാർക്ക് അയച്ച സർക്കുലറിലെ നിർദേശമിങ്ങനെ. കേരളാ സ്കൂൾ കായികമേള കൊച്ചി -24 ന്റെ മത്സര ഇനമായ ബാഡ്മിന്റണ്‍ അണ്ടർ 14, 17, 19 ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരം നവംബർ അഞ്ചു മുതൽ എട്ടുവരെ എറണാകുളം റീജണൽ സ്പോർട്സ് സെന്റർ കടവന്ത്രയിൽ വച്ച് സംഘടിപ്പിക്കുന്നു. ഈ മത്സരത്തിന് വരുന്ന മത്സരാർഥികൾ സ്റ്റാൻഡേർഡ് ഷട്ടിൽ കോക്ക് കൊണ്ടുവരേണ്ടതാണ് എന്നു പറഞ്ഞാണ് സർക്കുലർ അവസാനിക്കുന്നത്.
ലക്ഷങ്ങൾ മുടക്കി സംസ്ഥാന സ്കൂൾ മീറ്റ് സംഘടിപ്പിക്കുന്പോൾ ഇത്തരത്തിൽ ഷട്ടിൽ കോക്ക് ഉൾപ്പെടെയുള്ളവ വിദ്യാർഥികൾ സ്വന്തമായി കൊണ്ടുവരണമെന്ന നിർദേശത്തിനു പിന്നിലുള്ള ഉദ്ദേശ്യത്തെയാണ് കായികരംഗത്തുള്ളവർ വിമർശിക്കുന്നത്. നിർദേശത്തിനെതിരേ വ്യാപകമായ പ്രതിഷേധവും ഉയർന്നു. ഇക്കണക്കിനു പോയാൽ വരും കാലങ്ങളിൽ ഹർഡിൽസ് മത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങൾ ഹർഡിലുമായി വരേണ്ടി വരുമോ എന്നാണ് ഒരു അത്ലറ്റിക് കോച്ചിന്റെ ചോദ്യം.