സംസ്ഥാന സ്കൂൾ കായികമേള നാളെ മുതൽ കൊച്ചിയിൽ
Sunday, November 3, 2024 1:35 AM IST
കൊച്ചി: സംസ്ഥാനത്ത് ഒളിമ്പിക്സ് മാതൃകയില്‍ ഇത്തവണ ആരംഭിക്കുന്ന കേരള സ്കൂള്‍ കായികമേളയ്ക്ക് നാളെ തിരിതെളിയും. കായികപ്രതിഭകളെ വരവേല്‍ക്കാന്‍ അവസാനഘട്ട ഒരുക്കത്തിലാണ് ആതിഥേയരായ എറണാകുളം ജില്ല. നാളെ മുതല്‍ 11 വരെയാണു മേള.
പ്രധാന വേദിയായ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നാളെ വൈകുന്നേരം നാലിന് മേളയുടെ അംബാസഡറും മുന്‍ ഇന്ത്യൻ ഹോക്കി താരവുമായ ഒളിമ്പ്യന്‍ പി.ആര്. ശ്രീജേഷ് ദീപശിഖയിലേക്ക് അഗ്നി പകരുന്നതോടെ മേളയ്ക്ക് തുടക്കമാകും. തുടര്‍ന്ന് മൂവായിരത്തോളം കുട്ടികൾ അണിനിരക്കുന്ന കലാപരിപാടി അരങ്ങേറും.
മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മേളയോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനം നടന് മമ്മൂട്ടി നിര്‍വഹിക്കും.
11ന് മഹാരാജാസ് ഗ്രൗണ്ടില്‍ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഒരാഴ്ച നീളുന്ന കായികമേളയില്‍ 39 ഇനങ്ങളിലായി 24,000 കായിക പ്രതിഭകളാണു മത്സരിക്കുന്നത്. വിദ്യാര്ഥീപങ്കാളിത്തംകൊണ്ട് ലോകത്തിലെതന്നെ ഏറ്റവും വലിയ കായികമാമാങ്കമാണിത്. ഗള്‍ഫ് മേഖലകളില്‍നിന്നും ഇത്തവണ കുട്ടികള്‍ എത്തുന്നുണ്ട്. നാളെ പുലർച്ചെ 5.15നു നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്ന 50 കായികതാരങ്ങളെ ജനപ്രതിനിധികളും സംഘാടകരും ചേര്‍ന്നു സ്വീകരിക്കും.
ഇന്‍ക്ലൂസീവ് സ്പോര്‍ട്സ്
ഭിന്നശേഷിക്കാര്‍ക്കായി ഇന്‍ക്ലൂസീവ് സ്പോര്‍ട്സും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായാണു പ്രത്യേക പരിഗണന ലഭിക്കേണ്ടവരെക്കൂടി മേളയുടെ ഭാഗമാക്കുന്നത്. 2400 ഭിന്നശേഷീ കായികതാരങ്ങള്‍ 21 ഇനങ്ങളില്‍ മത്സരിക്കും.
മേളയുടെ രണ്ടാം ദിനമായ അഞ്ചിനാണ് ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് അരങ്ങേറുക. കായികതാരങ്ങള്‍ക്ക് മുന്‍കൂട്ടി നിശ്ചയിക്കാതെതന്നെ തങ്ങള്‍ക്കിഷ്ടമുള്ള ഇനങ്ങളില്‍ തത്സമയം മത്സരിക്കാന്‍ ഇത്തവണ അവസരമുണ്ടാകും.
കൊച്ചി നഗരത്തിനു പുറമെ, ഫോര്‍ട്ടുകൊച്ചി, കളമശേരി, തൃപ്പൂണിത്തുറ, കോലഞ്ചേരി, കോതമംഗലം എന്നിവിടങ്ങളില്‍ 17 വേദികളിലായാണു മത്സരങ്ങള്‍. വേദികളെ ആറു ക്ലസ്റ്ററുകളായി തിരിച്ച് എംഎല്‍എമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.
കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ എവര്‍ റോളിംഗ് ട്രോഫി മുഖ്യമന്ത്രി സമ്മാനിക്കും.
ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ചു പോയിന്റും 2000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്നു പോയിന്റും 1750 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു പോയിന്റും 1500 രൂപയും കാഷ് പ്രൈസായി ലഭിക്കും. ഒളിമ്പിക്സില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടുന്നവരാണ് ചാമ്പ്യന്മാരാകുന്നതെങ്കില്, ഇവിടെ പോയിന്റ് അടിസ്ഥാനത്തിലാണ് ചാമ്പ്യന്മാരായ ജില്ലയെ കണ്ടെത്തുന്നത്.