പഴയിടമെത്തി, ഊട്ടുപുര ഉഷാറായി...
Tuesday, November 5, 2024 1:41 AM IST
കൊച്ചി: കായിക പൂരത്തിനെത്തുന്നവര്‍ക്ക് ഭക്ഷണമൊരുക്കാന്‍ അടുക്കളകള്‍ സജ്ജം. വയറും മനസും ഒരുപോലെ നിറയാന്‍ ഇക്കുറിയും രുചിയുടെ രസക്കൂട്ട് ഒരുക്കുന്നത് പഴയിടം മോഹനന് നമ്പൂതിരി തന്നെ. 17 വേദികളുള്ള കായികമേളയ്ക്ക് ഏഴ് അടുക്കളകളാണ് ഒരുക്കിയിട്ടുള്ളത്. പ്രധാന അടുക്കള മുഖ്യവേദിയായ മഹാരാജാസ് ഗ്രൗണ്ടിനോടു ചേര്‍ന്നാണ്.
കളമശേരി സെന്റ് ജോസഫ് സ്കൂള്‍, കൊച്ചി വെളി ഇഎംജിഎച്ച്എസ്എസ്, ജിഎച്ച്എസ്എസ് പനമ്പിള്ളി നഗര്‍, ജിഎച്ച്എസ്എസ്എസ് കടയിരുപ്പ്, കോതമംഗലം എംഎ കോളജ് എന്നിവിടങ്ങളിലാണ് മറ്റ് അടുക്കളകള്‍. ദിവസവും 26,000 ഓളം പേര്‍ക്കുള്ള ഭക്ഷണമാണ് ഏഴ് അടുക്കളകളിലായി പാചകം ചെയ്യുന്നത്.
പുലര്‍ച്ചെ മൂന്നിന് ഉണരുന്ന അടുക്കളയില്‍നിന്നും രാവിലത്തെ ചായ മുതല്‍ വൈകുന്നേരത്തെ അത്താഴം വരെ ലഭ്യമാണ്. പാചകക്കാര്‍ക്ക് പുറമെ നൂറിലധികം സഹായികളും അടുക്കളയുടെ ഭാഗമാണ്. പാചകവും മേല്‍നോട്ടവും നിര്‍ദേശങ്ങളുമായി പാചകപ്പുരയുടെ മുക്കിലും മൂലയിലും ഓടിയെത്തുന്ന പഴയിടം മോഹനന് നമ്പൂതിരി തന്നെയാണ് അടുക്കളയിലെ വേഗമേറിയ താരം.
ദിവസവും പ്രഭാതഭക്ഷണം വിവിധ ഇനങ്ങളാകും. ഉച്ചയ്ക്കും രാത്രിയിലും മത്സ്യ- മാംസങ്ങളും ഊണിനൊപ്പം വിളമ്പും.