ഏഷ്യയിൽ റബർ ഉത്പാദനം ഓഫ് സീസണിലേക്ക്; വിലക്കയറ്റം ഭയന്ന് ടയർ ലോബി
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, February 24, 2025 12:36 AM IST
ഏഷ്യൻ റബർ ഉത്പാദന രാജ്യങ്ങൾ ഓഫ് സീസണിലേക്ക്, ടയർ ലോബി വിലക്കയറ്റത്തെ ഭയക്കുന്നു. സാമ്പത്തിക വർഷാന്ത്യത്തിന് മുന്നേ ബാങ്ക് വായ്പ്പകൾ തിരിച്ചടയ്ക്കാൻ ഒരു വിഭാഗം കുരുമുളക് കർഷകർ ഉത്പന്നം വിപണിയിലിറക്കി, അവസരം തക്കമാക്കി വാങ്ങലുകാർ വിലയിടിച്ചു. ചുക്ക് ഉത്പാദകർക്ക് സന്തോഷ വാർത്തകൾക്ക് അവസരം ഒരുങ്ങുന്നു. നാളികേര വിളവെടുപ്പ് ഒരു മാസം പിന്നിടുമ്പോഴും വിപണികൾക്ക് ചരക്ക് ക്ഷാമത്തിൽ. സ്വർണം വീണ്ടും കരുത്ത് കാണിച്ചു.
ഷീറ്റ് ഉത്പാദനം ചുരുങ്ങും
ഏഷ്യയിലെ പ്രമുഖ റബർ ഉത്പാദന രാജ്യങ്ങൾ ഓഫ് സീസണിലേക്ക് തിരിയുന്നു. മുന്നിലുള്ള മൂന്ന് മാസം രാജ്യാന്തര മാർക്കറ്റിൽ ഷീറ്റ് പ്രവാഹം ചുരുങ്ങുന്നത് വിലക്കയറ്റത്തിനു വഴിതെളിക്കുമെന്ന പ്രതീക്ഷയിലാണ് കാർഷിക മേഖല. അതേസമയം വിലക്കയറ്റത്തെ കൂച്ചുവിലങ്ങിട്ട് പൂട്ടിയെങ്കിലും വാരാന്ത്യം ടയർ വ്യവസായികൾ അൽപ്പം അങ്കലാപ്പിലാണ്.
അന്താരാഷ്ട്ര മാർക്കറ്റിൽ റബറിന് ആവശ്യം ഉയർന്ന് നിൽക്കുകയാണ്. ചൈന മാത്രം വാങ്ങൽ കുറച്ച് അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിൽ പ്രയോഗിക്കേണ്ട തന്ത്രങ്ങൾ മെനയുന്നു. ഇറക്കുമതി രാജ്യങ്ങൾ തായ് മാർക്കറ്റിൽനിന്നും മറ്റ് രാജ്യങ്ങളിൽനിന്നും റബർ ശേഖരിക്കുന്നുണ്ട്.

ബാങ്കോക്കിൽ കരുതൽ ശേഖരം കുറഞ്ഞതിനാൽ ഓഫ് സീസണിലെ വാങ്ങൽ താത്പര്യം വിലക്കയറ്റത്തിന് അവസരമൊരുക്കുമെന്ന നിഗനമത്തിലാണ് ഉത്പാദകർ. തായ്ലൻഡ്, മലേഷ്യ ഇന്തോനേഷ്യ, കംബോഡിയ, വിയറ്റ്നാം വിപണികളിലും മുന്നിലുള്ള മൂന്ന് മാസങ്ങളിൽ മെച്ചപ്പെട്ട വില ഉറപ്പു വരുത്താനാവുമെന്ന പ്രതീക്ഷയിലാണ് സ്റ്റോക്കിസ്റ്റുകൾ.
ഇന്ത്യയും ശ്രീലങ്കയും രാജ്യാന്തര വിപണിയിലെ പുതിയ സംഭവവികാസങ്ങളെ സൂക്ഷ്മം നിരീക്ഷിക്കുന്നു. രാജ്യാന്തര അവധി വ്യാപാരത്തിൽ വാങ്ങൽ താത്പര്യം ശക്തമല്ല. വ്യാവസായിക മാന്ദ്യത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾ മുൻനിർത്തി ഊഹക്കച്ചവടക്കാർ ഷോർട്ട് പൊസിഷനുകൾക്കാണ് മുൻതൂക്കം നൽക്കുന്നത്.
വേനൽച്ചൂട് കനത്തതിനാൽ റബർ വെട്ട് മന്ദഗതിയിലാണ്, വൻകിട തോട്ടങ്ങളിൽ ടാപ്പിംഗ് സ്തംഭിച്ചു. ഉത്തരേന്ത്യൻ ചെറുകിട വ്യവസായികൾ രംഗത്ത് നിലയുറപ്പിച്ച് പരമാവധി ശേഖരിക്കുന്നുണ്ട്. എന്നാൽ, ടയർ നിർമാതാക്കൾ തണുപ്പൻ മനോഭാവം തുടരുകയാണ്. ചില കർഷിക സംഘടനകൾ റബർ 200 രൂപയിൽ താഴ്ന്ന വിലയ്ക്ക് വിൽപ്പന നടത്തില്ലെന്ന നിലപാടിൽ ഉറച്ചു നിന്നപ്പോൾ ടയർ ലോബി 190ൽ കൂടിയ വിലയ്ക്കും തയാറായില്ല. എന്നാൽ, കാലാവസ്ഥാ മാറ്റം സ്ഥിതി സങ്കീർണമാക്കുമെന്ന ഭീതിയിൽ വാരാന്ത്യം അവർ നിരക്ക് 191 രൂപയാക്കി.
കുരുമുളക് മാർക്കറ്റിലിറക്കി കർഷകർ
ഉയർന്ന കാർഷിക ചെലവുകൾ മുൻനിർത്തി ഉത്പാദകർ പുതിയ കുരുമുളക് വില്പനയ്ക്കിറക്കി. ബാങ്ക് വായ്പാ കാലാവധി അടുക്കുന്നത് മുൻനിർത്തി പണം തിരിച്ചടവിനുള്ള നീക്കത്തിലാണ് ചെറുകിട കർഷകർ. സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കാൻ ഹൈറേഞ്ചിലെയും മറ്റ് ഭാഗങ്ങളിലെയും ഉത്പാദകർ മുളക് വില്പന നടത്തി. മുൻ വർഷത്തെ അപേക്ഷിച്ച് കിലോ 100 രൂപ ഉയർന്ന് നിൽക്കുന്നതും അവരുടെ തീരുമാനം ശരിവയ്ക്കുന്നു.

സംസ്ഥാനത്തിന്റെ എതാണ്ട് എല്ലാ ഭാഗങ്ങളിലും ഉത്പാദകർ വിളവെടുപ്പിന്റെ തിരക്കിലാണ്. ഇതിനിടയിൽ സീസൺ ആരംഭം മറയാക്കി ഉത്തരേന്ത്യൻ വാങ്ങലുകാർ മുളക് വില പിന്നിട്ട വാരം ക്വിന്റലിന് 700 രൂപ ഇടിച്ച് 65,200 രൂപയാക്കി. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 7900 ഡോളറാണ്. ഇന്തോനേഷ്യ 7000 ഡോളറിനും വിയറ്റ്നാം 7500 ഡോളറിനും ബ്രസീൽ 7200 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ചുക്കിന് വില ഉയർന്നേക്കും
കനത്ത വിലത്തകർച്ചയെ അഭിമുഖീകരിച്ച ചുക്ക് ഉത്പാദകർക്ക് ആശ്വാസ വാർത്തകൾ എത്തിത്തുടങ്ങുന്നു. ചുക്ക് ഉയർന്ന വിലയ്ക്ക് സംഭരിക്കാൻ നീക്കം നടക്കുന്നതായാണ് വിപണിവൃത്തങ്ങളിൽനിന്നുള്ള സൂചന. വൻ ഓർഡറിനുള്ള സാധ്യതകൾ തെളിഞ്ഞതായാണ് വിവരമെങ്കിലും എത്ര ടണ്ണിനുള്ള ഓർഡറെന്ന കാര്യം രഹസ്യമാക്കുന്നതിനാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. നിലവിൽ വിവിധയിനം ചുക്ക് 20,000-22,500 രൂപയിലാണ്.
ഏലം ഓഫ് സീസണിലേക്ക്
ഏലം ഉത്പാദന മേഖല ഓഫ് സീസണിലേക്ക് പ്രവേശിക്കുന്നു. അതേസമയം ലേലകേന്ദ്രങ്ങളിൽ പല അവസരങ്ങളിലും ചരക്കു വരവ് ശക്തമാണ്.

ലഭ്യത ഉയർന്നത് നിരക്ക് ഉയർത്താതെ ചരക്ക് ശേഖരിക്കാൻ വാങ്ങലുകാർ അവസരമാക്കി. പിന്നിട്ട പതിനെട്ട് ലേലങ്ങളിൽ ശരാശരി ഇനങ്ങൾക്ക് ഒരിക്കൽ പോലും 3000 രൂപയ്ക്ക് മുകളിൽ ഇടംപിടിക്കാനായില്ല. മികച്ചയിനങ്ങൾ 3200 രൂപ റേഞ്ചിലാണ്. അറബ് രാജ്യങ്ങളിൽനിന്നും ലഭിച്ച ഓർഡറുകൾ മുൻനിർത്തി കയറ്റുമതിക്കാർ ഏലക്ക ശേഖരിക്കുന്നുണ്ട്.
നാളികേരത്തിനു ക്ഷാമം
വിളവെടുപ്പ് ഊർജിതമായിട്ടും നാളികേരോത്പപന്നങ്ങളുടെ ലഭ്യത പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. വിളവെടുപ്പിനു തുടക്കം കുറിച്ച് ഒരു മാസം പിന്നിടുമ്പോഴും കൊപ്രയാട്ട് മില്ലുകാർ ചരക്ക് ക്ഷാമത്തിൽ നട്ടംതിരിയുന്നു. ഇതിനിടയിൽ കൊപ്രയാട്ട് മില്ലുകാർ വെളിച്ചെണ്ണ വില ഉയർത്തിയെങ്കിലും കൊപ്ര വില ഉയർത്താൻ അവർ കാര്യമായ താത്പര്യം കാണിച്ചില്ല. കൊപ്ര 15,050ലും വെളിച്ചെണ്ണ 22,400 രൂപയിലും വിപണനം നടന്നു.
തേയിലയ്ക്ക് ഡിമാൻഡ്
തേയില ലേല കേന്ദ്രങ്ങളിലേക്കുള്ള ചരക്ക് വരവ് കുറയുന്നു. വരണ്ട കാലാവസ്ഥയിൽ രാജ്യത്തെ വൻകിട, ചെറുകിട തോട്ടങ്ങളിൽ കൊളുന്ത് നുള്ള് മന്ദഗതിയിലാണ്. മുന്നിലുള്ള മാസങ്ങളിൽ കർഷകർ തോട്ടങ്ങളിൽനിന്നും പിൻവലിയുന്നത് ഉത്പാദന രംഗം സ്തംഭിക്കാൻ ഇടയാക്കും.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വൻകിട എസ്റ്റേറ്റുകളിൽനിന്നുള്ള ലീഫ്, ഡിസ്റ്റ് ഇനങ്ങളുടെ വരവ് ചുരുങ്ങി. പുതിയ സാഹചര്യത്തിൽ ആഭ്യന്തര തേയില പാക്കറ്റ് നിർമാതാക്കളും കയറ്റുമതിക്കാരും വില ഉയർത്തി. ദക്ഷിണേന്ത്യൻ ലേലങ്ങളിലും വരവ് കുറയുന്നതിനാൽ മെച്ചപ്പെട്ട വിലയ്ക്ക് സാധ്യത. നേരത്തേ സീസൺ കാലയളവിൽ ചെറുകിട കർഷകർ കൊളുന്ത് താഴ്ന്ന വിലയ്ക്ക് വിറ്റുമാറി.
സ്വർണത്തിനു വീണ്ടും റിക്കാർഡ്
കേരളത്തിൽ സ്വർണവില പവന് 64,120 രൂപയിൽനിന്നും സർവകാല റിക്കാർഡ് നിരക്കായ 64,560 രൂപ വരെ ഉയർന്ന ശേഷം വാരാന്ത്യം 64,360 രൂപയിലാണ്. ഒരു ഗ്രാം സ്വർണ വില 8045 രൂപ. ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിന് 2954 ഡോളർ വരെ ഉയർന്ന് റിക്കാർഡ് സ്ഥാപിച്ചു. വാരാന്ത്യം നിരക്ക് 2934 ഡോളറിലാണ്.