ആരോഗ്യ ഇൻഷ്വറൻസ് നികുതി; തീരുമാനമെടുക്കാതെ ജിഎസ്ടി കൗൺസിൽ
Sunday, December 22, 2024 1:16 AM IST
ജയ്സാൽമിർ: ആരോഗ്യ, ലൈഫ് ഇൻഷ്വറൻസുകളുടെ നികുതി കുറയ്ക്കുന്നതിൽ തീരുമാനമെടുക്കാതെ ജിഎസ്ടി കൗൺസിൽ യോഗം.
148 വസ്തുക്കളുടെ വിലയിൽ മാറ്റം വരുത്തണമെന്ന മന്ത്രിതല സമിതിയുടെ ശിപാർശയും സമിതി ഇന്നലെ പരിശോധിച്ചില്ല. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയിൽ രാജസ്ഥാനിലെ ജയ്സാൽമിറാണു യോഗം. സംസ്ഥാന ധനമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
മുതിര്‍ന്ന പൗരന്മാരുടേതുൾപ്പെടെ ഇൻഷ്വറൻസ് പോളിസിയിൽ നികുതി കുറയ്ക്കുന്നതിനു മുന്‍പ് ബന്ധപ്പെട്ട മന്ത്രിതല സമിതി ഒരുവട്ടംകൂടി ചർച്ച ചെയ്യണമെന്ന് മന്ത്രിതല സമിതി അധ്യക്ഷനായ ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി പറഞ്ഞു.
വിശദമായ ചർച്ച വേണമെന്ന് മറ്റ് ചില അംഗങ്ങളും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് ജനുവരിയിൽ മന്ത്രിതല സമിതി വീണ്ടും ചേരാൻ തീരുമാനിക്കുകയായിരുന്നു. 148 ഇനങ്ങളുടെ വില പുനഃക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് അടുത്ത ജിഎസ്ടി കൗൺസിൽ യോഗത്തിൽ സമർപ്പിക്കുമെന്നും സാമ്രാട്ട് ചൗധരി അറിയിച്ചു.
കഴിഞ്ഞ മാസം ചേര്‍ന്ന മന്ത്രിതലസമിതി യോഗം ഇൻഷുറൻസ് പ്രീമിയത്തെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കാൻ ധാരണയിലെത്തിയിരുന്നു. 5 ലക്ഷം രൂപ കവറേജുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ ജിഎസ്ടി 5 ശതമാനമായി കുറയ്ക്കാനായിരുന്നു ധാരണ.
മുതിര്‍ന്ന പൗരന്മാര്ക്കുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്രീമിയങ്ങളിലും ഫാമിലി പ്ലാനുകള്‍ ഉള്‍പ്പെടെ എല്ലാവരുടെയും ടേം ലൈഫ് ഇന്‍ഷ്വറന്‍സ് പ്രീമിയങ്ങളിലും ജിഎസ്ടി ഒഴിവാക്കുന്നതും പരിഗണിച്ചിരുന്നു. കവറേജ് പരിഗണിക്കാതെ മുതിര്‍ന്ന പൗരന്മാര് അടയ്ക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ഇളവ് അനുവദിക്കുന്ന കാര്യവും ചർച്ചാവിഷയമായിരുന്നു.
സ്വിഗി, സൊമാറ്റോ പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിന്റെ നികുതി 18 ശതമാനത്തിൽനിന്ന് അഞ്ചായി കുറയ്ക്കാനുള്ള നിർദേശത്തിലും യോഗം തീരുമാനമെടുത്തില്ല.
വ്യോമയാന ഇന്ധനം ജിഎസ്ടി പരിധിയിൽ കൊണ്ടുവരുന്നതിനെ സംസ്ഥാനങ്ങൾ എതിർക്കുകയാണെന്ന് ധനമന്ത്രി സീതാരാമൻ വിശദീകരിച്ചു.
ക്രൂഡ്, പെട്രോളിയം, ഡീസൽ തുടങ്ങിയവയിൽ ഉൾപ്പെടുന്നവയായതിനാൽ വ്യോമയാന ഇന്ധനത്തെ മാത്രമായി ജിഎസ്ടി പരിധിയിലേക്കു കൊണ്ടുവരാനാവില്ല എന്നതാണ് സംസ്ഥാനങ്ങളുടെ വാദമെന്നും കൗൺസിൽ യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കവേ അവർ പറഞ്ഞു.