ഏഷ്യൻ റബർ വിപണികളെ കുലുക്കി ഊഹക്കച്ചവടക്കാർ
വിപണിവിശേഷം /കെ.ബി. ഉദയഭാനു
Monday, October 7, 2024 1:05 AM IST
റബർ വിപണിയിലെ വൻശക്തിയായ ചൈനയുടെ അഭാവത്തിൽ ഊഹക്കച്ചവടക്കാർ ഉത്പന്ന വിലയെ അമ്മാനമാടി, ഇന്ത്യൻ റബറിനും കാലിടറിയത് ഉത്പാദകരെ ഞെട്ടിച്ചു. നവരാത്രി ഡിമാൻഡ് കഴിഞ്ഞു, ഇനി കൊപ്രയുടെ പ്രതീക്ഷ ദീപാവലിയിൽ. ആഗോള കുരുമുളക് ഉത്പാദനം കുറയുന്നു, കരുതലോടെ നീക്കം നടത്തിയാൽ വരും വർഷങ്ങളിൽ ആകർഷകമായ വില ഉറപ്പുവരുത്താം. സ്വർണം വെട്ടിത്തിളങ്ങി.
സംഘടിച്ച് ഊഹക്കച്ചവടക്കാർ
ഊഹക്കച്ചവടക്കാർ ഏഷ്യൻ റബർ വിപണികളെ പിടിച്ചുലച്ചു. ഒസാക്ക എക്സ്ചേഞ്ചിൽ ഡിസംബർ അവധിയെ 390ൽനിന്നും 420യെന്നിലേയ്ക്ക് ഉയർത്തിയ ശേഷമാണ് അവർ തകർക്കാൻ തുടങ്ങിയത്. ഫണ്ടുകളും ഊഹക്കച്ചവടക്കാരും രണ്ട് വഞ്ചിയിൽ കാലു ചവിട്ടിയാണ് ഈ മത്സരത്തിനിറങ്ങിയത്. ജപ്പാനിൽ റബറിനെ ഇടിച്ചു താഴ്ത്തിയ അവർ സിംഗപ്പുർ എക്സ്ചേഞ്ചിൽ റബറിനെ വാരിപ്പുണർന്ന് 200 ഡോളറിൽനിന്നും 218ലേയ്ക്ക് ഉയർത്തി. വിപണിയിൽ അരങ്ങേറിയത് ഫണ്ടുകളുടെ സംഘടിത നീക്കമായിരുന്നു.
കളത്തിലിറങ്ങി ചൈന
വാരത്തിന്റെ തുടക്കത്തിൽ ജാപ്പനീസ് യെന്നിന്റെ മൂല്യം ഇടിഞ്ഞത് റബർ അവധിയിൽ കനത്ത വാങ്ങലിന് അവസരമൊരുക്കി. ചൈനീസ് സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസവും ഒത്തു ചേർന്നത് വിപണിയുടെ അടിയോഴുക്ക് കൂടുതൽ ശക്തമാക്കി. എന്നാൽ, പിന്നീട് സംഭവിച്ച വിലത്തകർച്ചയുടെ തിരക്കഥ രചിച്ചത് ചൈന തന്നെയാണോ? അങ്ങനെ തന്നെ നാം ചിന്തിക്കണം, കാരണം തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റാൻ അവരേക്കാൾ കേമൻ വിപണിയിൽ മറ്റാരുമില്ല. ബിജിംഗിലെ ടയർ ലോബി കലക്കവെള്ളത്തിൽനിന്നു മീൻ പിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ചൂണ്ട ഇട്ടത്.
അതിലവർ വിജയിക്കുമെന്ന് തന്നെ ഉറപ്പിക്കാം. ഓട്ടോമൊബൈൽ മേഖലയ്ക്ക് വൻതോതിൽ റബർ ആവശ്യമായുണ്ട്. ഒരാഴ്ച നീണ്ട ദേശീയ അവധിക്കിടയിൽ രാജ്യാന്തര റബർ വിപണിയെ ഉഴുതുമറിച്ച് ഏറ്റവും താഴ്ന്ന റേഞ്ചിൽ പുതിയ ബയിംഗിന് അവർ അവസരം കണ്ടെത്തും. സാങ്കേതികമായി വീക്ഷിച്ചാൽ ജപ്പാൻ, സിംഗപ്പുർ വിപണികളിൽ റബർ ബുള്ളിഷാണ്.
എൽ നിനോ പ്രതിഭാസത്തിൽനിന്നു ലാ നിനയിലേക്ക് കാര്യങ്ങൾ മാറുകയാണ്, പ്രതികൂല കാലാവസ്ഥ മൂലം നടപ്പ് വർഷം റബർ വിതരണം നേരത്തേ പ്രവചിച്ച 14.54 ദശലക്ഷം ടണ്ണിൽനിന്ന് 14.50 ദശലക്ഷമായി കുറയുമെന്ന് പ്രകൃതിറബർ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ അസോസിയേഷൻ. വരുന്ന നാല് വർഷങ്ങളിൽ ഉത്പാദനത്തിലെ പ്രതിസന്ധി നിലനിൽക്കുമെന്നതിനാൽ ഓരോ വർഷവും ആറ് മുതൽ എട്ട് ലക്ഷം ടണ്ണിന്റെ കുറവിന് സാധ്യത. അതേസമയം, ഈ വർഷം റബറിന് നേരത്തേ പ്രതീക്ഷിച്ചതിനെക്കാൾ ഡിമാൻഡ് ഉയരുമെന്നും അവർ പ്രവചിക്കുന്നു.
കേരളത്തിലും ഇടിവ്
സംസ്ഥാനത്ത് റബർ വില ക്വിന്റലിന് 1100 രൂപ ഇടിഞ്ഞു. 22,500 രൂപയിൽനിന്നും നാലാം ഗ്രേഡ് റബർ 21,400 രൂപയായി. ഈ നിരക്കിലും ചരക്ക് സംഭരിക്കാതെ ടയർ ലോബി കൊച്ചി, കോട്ടയം വിപണികളിൽനിന്നും അകന്നത് സ്റ്റോക്കിസ്റ്റുകളിൽ സമ്മർദം ഉളവാക്കി. പരിഭ്രാന്തരായ മധ്യവർത്തികൾ ഈ വാരം തുടക്കത്തിൽ വിൽപനയ്ക്ക് മുതിർന്നാൽ സ്ഥിതി കൂടുതൽ സങ്കീർണമാകും. ഇടനിലക്കാർ സംയമനം പാലിച്ചാൽ ആഭ്യന്തര വിപണിയിലെ തളർച്ചയെ തടയാനുമാകും. മികച്ച കാലാവസ്ഥ ഒട്ടുമിക്ക തോട്ടങ്ങളിലും വെട്ട് വ്യാപകമാക്കി. റബർ കിലോ 200ന് മുകളിൽ നിലകൊള്ളുന്നതും ടാപ്പിംഗിന് കർഷകരെ പ്രേരിപ്പിക്കുന്നു.
ഒതുങ്ങി നാളികേരം
നവരാത്രി ബയിംഗ് പൂർത്തിയായതോടെ നാളികേരോത്പന്നങ്ങളുടെ കുതിപ്പ് താത്കാലികമായി നിലച്ചു. ഇനി എല്ലാ പ്രതീക്ഷകളും ദീപാവലിയിലാണ്. കൊപ്ര, ഉണ്ടക്കൊപ്രയും കാഴ്ചവച്ച അഭൂതപൂർവ വിലക്കയറ്റവും അവരുടെ പിൻമാറ്റത്തിന് കാരണമായി. അമിതമായി ചരക്ക് സംഭരിച്ചാൽ ഉയർന്നവില വിൽപനയെ ബാധിക്കുമോയെന്ന ആശങ്കയിലായിരുന്നു പലരും. മാസാരംഭമായതിനാൽ വെളിച്ചെണ്ണയ്ക്ക് പ്രാദേശിക ഡിമാൻഡുണ്ട്. കൊച്ചിയിൽ എണ്ണ 19,400ലും കൊപ്ര 13,000 രൂപയിലുമാണ്.
കരുത്താർജിക്കാൻ ഏലം
ഏലം വിളവെടുപ്പിനിടയിൽ ചരക്ക് വിറ്റുമാറാൻ കർഷകർ തിടുക്കം കാണിച്ചു. ഉയർന്ന കാർഷിക ചെലവുകൾ തന്നെയാണ് ചെറുകിടക്കാരെ തിടുക്കത്തിൽ ചരക്ക് കൈവിടാൻ പ്രേരിപ്പിക്കുന്നത്. വിളവെടുപ്പ് വൈകിയതിനാൽ ഉത്തരേന്ത്യൻ സ്റ്റോക്കിസ്റ്റുകൾക്ക് പുതിയ ഏലക്ക ആവശ്യാനുസരണം സംഭരിക്കാനായില്ല. അതുകൊണ്ടു തന്നെ ഉയർന്ന വിലയ്ക്കും ലേലത്തിൽ ഏലക്ക സംഘടിപ്പിക്കാൻ അവർ ഉത്സാഹിച്ചു.
കാർഷിക മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ ദീപാവലിക്ക് മുന്നോടിയായി ഉയർന്ന അളവിൽ പുതിയ ഏലക്ക ലേലത്തിൽ ഇറക്കാം. അറബ് രാജ്യങ്ങളിൽനിന്ന് ഉത്പന്നത്തിന് ഓർഡറുകളുണ്ട്. കൂടുതൽ ഓർഡറുകൾ വരും മാസങ്ങളിൽ പ്രതീക്ഷിക്കാം. അന്താരാഷ്ട്ര മാർക്കറ്റിൽ ഗ്വാട്ടിമലയുടെ അസാന്നിധ്യം വിലക്കയറ്റ സാധ്യതകൾക്ക് ശക്തിപകരും. വാരാന്ത്യം ശരാശരി ഇനങ്ങൾ കിലോ 2265 രൂപയിലും മികച്ചയിനങ്ങൾ 3052 രൂപയിലുമാണ്.
റിക്കാർഡ് തുടർക്കഥ
ആഭരണ വിപണികളിൽ സ്വർണം പുതിയ റിക്കാർഡ് സ്ഥാപിച്ചു. പവന് 56,760 രൂപയിൽനിന്നും സർവകാല റിക്കോർഡായ 56,960 വരെ ഉയർന്നു. ഒരു ഗ്രാം സ്വർണവില 7120 രൂപ. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 2658 ഡോളറിൽനിന്നും 2670 വരെ കയറിയെങ്കിലും വാരാന്ത്യം 2654 ഡോളറിലാണ്.
കുരുമുളകിന് ക്ഷാമം
അന്താരാഷ്ട്ര വിപണിയിൽ വരും മാസങ്ങളിൽ കുരുമുളക് ലഭ്യത ചുരുങ്ങുമെന്ന സൂചനയാണ് പുറത്തുവരുന്നത്. പ്രതികൂല കാലാവസ്ഥയ്ക്കിടയിൽ വിയറ്റ്നാം, ഇന്തോനേഷ്യ, ബ്രസീൽ എന്നിവിടങ്ങളിൽ മുളക് സ്റ്റോക്ക് കുറഞ്ഞു. അതുകൊണ്ടുതന്നെ സ്റ്റോക്കിന് കൂടിയ വില വൈകാതെ അവർ ആവശ്യപ്പെടാം. അടുത്ത സീസൺവരെയുള്ള നീക്കിയിരിപ്പ് പല രാജ്യങ്ങളിലും ചുരുങ്ങിയതിനാൽ കയറ്റുമതിക്കാർ കരുതലോടെയാകും ഇനി ഓരോ വിദേശ വ്യാപാരവും ഉറപ്പിക്കുക. യുഎസ്, യുറോപ്യൻ രാജ്യങ്ങളും രാജ്യാന്തര വിപണിയിലുണ്ട്.
ദീപാവലിക്ക് ആവശ്യമായ കുരുമുളക് ഉത്തരേന്ത്യൻ വാങ്ങലുകാർക്ക് ഇനിയും പൂർണമായി സംഭരിക്കാനായിട്ടില്ല. എന്നാൽ, നവരാത്രിക്കുള്ള ചരക്ക് ഇതിനകം ശേഖരിച്ചു. വില ഉയരുമെന്ന പ്രതീക്ഷയിൽ കാർഷിക മേഖല താഴ്ന്ന വിലയ്ക്ക് മുളക് കൈമാറാൻ താത്പര്യം കാണിച്ചില്ല. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 64,600 രൂപ. രാജ്യാന്തര വിപണിയിൽ മലബാർ മുളക് വില ടണ്ണിന് 8150 ഡോളർ.