ഓണം വിപണി : സപ്ലൈകോ നേടിയത് 123.5 കോടിയുടെ വിറ്റുവരവ്
Thursday, September 19, 2024 12:27 AM IST
കൊച്ചി: ഓണം വിപണിയില്‍ മികച്ച വരുമാന നേട്ടവുമായി സപ്ലൈകോ. വില്പനശാലകളില്നിന്ന് 123.56 കോടി രൂപയുടെ വിറ്റുവരവാണ് കഴിഞ്ഞ ഒന്നുമുതല്‍ 14 വരെയുള്ള ദിവസംകൊണ്ടു നേടിയത്.
ഇതില്‍ 66.83 കോടി രൂപ സബ്സിഡി ഇനങ്ങളുടെ വില്പനയിലൂടെ നേടിയതാണ്. സബ്സിഡി ഇതര ഇനങ്ങളുടെ വില്പനയിലൂടെ 56.73 കോടി രൂപ നേടി.
സപ്ലൈകോ പെട്രോള്‍ ബങ്കുകളിലെയും എല്‍പിജി ഔട്ട്ലെറ്റുകളിലെയും വിറ്റുവരവ് ഉള്‍പ്പെടാതെയുള്ള കണക്കാണിത്.
ഈ മാസം ഇതുവരെ അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി 26.24 ലക്ഷം പേരാണ് സപ്ലൈകോ വില്പനശാലകളെ ആശ്രയിച്ചത്. ഇതില്‍ 21.06 ലക്ഷം പേരാണ് അത്തം മുതല്‍ ഉത്രാടം വരെ സപ്ലൈകോയിലെത്തിയത്.
വരവില്‍ മുന്നില്‍ തിരുവനന്തപുരം
സപ്ലൈകോ 14 ജില്ലാ ഫെയറുകളില്‍ മാത്രം 4.03 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. സബ്സിഡി ഇനത്തില്‍ 2.36 കോടി രൂപയുടെയും സബ്സിഡി ഇതര ഇനത്തില്‍ 1.67 കോടി രൂപയുടെയും വിറ്റുവരവു നേടി.
ജില്ലാ ഫെയറുകളില്‍ ഏറ്റവും കൂടുതല്‍ വില്പന നടന്നത് തിരുവനന്തപുരത്താണ്, 68.01 ലക്ഷം രൂപ. സബ്സിഡി ഇനത്തില്‍ 39.12 ലക്ഷം രൂപയുടെയും സബ്സിഡി ഇതര ഇനത്തില്‍ 28.89 ലക്ഷം രൂപയുടെയും വിറ്റുവരവ് നടന്നു.
തൃശൂര്‍ (42.29 ലക്ഷം രൂപ), കൊല്ലം (40.95 ലക്ഷം രൂപ), കണ്ണൂര്‍ (39.17 ലക്ഷം രൂപ) ജില്ല ഫെയറുകളാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. പാലക്കാട് ജില്ലാ ഫെയറില്‍ 34.10 ലക്ഷം രൂപയുടെയും കോഴിക്കോട് ജില്ലാ ഫെയറില്‍ 28.68 ലക്ഷം രൂപയുടെയും വിറ്റുവരവുണ്ടായി.
ആറു മുതല്‍ 14വരെ ദിവസവും രണ്ടു മണിക്കൂര്‍ വീതം നടത്തിയ ഡീപ് ഡിസ്കൗണ്ട് സെയിലിലൂടെ 1.57 ലക്ഷം ഉപഭോക്താക്കള്‍ സാധനങ്ങള്‍ വാങ്ങി.