യുപിഐ വഴിയുള്ള ഇടപാട് പരിധി ഉയർത്തി
Tuesday, September 17, 2024 12:50 AM IST
യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകളുടെ പരിധി ഉയർത്തി. ഇന്നലെ മുതലാണ് പരിധി ഉയർത്തിയുള്ള ഇടപാടുകൾ ആരംഭിച്ചത്.
രാജ്യത്തെ ദശലക്ഷക്കണക്കിനു നികുതിദായകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്ന പ്രഖ്യാപനമാണ് നാഷണൽ പെയ്മെന്റ്് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) നടത്തിയിരിക്കുന്നത്. ഇതോടെ അഞ്ചു ലക്ഷം രൂപ വരെയുള്ള നികുതി അടവുകൾ നടത്താനാകും. മുന്പ് ഒരു ലക്ഷം രൂപ വരെയായിരുന്നു പരിധി.
നികുതി അടവുകൾ കൂടാതെ ആശുപത്രി ബില്ലുകൾ, വിദ്യാഭ്യാസ സംബന്ധമായ സർവീസുകൾ, ഐപിഒകൾ, ആർബിഐ റീട്ടെയിൽ ഡയറക്ട് സ്കീമുകൾ എന്നിവയ്ക്കാണ് അഞ്ചു ലക്ഷം രൂപ വരെയുള്ള ഇടപാടുകൾ ചെയ്യാൻ സാധിക്കുക.
നികുതി അടവ് പ്രക്രിയ ലളിതമാക്കാനും ഉയർന്ന മൂല്യമുള്ള ഇടപാടുകൾക്കായി യുപിഐ ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് പുതിയ പരിഷ്കാരം കൊണ്ടുവന്നിരിക്കുന്നത്.
ബാങ്കുകളും യുപിഐ ആപ്പുകളും പുതിയ പുതിയ പരിധിയിലേക്ക് മാറാൻ നടപടി സ്വീകരിക്കണമെന്ന് എൻപിസിഐ നിർദ്ദേശം നൽകിയിട്ടുണ്ട്. ബാങ്ക്, യുപിഐ ആപ്പുകൾ എന്നിവ ഈ മാറ്റത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ഉപയോക്താക്കൾ ഉറപ്പാക്കണം.