കൊച്ചിക്കു പുതിയ ഊര്‍ജമാകാന്‍ ഗ്രീന്‍ ഹൈഡ്രജന്‍ വാലി വരുന്നു
Saturday, September 14, 2024 11:14 PM IST
കൊച്ചി: കേരളത്തിന്റെ ‘ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബാകാന്‍’ കൊച്ചി ഒരുങ്ങുന്നു. ഭാവിയുടെ ഇന്ധനമായ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന പദ്ധതികളുടെ നടത്തിപ്പുചുമതല അനര്‍ട്ടിനാണ്.
സംസ്ഥാന സര്‍ക്കാരിന്റെ സീറോ എമിഷന്‍ ഗതാഗത ഉപയോഗത്തിനാകും പദ്ധതിയുടെ ആദ്യഘട്ടം മുന്‍ഗണന നല്‍കുക. രണ്ടാംഘട്ടത്തില്‍ റിഫൈനറികള്‍, വളം, കെമിക്കല്‍ പ്ലാന്റുകള്‍ എന്നിവയില്‍നിന്നുള്ള ഗ്രീന്‍ ഹൈഡ്രജന്റെ വ്യാവസായിക ആവശ്യം കൂടുന്ന ക്രമത്തിൽ, ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബിന്റെ ശേഷി വിപുലീകരണത്തിനും കാരണമായേക്കും.
കൊച്ചിയില്‍ ഗ്രീന്‍ ഹൈഡ്രജന്‍ വാലി സജ്ജമാക്കുന്നതിന് 50 കോടി രൂപയുടെ കേന്ദ്രഫണ്ടിന് തത്വത്തില്‍ അംഗീകാരമായിരുന്നു. ഉത്പാദനം, സംഭരണം, വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കല്‍ എന്നിവയാണു പദ്ധതിയിലുള്ളത്. പരീക്ഷണം വിജയിച്ചാല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങും.
പ്രകൃതിസൗഹൃദമായ ഗ്രീന്‍ ഹൈഡ്രജന്‍ ഇന്ധനം ഒന്നിലേറെ മേഖലകളില്‍ ഉപയോഗിക്കുന്ന പ്രദേശമാണു ഗ്രീന്‍ ഹൈഡ്രജന്‍ വാലി. ഗ്രീന്‍ ഹൈഡ്രജന്‍ പ്രോത്സാഹനത്തിനായി 200 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവച്ചിരുന്നു.
ഗ്രീൻ ഹൈഡ്രജന്‍
സോളാര്‍, കാറ്റ് തുടങ്ങിയ പുനരുപയോഗ ഊര്ജസ്രോതസുകളില്നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ഇലക്ട്രോളിസിസ് പ്രക്രിയകൊണ്ടു വെള്ളത്തില്‍നിന്നു വേര്‍തിരിച്ചെടുക്കുന്നതാണു ഗ്രീന്‍ ഹൈഡ്രജന്‍.
ഗ്രീന്‍ ഹൈഡ്രജന്‍ വാലിയില്‍ എന്തൊക്കെ?
►കൊച്ചിയില്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദന പ്ലാന്‍.
►കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ഹൈഡ്രജന്‍ ബസ് സര്‍വീസുകള്‍.
►മെട്രോ ഫീഡര്‍ ബസുകള്‍
►വാട്ടര്‍ മെട്രോയ്ക്കു കീഴില്‍ ഹൈഡ്രജന്‍ ബോട്ട്.
►ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സ് (ടിസിസി) ഉത്പാദിപ്പിക്കുന്ന ഹൈഡ്രജന്‍ കൂടുതല്‍ പ്രകൃതിസൗഹൃദമാക്കും.
►സിറ്റി ഗ്യാസ് പദ്ധതിയില്‍ പ്രകൃതിവാതകത്തിനൊപ്പം അഞ്ചു ശതമാനം ഗ്രീന്‍ ഹൈഡ്രജന്‍ ചേര്‍ക്കും (ബ്ലെന്‍ഡിംഗ്).