തമിഴ്നാട്ടിലേക്ക് തിരിച്ചുവരാൻ ഫോർഡ്
Saturday, September 14, 2024 12:01 AM IST
ചെന്നൈ: പ്രവർത്തനം അവസാനിപ്പിച്ച് ഇന്ത്യ വിട്ട ഫോർഡ് മോട്ടോഴ്സ് തിരിച്ചെത്താനുള്ള വഴിയൊരുങ്ങുന്നുന്നതായി റിപ്പോർട്ട്. വാഹനങ്ങൾ ഇന്ത്യയിൽ നിർമിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യാനാണ് കന്പനിയുടെ പുതിയ വരവ്.
ചെന്നൈ പ്ലാന്റ് വീണ്ടും പ്രവർത്തിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് കാണിച്ച് ഫോർഡ് തമിഴ്നാട് സർക്കാരിന് കത്തയച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ കന്പനി അധികൃതർ തമിഴ്നാട് സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞദിവസം യുഎസ് സന്ദർശനത്തിനിടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഫോർഡ് അധികൃതരുമായി ചർച്ച നടത്തിയിരുന്നു. ചെന്നൈയിലേക്ക് തിരിച്ചുവരണമെന്നും എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നൽകാമെന്നും സ്റ്റാലിൻ ഫോർഡിന് വാഗ്ദാനം നല്കിയിരുന്നു.
ചൈനയും അമേരിക്കയും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയാണ് ഇന്ത്യയുടേത്. ലോകത്തെ ജനപ്രിയ കാർ നിർമാതാക്കളിലൊന്നായ ഫോർഡ് 1995ലാണ് ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചത്.
തമിഴ്നാട്ടിലെ മറൈമലൈ നഗറിലും ഗുജറാത്തിലെ സാനന്ദിലുമാണ് ഫാക്ടറികളുണ്ടായിരുന്നത്. ഈ പ്ലാന്റുകൾക്ക് പ്രതിവർഷം നാലു ലക്ഷം കാറുകൾ ഉത്പാദിപ്പിക്കാൻ കഴിയുമായിരുന്നെങ്കിലും ആവശ്യക്കാരില്ലാതിരുന്നതിനാൽ ഉത്പാദനം 80,000ൽ ഒതുങ്ങി.
ഇന്ത്യയിൽ നിർമിക്കുന്ന കാറുകൾ 32 രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്തിരുന്നത്. വൻ നഷ്ടം വന്നതിനെത്തുടർന്ന് 2021ൽ ആദ്യം ആഭ്യന്തര വിൽപ്പനയ്ക്കായുള്ള കാറുകളുടെ നിർമാണമാണ് അവസാനിപ്പിച്ചത്, 2022ൽ കയറ്റുമതിയും നിർത്തലാക്കി.
ഗുജറാത്തിലെ ഫാക്ടറി വിറ്റെങ്കിലും തമിഴ്നാട്ടിലെ ഫാക്ടറി ഇപ്പോഴും കൈയൊഴിഞ്ഞിട്ടില്ല. ഫോർഡ് പുതുതായി വിപണിയിലിറക്കുന്ന വൈദ്യുത കാറുകൾ ചെന്നൈയിലെ പ്ലാന്റിലായിരിക്കും നിർമിക്കുക എന്നാണ് സൂചന.
എസ്യുവിയായ എൻഡവർ നേരത്തേ ഇവിടെയാണ് നിർമിച്ചിരുന്നത്. അത് പുനരാരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഫാക്ടറി തുറന്നാൽ 3,000-ത്തിലേറെ ആളുകൾക്ക് തൊഴിൽ ലഭിക്കും. ചെന്നൈയിലെ മധ്യമലയിൽ ഏകദേശം 350 ഏക്കർ സ്ഥലത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.