ഇലക്ട്രിക് വാഹന വില കുറയും ; മന്ത്രിയുടെ വാക്ക്
Monday, September 9, 2024 11:21 PM IST
ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിലയിലെത്തുന്ന കാലം ഉണ്ടാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. രണ്ടു വർഷത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ വില നൽകേണ്ട സ്ഥിതി മാറുമെന്നും പെട്രോൾ, ഡീസൽ, ഇലക്ട്രോണിക് വാഹനങ്ങൾക്ക് ഒരേ വിലയായിരിക്കുമുണ്ടാകുകയെന്നു മന്ത്രി പറഞ്ഞു.
ഓട്ടോമോട്ടീവ് കന്പോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ 64-ാമത് വാർഷികസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോള തലത്തിൽ ഇന്ത്യയെ ഒന്നാം നന്പർ വാഹന നിർമാണ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഗഡ്കരി പറഞ്ഞു.
10 വർഷം മുന്പ് ഇലക്ട്രിക് വാഹനങ്ങൾക്കു വേണ്ടി താൻ വാദിച്ചു തുടങ്ങിയ കാലത്ത് വൻകിട വാഹന നിർമാതാക്കൾ അതത്ര കാര്യമാക്കിയില്ല. ഇന്ന് വൈകിപ്പോയെന്ന തോന്നലാണ് അവർക്കെന്നും ഗഡ്കരി പറഞ്ഞു. .
ഇലക്ട്രിക് വാഹനങ്ങൾക്ക് അധിക സബ്സിഡിയോ ആനുകൂല്യങ്ങളോ നൽകാൻ ധന, വ്യവസായ മന്ത്രാലയങ്ങൾ തീരുമാനിച്ചാൽ അതിന് താൻ എതിരല്ല. എന്നാൽ രണ്ടു വർഷത്തിനപ്പുറം ഈ ആനുകൂല്യങ്ങൾ ആവശ്യമാണെന്ന് കരുതുന്നില്ല. പെട്രോൾ, ഡീസൽ വാഹനങ്ങളുടെയും ഇവികളുടെയും ചെലവ് ഏതാണ്ട് ഒന്നു തന്നെയായി അപ്പോഴേക്കും മാറുമെന്ന് ഗഡ്കരി കൂട്ടിച്ചേർത്തു.
ചെലവ് ലാഭിക്കുന്ന ഇന്ധന സാങ്കേതികവിദ്യകളും മലിനീകരണം കുറയ്ക്കുന്ന ബദലുകളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ തൊഴിൽ ചെലവ്, ഉയർന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങൾ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകൾ എന്നിവയാണ് മത്സരരംഗത്ത് ഇന്ത്യക്കുള്ള നേട്ടങ്ങൾ.
സർക്കാർ സ്ക്രാപ്പിംഗ് നയത്തിൽ ശ്രദ്ധിക്കുന്നുണ്ട്. ഇതനുസരിച്ച് അലുമിനിയം, ചെന്പ്, സ്റ്റീൽ, റബർ തുടങ്ങിയ സാമഗ്രികളുടെ പുനരുപയോഗം വഴി ഉത്പാദനച്ചെലവ് 30 ശതമാനം വരെ കുറയ്ക്കാൻ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ രേഖപ്പെടുത്തി.
ഉപയോക്താക്കൾക്ക് അവരുടെ പഴയ വാഹനങ്ങൾ ഒഴിവാക്കുന്പോൾ പുതിയ വാഹനങ്ങൾക്ക് മൂന്നു ശതമാനം വരെ കിഴിവ് ലഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ നയം പുതിയ വാഹനങ്ങളുടെ വില കുറയ്ക്കുമെന്നും നിർമാണച്ചെലവ് കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
താൻ ഡീസലിനും പെട്രോളിനും എതിരല്ല. എന്നാൽ, ഇന്ത്യ ഫോസിൽ ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കണം. നിലവിൽ 22 ലക്ഷം കോടി രൂപയാണ് ചെലവാക്കുന്നത്. ചെലവ് കുറഞ്ഞതും മലിനീകരണ രഹിതവുമായ ബദൽ മാർഗങ്ങളിലേക്ക് മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുത വാഹനങ്ങൾ (ഇവികൾ), എഥനോൾ പോലുള്ള ജൈവ ഇന്ധനങ്ങളിൽ ഓടുന്ന വാഹനങ്ങൾ എന്നിവയിലേക്കുള്ള മാറ്റത്തെ പ്രോത്സാഹിപ്പിക്കണം. അടുത്തിടെ പുറത്തിറക്കിയ ബജാജ് സിഎൻജി ബൈക്ക് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പെട്രോൾ ബൈക്കിന് രണ്ടു രൂപ വേണ്ടിവരുന്പോൾ ഒരു സിഎൻജി ബൈക്ക് ഓടിക്കാനുള്ള ചെലവ് കിലോമീറ്ററിന് ഒരു രൂപ മാത്രമാണെന്നും ഗഡ്കരി ഓർമ്മിപ്പിച്ചു. കൂടാതെ, കർഷകർക്ക് എഥനോൾ ഉൽപ്പാദനത്തിൽ നിന്ന് പ്രയോജനം ലഭിക്കും. ജൈവ ഇന്ധനമെന്ന നിലയിൽ എഥനോളിന്റെ ആവശ്യകത വർദ്ധിച്ചതിനാൽ ചോളത്തിന്റെ വില ഇരട്ടിയായതായും മന്ത്രി പറഞ്ഞു.