സീസണെത്തിയിട്ടും ആവശ്യക്കാരില്ലാതെ ചുക്ക്
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, September 9, 2024 12:41 AM IST
കൊച്ചി: ചുക്ക് സ്റ്റോക്കിസ്റ്റുകൾ സമ്മർദത്തിൽ, ശൈത്യകാലമടുത്തിട്ടും ഉത്പന്നത്തിന് ആഭ്യന്തര ആവശ്യക്കാരില്ല. ഏഷ്യൻ റബറിൽ സാങ്കേതിക തിരുത്തൽ, വാരാന്ത്യം ഓപ്പറേറ്റർമാർ ഷോട്ട് കവറിംഗിന് ഉത്സാഹിച്ചു. ഓണാഘോഷങ്ങൾ കഴിയുന്നതോടെ സംസ്ഥാനത്ത് റബർ ടാപ്പിംഗ് ഊർജിതമാകുമെന്ന പ്രതീക്ഷയിൽ ടയർ കന്പനികൾ. കുരുമുളകു വില വീണ്ടും ഉയർന്നു. ഓണം കഴിഞ്ഞാൽ വെളിച്ചെണ്ണവിപണി വഴുതുമോ, മില്ലുകാർ ആശങ്കയിൽ.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ശൈത്യകാലത്തിലേക്ക് തിരിയും മുന്പേ ചുക്ക് സംഭരിക്കാൻ ഉത്സാഹിക്കാറുള്ള അന്തസംസ്ഥാന വാങ്ങലുകാർ ഇക്കുറി തണുപ്പൻ മനോഭാവത്തിലാണ്. കേരളത്തിലെയും കർണാടകത്തിലെയും ഉത്പാദനകേന്ദ്രങ്ങളിലും വിപണികളിലും ഉയർന്ന അളവിൽ ചുക്കുണ്ട്. സാധാരണ ഓഗസ്റ്റ്-സെപ്റ്റംബറിൽ ഉത്പന്നത്തിന് വൻ ഓർഡറുകൾ എത്താറുണ്ടങ്കിലും ഇക്കുറി ചുക്ക് വിപണി നിർജീവമാണ്. അധികകാലം ചരക്ക് സൂക്ഷിച്ചാൽ കുത്തൽ വീഴുമെന്ന ഭീതിയും സ്റ്റോക്കിസ്റ്റുകൾക്കുണ്ട്.
നമ്മുടെ വലിയൊരു വിഭാഗം ഇഞ്ചി കർഷകർ കർണാടകം കേന്ദ്രീകരിച്ചാണ് കൃഷിയിറക്കുന്നത്. പാട്ടത്തിനു ഭൂമിയെടുത്ത് ഇഞ്ചി വിളയിച്ച് ചുക്ക് ഉത്പാദിപ്പിച്ച പലരും കനത്ത സാമ്പത്തികനഷ്ടത്തിലാണ്. സീസൺ കാലയളവിൽ പച്ച ഇഞ്ചി വില ഉയർന്നുനിന്നതിനാൽ കൂടുതൽ മെച്ചപ്പെട്ട ഉറപ്പ് വരുത്താനായില്ലെങ്കിൽ ഉത്പാദകർ നഷ്ടത്തിലാകും. കൊച്ചിയിൽ വാരാന്ത്യം വിവിധയിനം ചുക്ക് 36,000 -38,000 രൂപയിലാണ്. ഇതിനിടയിൽ അറബ് നാടുകളിൽനിന്നും പുതിയ ഓർഡറുകളെത്തുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം കയറ്റുമതിക്കാർ.
വിലയിടിഞ്ഞ് റബർ
രാജ്യാന്തര റബർ മാർക്കറ്റ് ഓവർ ബോട്ട് മേഖലയിൽനിന്നും ശക്തമായ സാങ്കേതിക തിരുത്തലിന് വിധേയമായി. ഒസാക്ക എക്സ്ചേഞ്ചിൽ റബർ അമിത വാങ്ങൽ മൂലം ആടി ഉലയാനുള്ള ഒരുക്കത്തിലാണെന്ന് മുൻവാരം സൂചിപ്പിച്ചത് ശരിവച്ച് ഉത്പന്ന വില ഇടിഞ്ഞു.
കിലോ 387 യെന്നിൽ ഉടലെടുത്ത ലാഭമെടുപ്പ് ഒരവസരത്തിൽ മുൻവാരം സൂചിപ്പിച്ച 368 യെന്നിലെ സപ്പോർട്ട് തകർത്ത് റബർ 346 യെന്നിലേക്ക് താഴ്ന്നു. ഈ അവസരത്തിൽ ഊഹക്കച്ചടക്കാർ കവറിംഗിന് ഉത്സാഹിച്ചത് മാർക്കറ്റ് ക്ലോസിംഗിൽ നിരക്ക് 360 യെന്നിലേക്ക് ഉയർത്തി. ജപ്പാനിൽ പിന്നിട്ടവാരം റബർ വില അഞ്ച് ശതമാനം ഇടിഞ്ഞു. സിംഗപ്പൂർ എക്സ്ചേഞ്ചിൽ ടിഎസ്ആർ റബർ മുൻ വാരത്തിലെ 182 ഡോളറിൽനിന്നും 160 ലേക്ക് ഇടിഞ്ഞശേഷം വാരാന്ത്യം 180 ഡോളറിലാണ്. പ്രതിദിന ചാർട്ടിൽ റബർ ബുള്ളിഷെങ്കിലും തിരുത്തലിനുള്ള ശ്രമത്തിലാണ്.
തായ്ലൻഡിലെ കാലാവസ്ഥയിൽ ചെറിയ മാറ്റം കണ്ടുതുടങ്ങി. മഴ കുറയുന്ന പശ്ചാത്തലത്തിൽ ടാപ്പിംഗ് രംഗം വരുംദിനങ്ങളിൽ സജീവമാകുമെന്നാണ് അവിടെനിന്നുള്ള വിവരം. പുതിയ സാഹചര്യത്തിൽ മാസാവസാനം ചരക്കുവരവ് ഉയരാനുള്ള സാധ്യതകൾ മുൻനിർത്തി കയറ്റുമതിക്കാർ വിദേശ വ്യാപാരങ്ങൾക്ക് ഉത്സാഹിക്കുന്നുണ്ട്. ബാങ്കോക്കിൽ ഷീറ്റ് വില 23,592 രൂപയിൽനിന്നും 22,251 രൂപയായി.
ഓണാഘോഷങ്ങൾ കഴിയുന്നതോടെ റബർ ഉത്പാദനരംഗം ഉണരുമെന്ന നിഗമനത്തിലാണ് ടയർ കന്പനികൾ. മാസത്തിന്റെ രണ്ടാം പകുതിയിൽ കാലാവസ്ഥ തെളിയുന്നതോടെ റബർവെട്ടിന് ഉത്പാദകർ കൂടുതൽ ഉത്സാഹിക്കും. പിന്നിട്ട വാരത്തിലും മുഖ്യവിപണികളിൽ ഷീറ്റുവരവ് കുറഞ്ഞ അളവിലായിരുന്നു. എന്നിട്ടും വ്യവസായികൾ നാലാം ഗ്രേഡ് റബർ 23,900ൽനിന്നും 22,900ലേക്ക് ഇടിച്ചു. അഞ്ചാം ഗ്രേഡ് 23,300ൽനിന്നും 22,600 രൂപയായി. ലാറ്റക്സ് വില 13,700ൽനിന്നും 13,000 രൂപയായി.
കുരുമുളകിന് ഡിമാൻഡ്
കുരുമുളകുവില നിത്യേന ഉയരുന്നത് മുൻനിർത്തി കാർഷിക മേഖല വിപണികളിലേക്കുള്ള ചരക്കുനീക്കം കുറച്ചു. ഹൈറേഞ്ച് മുളകിന് ഉത്തരേന്ത്യയിൽനിന്നും കൂടുതൽ അന്വേഷണങ്ങളുണ്ട്. ദീപാവലിക്കു മുന്നോടിയായുള്ള ചരക്കുസംഭരണ തിരക്കിലാണ് അന്തർസംസ്ഥാന വാങ്ങലുകാർ. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 65,000 രൂപയിൽനിന്നും 65,800 രൂപയായി.
തേയിലയ്ക്കു വില്ലനായി കാലാവസ്ഥ
കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ച ആഘാതത്തിൽ രാജ്യത്ത് തേയില ഉത്പാദനം കുറഞ്ഞു. ജൂൺ-ഓഗസ്റ്റ് കാലയളവിൽ ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യൻ തേയിലത്തോട്ടങ്ങളിലും കൊളുന്തുനുള്ള് സ്തംഭിച്ചതുമൂലം പ്രമുഖ ലേലകേന്ദ്രങ്ങളിൽ വരവ് ചുരുങ്ങിയത് വിലക്കയറ്റം സൃഷ്ടിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നും സിഐഎസ് രാജ്യങ്ങളിൽനിന്നുമുള്ള ഡിമാൻഡിൽ കിലോ ആറ് രൂപ വരെ കൊച്ചി ലേലത്തിൽ ഓർത്തഡോകസ് ഇനങ്ങൾക്ക് കയറി. ആഭ്യന്തര മാർക്കറ്റിന് പ്രിയപ്പെട്ട സിടിസി ഇനങ്ങളുടെ വിലയും വർധിച്ചു. കാലവർഷം ശക്തമായതാണ് കേരളത്തിലും തമിഴ്നാട്ടിലും കൊളുന്തുനുള്ള് നേരത്തേ തടസപ്പെടുത്തിയത്.
പ്രതികൂല കാലാവസ്ഥയിൽ വടക്കേ ഇന്ത്യയിലും ഓഗസ്റ്റിൽ ഉത്പാദനം ഇടിഞ്ഞു. ലേലത്തിൽ വരവ് കുറഞ്ഞതോടെ ചുരുങ്ങിയ ആഴ്ചകളിൽ കിലോ 25 മുതൽ 35 രൂപ വരെ വിവിധയിനങ്ങളുടെ വില ഉയർന്നു. ഉത്തരേന്ത്യൻ ഉത്സവദിനങ്ങളിലേക്ക് പ്രവേശിച്ചതിനാൽ കോൽക്കത്ത, ഗോഹട്ടി, സിലിഗുരി ലേലങ്ങളിൽ നിരക്ക് ഇനിയും ഉയരാം. അതേസമയം വില അമിതമായി ഉയർന്നാൽ വാങ്ങലുകാർ കൊച്ചി, കൂന്നുർ ലേലത്തിലേയ്ക്ക് ചുവടുമാറ്റാനും ഇടയുണ്ട്. ജനുവരി-ജൂലൈയിൽ രാജ്യത്ത് തേയില ഉത്പാദനം 14 ശതമാനം ഇടിഞ്ഞു. കാലാവസ്ഥ വ്യതിയാനങ്ങൾക്കൊപ്പം തോട്ടം മേഖലയെ ബാധിച്ച കിടബാധകളും തേയില ഉത്പാദനം കുറയാൻ ഇടയാക്കി.
കൊപ്ര സ്റ്റെഡി
ഓണപ്രതീക്ഷകൾക്കു മങ്ങലേറ്റ അവസ്ഥയിലാണ് കൊപ്രയാട്ട് വ്യവസായികൾ. വെളിച്ചെണ്ണവിപണി ചൂടുപിടിക്കുന്നതിനിടയിൽ സ്റ്റോക്ക് പരമാവധി വിറ്റുമാറാനുള്ള അണിയറനീക്കത്തിലായിരുന്നു അയൽസംസ്ഥാനത്തെ മില്ലുകാർ. മാസാരംഭമായിട്ടു പോലും പിന്നിട്ട വാരത്തിൽ കൊച്ചിയിൽ എണ്ണ 16,800 രൂപയിലും കൊപ്ര 10,500 രൂപയിലും സ്റ്റെഡിയാണ്.
സ്വർണവിലയിൽ ചാഞ്ചാട്ടം
ആഭരണ കേന്ദ്രങ്ങളിൽ സ്വർണവില വാരത്തിന്റെ ആദ്യ പകുതിയിൽ തുടർച്ചയായി നാല് ദിവസം 53,360 രൂപയിൽ നിലകൊണ്ട ശേഷം വെള്ളിയാഴ്ച 400 രൂപ ഉയർന്ന് 53,760 വ്യാപാരം നടന്നന്നെങ്കിലും വാരാന്ത്യം നിരക്ക് 53,440 രൂപയായി താഴ്ന്നു. ഒരു ഗ്രാം സ്വർണ വില 6680 രൂപ.
ഏലക്കയുടെ വരവിൽ ആശങ്ക
ലേലകേന്ദ്രങ്ങളിൽ വീണ്ടും ഏലക്ക പ്രവാഹം. സീസൺ ആരംഭത്തിനു മുന്പേ ശക്തമായ ചരക്കുവരവ് ഉത്പാദകരിൽ ആശങ്ക പരത്തുന്നു. ഇടപാടുകാർ വീണ്ടും റീപുള്ളിംഗിന് ശ്രമം നടത്തിയോയെന്ന സംശയത്തിലാണ് ഒരു വിഭാഗം കർഷകർ.
ഇത്തരത്തിൽ ചരക്ക് പ്രവഹിക്കണമെങ്കിൽ അതിനു പിന്നിൽ അയൽസംസ്ഥാനത്തെ ചില വൻശക്തികളുടെ സ്വാധീനമായി ഹൈറേഞ്ചിലെ കർഷകർ വിലയിരുത്തുന്നു. ശരാശരി ഇനങ്ങൾ കിലോ 2193 രൂപയിലും മികച്ചയിനങ്ങൾ 2707 രൂപയിലുമാണ് വാരാന്ത്യം. ദീപാവലി-നവരാത്രി വേളയിലെ ആവശ്യങ്ങൾ മുന്നിൽക്കണ്ട് ഉത്തരേന്ത്യകാർ ഏലക്ക സംഭരിക്കുന്നുണ്ട്.