ലോജിസ്റ്റിക് സെന്റർ ഉപേക്ഷിച്ച സംഭവം; സർക്കാരിനു മൗനമെന്ന് പവിഴം റൈസ് ഗ്രൂപ്പ്
Saturday, September 7, 2024 12:01 AM IST
കൊച്ചി: കയറ്റിറക്ക് തൊഴിലാളികളുടെ ഭീഷണിയെത്തുടർന്ന് പവിഴം റൈസ് ഗ്രൂപ്പ് കൊട്ടാരക്കരയിലെ നെടുവത്തൂരിൽ ആരംഭിക്കാനിരുന്ന ലോജിസ്റ്റിക് സെന്റർ ഉപേക്ഷിക്കേണ്ടിവന്ന സംഭവത്തിൽ സർക്കാർ മൗനം പാലിക്കുകയാണെന്ന് ചെയർമാൻ എൻ.പി. ജോർജ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി. രാജീവ്, ജി. ആർ അനിൽകുമാർ, കെ.ബി. ഗണേഷ് കുമാർ, പി. പ്രസാദ്, വി. ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബെഹനാൻ, എൽദോസ് കുന്നപ്പിള്ളി, കൊല്ലം കളക്ടർ, എസ്പി എന്നിവർക്കു നേരിട്ടും ഇ-മെയിലിലും പരാതികൾ നൽകിയിരുന്നു. എന്നാൽ, പരാതിയെക്കുറിച്ച് പിന്നീട് അന്വേഷിച്ചപ്പോൾ ഇവരിൽ പലരും പരാതി കണ്ടിട്ടില്ലെന്ന രീതിയിലാണു സംസാരിക്കുന്നത്.
മറ്റു ചിലർ ചുമട്ടുതൊഴിലാളികൾക്കെതിരേ ഇടപെടാൻ ബുദ്ധിമുട്ടുണ്ടെന്ന നിലപാടും സ്വീകരിക്കുന്നു. യന്ത്രവത്കൃത കയറ്റിറക്കിന് പ്രത്യേക പരിശീലനം ലഭിച്ച നാലു തൊഴിലാളികൾക്ക് അറ്റാച്ച്ഡ് വിഭാഗം ചുമട്ടുതൊഴിലാളികളായി രജിസ്ട്രേഷനും ലേബർ കാർഡും ലഭിക്കുന്നതിന് കൊട്ടാരക്കര അസിസ്റ്റന്റ് ലേബർ ഓഫീസർക്കു സമർപ്പിച്ച അപേക്ഷ നിരസിച്ചതും തിരിച്ചടിയായി.
അറ്റാച്ച്ഡ് കാർഡ് നൽകിയാൽ വർഷങ്ങളായി ഈ പ്രദേശത്തു ജോലി ചെയ്യുന്ന ബോർഡിന്റെ രജിസ്റ്റേർഡ് തൊഴിലാളികൾക്കു തൊഴിൽനഷ്ടം സംഭവിക്കുമെന്ന വിചിത്ര കാരണം പറഞ്ഞാണ് അപേക്ഷകൾ തള്ളിയത്.
യന്ത്രവത്കൃത കയറ്റിറക്കുപോലുള്ള ആധുനിക സംവിധാനങ്ങൾ അനുവദിക്കില്ലെന്ന യൂണിയനുകളുടെ പിടിവാശിയും വ്യവസായ വളർച്ചയ്ക്കു തുരങ്കംവയ്ക്കുന്ന ചുമട്ടുതൊഴിലാളികളുടെ നിലപാടുകളെ പിന്തുണയ്ക്കുന്ന നേതാക്കളും ഉദ്യോഗസ്ഥരും നാടിനാപത്താണ്.
തൊഴിലാളികളുടെ ഭീഷണിയും അധികൃതരുടെ നിസഹകരണവും നിലനിൽക്കുമ്പോൾ കോടതിയിൽനിന്നും അനുകൂല ഉത്തരവ് സമ്പാദിച്ച് ഒരു സ്ഥാപനം നടത്തുകയെന്നതു പ്രായോഗികമല്ല. കമ്പനിക്കു ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതിനു പുറമേ കോടികളുടെ നിക്ഷേപവും നിരവധി പ്രദേശവാസികൾക്കു തൊഴിലും ലഭിക്കാവുന്ന ഒരു പ്രസ്ഥാനമാണ് ഇതോടെ ഇല്ലാതായത്.
"നാലോ അഞ്ചോ ആളുകൾ കൊടിയും പിടിച്ചു വന്നാൽ ഏതു വ്യവസായസ്ഥാപനവും പൂട്ടിക്കാൻ സാധിക്കുന്ന വ്യവസായ അന്തരീക്ഷമാണു കേരളത്തിലേതെന്നത് ഏറെ നിരാശാജനകമാണ്. ചുമട്ടുതൊഴിലാളികളുടെ ഇത്തരം വ്യവസായവിരുദ്ധ നിലപാടുകളിൽ രാഷ്ട്രീയത്തിന് അതീതമായി സർക്കാരിന്റെയും രാഷ്ട്രീയ-ട്രേഡ് യൂണിയൻ നേതാക്കളുടെയും ശക്തമായ ഇടപെടലുകൾ ഉണ്ടാകണം'
- എൻ.പി. ജോർജ്, പവിഴം ഗ്രൂപ്പ് ചെയർമാൻ