താലിബാൻ പിറന്ന മദ്രസയിൽ ചാവേർ ആക്രമണം
Friday, February 28, 2025 11:35 PM IST
പെഷവാർ: താലിബാൻ രൂപംകൊണ്ട പാക്കിസ്ഥാനിലെ മദ്രസയിലുണ്ടായ ചാവേർ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു; 20 പേർക്കു പരിക്കേറ്റു. ഖൈബർ പക്തുൺഖ്വാ പ്രവിശ്യയിലെ നൗഷേരയിലുള്ള ദാരുൾ ഉലൂം ഹാഖാനിയ മതപഠനകേന്ദ്രത്തിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ സ്ഫോടനം ഉണ്ടാകുകയായിരുന്നു.
മദ്രസ വൈസ് ചാൻസലറും ജാമിയത്ത് ഉലമ ഇ ഇസ്ലാം (എസ്) രാഷ്ട്രീയ പാർട്ടിയുടെ മേധാവിയുമായ മൗലാന ഹമീദ് ഹഖ് ഹാഖാനിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. താലിബാന്റെ പിതാവ് എന്നറിയപ്പെടുന്ന മൗലാന സമി ഉൾ ഹഖിന്റെ മൂത്ത മകനാണു മൗലാന ഹമീദ്. ഇദ്ദേഹത്തെ ലക്ഷ്യംവച്ചായിരുന്നു ആക്രമണം എന്നു കരുതുന്നു.
മദ്രസയിലെ പ്രധാന ഹാളിൽ പ്രാർഥന നടക്കുന്നതിനിടെയാണു സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടില്ല. മൗലാന ഹമീദിന്റെ സുരക്ഷയ്ക്കായി ആറ് ഗാർഡുകളെ നിയമിച്ചിരുന്നുവെന്നു പോലീസ് അറിയിച്ചു. പരിക്കേറ്റവരിൽ മൂന്നു പോലീസുകാരും ഉൾപ്പെടുന്നുണ്ട്.
അഫ്ഗാൻ അതിർത്തിയോടു ചേർന്നു സ്ഥിതി ചെയ്യുന്ന ‘ജിഹാദ് യൂണിവേഴ്സിറ്റി’ എന്നറിയപ്പെടുന്ന ഈ മദ്രസയിലാണ് തൊണ്ണൂറുകളിൽ താലിബാൻ പ്രസ്ഥാനം രൂപംകൊണ്ടത്. മുതിർന്ന താലിബാൻ നേതാക്കളും കമാൻഡർമാരും ഇവിടത്തെ വിദ്യാർഥികളായിരുന്നു.
അഫ്ഗാനിസ്ഥാനിലെ കുപ്രസിദ്ധ ഹാഖാനി ശൃംഖലയുടെ സ്ഥാപകൻ ജലാലുദ്ദീൻ ഹാഖാനിയും ഇവിടെയാണു പഠിച്ചത്. ഇപ്പോഴും മൗലികവാദത്തിന്റെ വിളനിലമാണ് മദ്രസയെന്ന ആരോപണമുണ്ട്.
മുൻ പാക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മരണത്തിൽ മദ്രസാ വിദ്യാർഥികൾക്കു പങ്കുള്ളതായും ആരോപണം ഉയർന്നിരുന്നു.
താലിബാനെ വളർത്തിയ മൗലാന സമി ഉൾ ഹഖ് 2018ൽ വധിക്കപ്പെട്ടതിനെത്തുടർന്നാണ് മൗലാന ഹമീദ് മദ്രസാ മേധാവിയായത്. ഇദ്ദേഹം 2002 മുതൽ 2007 വരെ പാക് പാർലമെന്റിന്റെ അധോസഭയായ നാഷണൽ അസംബ്ലിയിൽ അംഗമായിരുന്നു.