അഴിമതി: ചൈനയിൽ വ്യവസായ മന്ത്രിയും പുറത്ത്
Friday, February 28, 2025 10:24 PM IST
ബെയ്ജിംഗ്: ചൈനയിലെ വ്യവസായ-സാങ്കേതിക വകുപ്പ് മന്ത്രി ജിൻ ഷുവാൻലോംഗിനെ പുറത്താക്കി. ചൈനീസ് വൃത്തങ്ങൾ ഇതിനുള്ള കാരണം വ്യക്തമാക്കിയില്ല. എന്നാൽ, അഴിമതിയുടെ പേരിലാണ് നടപടിയെന്നു സൂചനയുണ്ട്. ലിയാലോംഗ് പ്രവിശ്യയുടെ ഗവർണറായിരുന്ന ലി ലെച്ചെംഗ് ആണു പുതിയ മന്ത്രി.
സാങ്കേതികമേഖലയിൽ ചൈനയുടെ വളർച്ചയ്ക്കു നേതൃത്വം നല്കിയ ജിൻ രണ്ടു മാസമായി സർക്കാർ പരിപാടികളിൽ പങ്കെടുത്തിരുന്നില്ല. കൈക്കൂലി ക്കേസിൽ അദ്ദേഹത്തിനെതിരേ അന്വേഷണം ആരംഭിച്ചിരുന്നുവെന്നു ചില ചൈനീസ് വൃത്തങ്ങൾ പറഞ്ഞതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അടുത്തകാലത്ത് അഴിമതിയുടെ പേരിൽ കസേര തെറിക്കുന്ന നാലാമത്തെ മന്ത്രിയാണു ജിൻ.പ്രതിരോധം, കാർഷികം, വിദേശകാര്യം വകുപ്പ് മന്ത്രിമാരാണ് മുന്പ് പുറത്താക്കപ്പെട്ടത്.
പ്രസിഡന്റ് ഷി ചിൻപിംഗിന്റെ അഴിമതിവിരുദ്ധ നടപടികൾ ഉദ്യോഗസ്ഥർക്കിടയിൽ വൻ ഭീതി സൃഷ്ടിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ട്. കഴിഞ്ഞ വർഷം 8.89 ലക്ഷം ഉദ്യോഗസ്ഥരാണ് അഴിമതിയുടെ പേരിൽ അച്ചടക്ക നടപടികൾ നേരിട്ടത്.