മയോട്ടിൽ ചുഴലിക്കൊടുങ്കാറ്റ്: ആയിരം പേർ മരിച്ചു
Tuesday, December 17, 2024 12:00 AM IST
പാരീസ്: ഇന്ത്യൻ മഹാസമുദ്രത്തിലെ ഫ്രഞ്ച് പ്രദേശമായ മയോട്ടിലുണ്ടായ ചുഴലിക്കൊടുങ്കാറ്റിൽ ആയിരത്തോളം പേർ മരിച്ചതായി നിഗമനം. ചിഡോ എന്ന ചുഴലിക്കൊടുങ്കാറ്റ് ശനിയാഴ്ച രാത്രിയാണു വീശിയത്.
90 വർഷത്തിനിടെ ഇവിടെയുണ്ടാകുന്ന ഏറ്റവും വലിയ കൊടുങ്കാറ്റ് ദുരന്തമാണിത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിനും മഡഗാസ്കറിനും ഇടയിൽ രണ്ടു പ്രധാന ദ്വീപുകളായി സ്ഥിതിചെയ്യുന്ന മയോട്ടിലെ മൂന്നേകാൽ ലക്ഷം ജനസംഖ്യയിൽ നാലിൽ മൂന്നും ദരിദ്രരാണ്.
മണിക്കൂറിൽ 225 കിലോമീറ്റർ വേഗത്തിൽ വീശിയ കൊടുങ്കാറ്റിൽ ചേരിപ്രദേശങ്ങൾ ഒട്ടാകെ നശിച്ചുവെന്നാണു റിപ്പോർട്ട്. ഗവൺമെന്റ് കെട്ടിടങ്ങളും ആശുപത്രികളും നശിച്ചു.
മരണസംഖ്യ സംബന്ധിച്ച് കൃത്യതയില്ലെന്നാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം പാരീസിൽ അറിയിച്ചത്. നൂറുകണക്കിനു പേർ, അല്ലെങ്കിൽ ആയിരത്തോളം പേർ മരിച്ചിരിക്കാമെന്ന് മയോട്ടിലെ പ്രീഫെക്റ്റ് ഫ്രാൻസ്വാ സേവ്യർ ബ്യൂവിൽ പറഞ്ഞു.
ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബ്രൂണോ റെറ്റില്യൂ ഇന്നലെ മയോട്ടിൽ എത്തി. ഫ്രാൻസിൽനിന്നു രക്ഷാപ്രവർത്തകരും സഹായവസ്തുക്കളും എത്തിയിട്ടുണ്ട്.
എന്നാൽ, ദുരന്തബാധിത പ്രദേശങ്ങളിൽ മുഴുവൻ തെരച്ചിലാരംഭിക്കാൻ ഇന്നലെയും കഴിഞ്ഞില്ല. ഭക്ഷണം, വെള്ളം, ശുചിത്വസാമഗ്രികൾ എന്നിവ എത്തിക്കാൻ ഊർജിത നീക്കം നടക്കുന്നു.
ഫ്രാൻസിൽ പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
പാരീസിൽനിന്ന് 8,000 കിലോമീറ്റർ അകലെയാണ് മയോട്ട്. രേഖകളില്ലാത്ത ഒരു ലക്ഷത്തോളം കുടിയേറ്റക്കാരും ഇവിടെ പാർക്കുന്നുണ്ട്.