ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ ഇന്നും പ്രസക്തം: മാർപാപ്പ
Sunday, December 1, 2024 2:23 AM IST
വത്തിക്കാനിൽനിന്ന് ഫാ. പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ
വത്തിക്കാൻ സിറ്റി: സാമൂഹ്യവും മതപരവുമായ ഉണർവ് പ്രദാനം ചെയ്യുന്നതിനായി സ്വജീവിതം മാറ്റിവച്ച വ്യക്തിയായിരുന്നു ശ്രീനാരായണ ഗുരുവെന്ന് ഫ്രാൻസിസ് മാർപാപ്പ.
വംശീയവും മതപരവും സാംസ്കാരികവുമായ വൈവിധ്യങ്ങൾക്കുപരിയായി ഏവരും ഏകമനുഷ്യകുലത്തിലെ അംഗങ്ങളാണ് എന്ന വ്യക്തമായ സന്ദേശമായിരുന്നു അദ്ദേഹത്തിന്റേത്. യാതൊരു തരത്തിലുള്ള വേർതിരിവും ആരോടും കാട്ടരുതെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു.ഇത് ഇന്നത്തെ ലോകത്തും പ്രസക്തമാണെന്നും മാർപാപ്പ പറഞ്ഞു.
ആലുവയിൽ ശ്രീനാരായണ ഗുരു വിളിച്ചുചേർത്ത സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ വത്തിക്കാനിലെ ക്ലെമന്റൈൻ ഹാളിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർപാപ്പ.
വംശം, നിറം, ഭാഷ, മതം എന്നിവയുടെ പേരിലുള്ള വേർതിരിവും അകറ്റിനിർത്തലും നാം ഇന്നും കാണുന്നു. പാവപ്പെട്ടവരും ബലഹീനരുമാണ് ഇതിനെല്ലാം ഇരയാകുന്നതെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി.
ആധ്യാത്മിക നേതാവും സാമൂഹ്യപരിഷ്കർത്താവുമായ ശ്രീനാരായണ ഗുരു വിളിച്ചുചേർത്ത സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികം ആഘാഷിക്കാനെത്തിയിരിക്കുന്ന എല്ലാവരെയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് മാർപാപ്പ പറഞ്ഞു. സമ്മേളനത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന വിഷയം "മനുഷ്യവംശത്തിന്റെ നല്ല നാളേക്കായി മതങ്ങൾ ഒരുമിച്ച്’ എന്നതാണ്. ഇക്കാലത്ത് പ്രസക്തവും പ്രധാനപ്പെട്ടതുമായ വിഷയമാണിത്.
2019 ഫെബ്രുവരി നാലിന് അബുദാബിയിൽ ഗ്രാന്ഡ് ഇമാം അൽ അസർ അഹമ്മദ് അൽ ത്വയ്യിബുമൊത്ത് താൻ ഒപ്പുവച്ച ലോകസമാധാനത്തിനും ഒരുമിച്ചുള്ള ജീവിതത്തിനുമായുള്ള സുപ്രധാന രേഖ മാർപാപ്പ അനുസ്മരിച്ചു. അവകാശങ്ങളിലും കടമകളിലും അന്തസിലും തുല്യതയോടെയാണ് ദൈവം എല്ലാ മനുഷ്യരെയും സൃഷ്ടിച്ചിരിക്കുന്നതെന്നും സഹോദരീ സഹോദരന്മാരായി ഒരുമിച്ചു ജീവിക്കാനാണ് അവരെ വിളിച്ചിരിക്കുന്നതെന്നും ഈ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നു മാർപാപ്പ പറഞ്ഞു.
ഒരേ ദൈവത്തിന്റെ മക്കളെന്ന നിലയിൽ നാം വൈവിധ്യങ്ങളെ ബഹുമാനിക്കുകയും ഉൾക്കൊള്ളുകയും ചെയ്യണമെന്നാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്. പരസ്പരം സ്നേഹിക്കുന്നതോടൊപ്പം, നമ്മുടെ പൊതുഭവനമായ ഭൂമിയെയും സംരക്ഷിക്കണമെന്ന സന്ദേശവും ഇതിലുണ്ട്. മതങ്ങൾ നല്കുന്ന ഉത്തമസന്ദേശങ്ങൾ ഉൾക്കൊള്ളാനുള്ള വിമുഖതയാണ് ലോകത്തിലെ പ്രശ്നങ്ങൾക്കു കാരണം.
കഷ്ടതകൾക്കും വെല്ലുവിളികൾക്കും നടുവിലും സമാധാനപൂർണമായ സഹജീവിതം ഉറപ്പാക്കി സമാധാനസ്ഥാപകരായി വർത്തിച്ചാൽ മാത്രമേ മതങ്ങളുടെ മഹത്തരമായ പ്രബോധനങ്ങളുടെ മൂല്യം തിരിച്ചറിയൂ. നിരവധിയായ മതപാരന്പര്യങ്ങളുടെ അനുയായികളെന്ന നിലയിൽ, നാം മറ്റുള്ളവരുമായി സഹകരിച്ച്, പരസ്പരബഹുമാനം, അന്തസ്, കരുണ, അനുരഞ്ജനം, സാഹോദര്യത്തിലൂന്നിയ ഐക്യദാർഢ്യം എന്നിവയിൽ അധിഷ്ഠിതമായൊരു സംസ്കാരത്തെ പരിപോഷിപ്പിക്കണം.
നമുക്ക് പൊതുവായുള്ള ആധ്യാത്മിക സത്യങ്ങൾ, മൂല്യങ്ങൾ എന്നിവ ഉൾക്കൊണ്ടുകൊണ്ടും സ്വന്തം മതവിശ്വാസത്തിലും ബോധ്യങ്ങളിലും ഉറച്ചു നിന്നുകൊണ്ടും നമുക്ക് ഒന്നിച്ചു നടക്കാനും നല്ലൊരു നാളേക്കായി ഒന്നിച്ചു പ്രവർത്തിക്കാനും സാധിക്കുമെന്നും മാർപാപ്പ പറഞ്ഞു.