"ഹമാസിനെ തീർത്തു'; ഗാസയിലെത്തി നെതന്യാഹുവിന്റെ പ്രഖ്യാപനം
Thursday, November 21, 2024 2:33 AM IST
ടെൽ അവീവ്: യുദ്ധം തുടരുന്ന ഗാസയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെൽമെറ്റും ധരിച്ച്, ഗാസയിലെ കടത്തീരത്ത് നിന്ന് “ഹമാസ് ഇനി മടങ്ങിവരില്ല” എന്ന് നെതന്യാഹു അവകാശപ്പെടുന്ന വീഡിയോ പുറത്തുവന്നു. അദ്ദേഹംതന്നെയാണ് വീഡിയോ എക്സിൽ പങ്കുവച്ചത്.
ഇസ്രയേൽ സൈന്യത്തിന്റെ പ്രവർത്തനം നേരിട്ടറിയാനാണ് നെതന്യാഹു ചൊവ്വാഴ്ച ഗാസയിലെത്തിയത്. പ്രതിരോധമന്ത്രിയും സൈനികമേധാവിയും ഒപ്പമുണ്ടായിരുന്നു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെൽമറ്റും ധരിച്ച്, സൈനികർക്കൊപ്പം നെതന്യാഹു നിൽക്കുന്ന ദൃശ്യങ്ങൾ ഇസ്രയേൽ സൈന്യം പുറത്തുവിട്ടപ്പോഴാണു അതീവരഹസ്യമായി നടത്തിയ സന്ദർശനത്തെക്കുറിച്ച് ലോകം അറിഞ്ഞത്.
യുദ്ധം അവസാനിച്ചാൽ ഹമാസ് ഇനിയൊരിക്കലും പലസ്തീൻ ഭരിക്കില്ലെന്നും ഹമാസിന്റെ സൈനിക ശേഷി ഇസ്രേലി സേന പൂർണമായി ഇല്ലാതാക്കിയെന്നും നെതന്യാഹു വീഡിയോ സന്ദേശത്തിൽ പറയുന്നു.
ഗാസയിൽ കാണാതായ ഇസ്രേലികളായ 101 ബന്ദികളെ കണ്ടെത്താനുള്ള ശ്രമം തുടരുമെന്നു പറഞ്ഞ അദ്ദേഹം, തിരിച്ചെത്തുന്ന ഓരോരുത്തർക്കും അന്പതു ലക്ഷം ഡോളർ (ഏകദേശം 42 കോടി രൂപ) വീതം പാരിതോഷികം നൽകുമെന്നും വാഗ്ദാനം ചെയ്തു.
ഹമാസിന്റെ പിടിയിലുള്ള ഇസ്രേലികളെ മോചിപ്പിക്കാൻ സഹായിക്കുന്നവർക്ക് യുദ്ധത്തിൽ തകർന്ന പലസ്തീൻ പ്രദേശത്തുനിന്ന് രക്ഷപ്പെടാനുള്ള വഴി തുറന്നുനൽകുമെന്നും ബന്ദികളെ ഉപദ്രവിക്കാൻ തുനിയുന്നവരുടെ തലയിൽ രക്തം വീഴുമെന്നും അവരെ വേട്ടയാടി പിടികൂടുമെന്നും നെതന്യാഹു മുന്നറിയിപ്പു നൽകി. ഹമാസുമായി ഇനിയൊരു വെടിനിർത്തൽ ചർച്ചയ്ക്കില്ലെന്ന സൂചനയാണ് ഇതിലൂടെ നെതന്യാഹു നൽകുന്നത്.
ഇതിനിടെ, സിറിയയിലെ പാൽമീറയിൽ ഇസ്രയേൽ ഇന്നലെ നടത്തിയ വ്യോമാക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു. ഇറാൻ പിന്തുണയ്ക്കുന്ന സായുധ പോരാളികളുടെ ആയുധസംഭരണ കേന്ദ്രത്തിനുനേരെയാണ് ആക്രമണം നടത്തിയത്.
ഒരു വർഷത്തിലേറെയായി ഇസ്രയേലും ഹമാസും തമ്മിൽ യുദ്ധം നടക്കുന്ന ഗാസയിൽ 24 മണിക്കൂറിനിടെയുണ്ടായ ആക്രമണങ്ങളിൽ 50 പേരാണു കൊല്ലപ്പെട്ടത്. ഇതോടെ ആകെ മരണം 43,972 ആയി. 1.04 ലക്ഷം പേർക്ക് പരിക്കേറ്റു.