ഉപരോധത്തിനു മടിക്കില്ല: കാനഡ; നിജ്ജാർ വധത്തിൽ തെളിവ് നൽകിയില്ലെന്ന് ഇന്ത്യ
Wednesday, October 16, 2024 2:25 AM IST
ന്യൂഡൽഹി: കാനഡയിൽ ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള തർക്കം അതിരൂക്ഷമാകുന്നു.
കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച രവി ബിഷ്ണോയി സംഘത്തിന് കേന്ദ്രസർക്കാരുമായി ബന്ധമുണ്ടെന്നാണ് കാനഡയുടെ ആരോപണം. എന്നാൽ, കേന്ദ്രസർക്കാർ ഇതു പൂർണമായും തള്ളിക്കളഞ്ഞു.
ഉഭയകക്ഷിബന്ധം താറുമാറായ സാഹചര്യത്തിൽ ഇന്ത്യക്കെതിരേ ഉപരോധത്തിനുവരെ സാധ്യതയുണ്ടെന്നാണ് കാനഡയുടെ ഭീഷണി. എല്ലാത്തരം നടപടികളും മേശപ്പുറത്തുണ്ടെന്നാണ് കനേഡിയൻ വിദേശകാര്യമന്ത്രി മെലാന ജോളിയുടെ പ്രതികരണം.
അതേസമയം, നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവുകൾ കൈമാറിയെന്ന കനേഡിയൻ വാദം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ വിശദീകരിച്ചു. ഇന്ത്യൻ ഉദ്യോഗസ്ഥരെ ക്രിമിനൽസംഘങ്ങളുമായി ബന്ധിപ്പിക്കാനുള്ള കാനഡയുടെ നീക്കത്തെ തള്ളിക്കളയുകയും ചെയ്തു. തങ്ങളുടെ പൗരന്മാരെ ലക്ഷ്യമിട്ട് ഇന്ത്യ രഹസ്യനീക്കങ്ങൾ നടത്തുന്നുവെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണവും അടിസ്ഥാനരഹിതമാണെന്നും ഇന്ത്യ പ്രതികരിച്ചു.
കനേഡിയൻ പൗരന്മാരെ കാനഡയിൽവച്ച് കൊലപ്പെടുത്തുന്നതോ ഭീഷണിപ്പെടുത്തുന്നതോ ഒരുതരത്തിലും അംഗീകരിക്കില്ലെന്നായിരുന്നു ട്രൂഡോ പറഞ്ഞത്.