രത്തൻ ടാറ്റയ്ക്കു ആദരവോടെ വിട
Friday, October 11, 2024 3:01 AM IST
മുംബൈ: ധാർമികമൂല്യങ്ങളും മാനവികതയും സമന്വയിപ്പിച്ച് വന്പൻ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത രത്തൻ നവൽ ടാറ്റയ്ക്കു രാജ്യം ആദരവോടെ വിടചൊല്ലി.
ഇന്നലെ വൈകുന്നേരം മുംബൈ വർളിയിലെ പാഴ്സി ശ്മശാനത്തിലാണ് വ്യവസായരംഗത്തെ അതികായന്റെ സംസ്കാരച്ചടങ്ങുകൾ നടന്നത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, പിയൂഷ് ഗോയൽ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, രത്തൻ ടാറ്റയുടെ അർധസഹോദരൻ നോയൽ ടാറ്റ, ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ തുടങ്ങിയവർ ഉൾപ്പെടെയുള്ള പ്രമുഖർ സംസ്കാരച്ചടങ്ങിനെത്തിയിരുന്നു. ഔദ്യോഗിക ബഹുമതികൾക്കുശേഷം വർളിയിലെ ശ്മശാനത്തിലേക്കു മൃതദേഹം കൊണ്ടുപോകുകയായിരുന്നു.
ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കേന്ദ്രമന്ത്രിമാരടക്കമുള്ള രാഷ്ട്രീയ പ്രമുഖർക്കുമാണ് സംസ്കാരച്ചടങ്ങിലേക്കു പ്രവേശനമുണ്ടായിരുന്നത്. പാഴ്സി ആചാരപ്രകാരമാണു സംസ്കാരം നടത്തിയത്. ബുധനാഴ്ച രാത്രിയാണ് മുംബൈയിലെ ബ്രീച് കാൻഡി ആശുപത്രിയിൽ രത്തൻ ടാറ്റ അന്തരിച്ചത്.
കൊളാബയിലെ വീട്ടിൽനിന്ന് രത്തൻ ടാറ്റയുടെ മൃതദേഹം എൻസിപിഎ ഓഡിറ്റോറിയത്തിൽ എത്തിച്ചപ്പോൾ ആയിരങ്ങളാണ് അന്തിമോചചാരം അർപ്പിക്കാൻ എത്തിയത്.
എൻസിപി അധ്യക്ഷൻ ശരദ് പവാർ, ആദിത്യ ബിർല ഗ്രൂപ്പ് ചെയർമാൻ കുമാർമംഗലം ബിർല, റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് തുടങ്ങി ജീവിതത്തിന്റെ വിവിധ തുറകളിലുള്ള പ്രശസ്ത വ്യക്തികളും സാധാരണ ജനങ്ങളും എൻസിപിഎ ഓഡിറ്റോറിയത്തിലേക്ക് ഒഴുകിയെത്തി.
ബിസിനസ് രംഗത്തെ ഇതിഹാസത്തെ അവസാനമായി കാണാനും ആദരം അർപ്പിക്കാനും ആയിരങ്ങൾ ക്ഷമയോടെ കാത്തുനിന്നു. കൊളാബയിലെ രത്തൻ ടാറ്റയുടെ വീട്ടിലെത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും അന്തിമോപചാരം അർപ്പിച്ചു.
1937ൽ അതിസന്പന്ന പാഴ്സി കുടുംബത്തിലാണ് രത്തൻ ടാറ്റയുടെ ജനനം. രത്തനു പത്തു വയസുള്ളപ്പോൾ മാതാപിതാക്കളായ നവലും സൂനിയും വേർപിരിഞ്ഞു. പിന്നീട് മുത്തശ്ശി നവാജ്ബായിയുടെ സംരക്ഷണയിലാണു രത്തൻ വളർന്നത്.
നൂറു രാജ്യങ്ങളിലായി 30 കന്പനികളുടെ നിയന്ത്രണമുണ്ടായിരുന്ന രത്തൻ ടാറ്റ ഒരിക്കലും ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം നേടിയില്ല. നാട്യങ്ങളില്ലാത്തതും താപസതുല്യവുമായ ജീവിതമാണ് അവിവാഹിതനായ അദ്ദേഹം നയിച്ചത്. ഇദ്ദേഹത്തിന്റെ കീഴിൽ ടാറ്റ ഗ്രൂപ്പ് 70 ഇരട്ടി വളർച്ച നേടി. 10 ലക്ഷത്തിലധികം ജീവനക്കാർ ടാറ്റയ്ക്കുണ്ട്. 2008ൽ, രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പദ്മവിഭൂഷൺ നല്കി രത്തൻ ടാറ്റയെ രാജ്യം ആദരിച്ചു.
ആര് പിൻഗാമിയാകും?
30 ലക്ഷം കോടി രൂപ മൂല്യമുള്ള ടാറ്റ ഗ്രൂപ്പിനെ ഇനി ആരു നയിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. അർധസഹോദരൻ നോയൽ ടാറ്റ രത്തൻ ടാറ്റയുടെ പിൻഗാമിയായേക്കുമെന്നാണു റിപ്പോർട്ട്.
ടാറ്റാ സ്റ്റീലിന്റെയും വാച്ച് കന്പനി ടൈറ്റന്റെയും വൈസ് ചെയർമാനാണ് നോയൽ. ഇദ്ദേഹത്തിന്റെ അമ്മ സിമോൺ ടാറ്റ ഫ്രഞ്ച്-സ്വിസ് കത്തോലിക്കാ വനിതയാണ്.
രത്തൻ ടാറ്റയുടെ ഇളയ സഹോദരൻ ജിമ്മി കുടുംബബിസിനസിൽ ഇടപെടാറില്ല. കൊളാബയിലെ രണ്ടു ബെഡ്റൂം വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. നിലവിൽ ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വം എൻ. ചന്ദ്രശേഖരനാണ്. 2017 മുതൽ ഇദ്ദേഹമാണ് ടാറ്റാ സൺസ് ചെയർമാൻ.