രത്തൻ ടാറ്റ അന്തരിച്ചു
Thursday, October 10, 2024 2:38 AM IST
മുംബൈ: ഇന്ത്യൻ വ്യവസായലോകത്തെ വേറിട്ട വ്യക്തിത്വമായ രത്തൻ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഏതാനുംദിവസമായി ചികിത്സയിലായിരുന്നു.
ഇന്നലെ രോഗം വഷളായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ടാറ്റ കുടുംബം ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല. പതിവുപരിശോധനകൾക്കായാണ് ആശുപത്രിയിലെത്തിയതെന്നും ആരോഗ്യത്തെക്കുറിച്ച് ആശങ്കവേണ്ടെന്നും കഴിഞ്ഞദിവസം രത്തൻ ടാറ്റ അറിയിച്ചിരുന്നു.
1937 ഡിസംബർ 28നു മുംബൈയിലാണു രത്തൻ ടാറ്റയുടെ ജനനം. യുഎസിലെ കോർണൽ യൂണിവേഴ്സിറ്റിയിൽനിന്ന് 1962ൽ ആർക്കിടെക്ചറിൽ ബിരുദം നേടിയശേഷം ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമാവുകയായിരുന്നു. 1971 നാഷണൽ റേഡിയോ ആൻഡ് ഇലക്ട്രോണിക് കന്പനി (നെൽകൊ) ഡയറക്ടർ ആയി. മുന്നുവർഷത്തിനുശേഷം ടാറ്റാ സൺസ് ഡയറക്ടറായി സ്ഥാനക്കയറ്റം. ഇതിനിടെ ഹാർവാർഡ് ബിസിനസ് സ്കൂളിൽനിന്ന് എംബിഎ നേടി. അവിവാഹിതനാണ്.1991 മാർച്ചിലാണ് ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാനാകുന്നത്. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോർസ്, ടാറ്റ പവർ, ടാറ്റ കണ്സൽട്ടൻസി സർവീസസ്, ടാറ്റ ടീ, ടാറ്റ കെമിക്കൽസ്, ടാറ്റ ടെലിസെർവീസസ്, ദി ഇന്ത്യൻ ഹോട്ടൽസ് കന്പനി തുടങ്ങി ഇന്ത്യക്കാരുടെ ദൈനംദിന ജീവിതവുമായി നേരിട്ടു ബന്ധമുള്ള കന്പനികളെയെല്ലാം പതിവു കോർപ്പറേറ്റ് രീതികളിൽനിന്ന് വ്യത്യസ്ഥമായി അദ്ദേഹം നയിച്ചു.
2012ൽ ചെയർമാൻസ്ഥാനം ഒഴിഞ്ഞശേഷവും കന്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിലും സാമൂഹ്യമേഖലയിലും സജീവസാന്നിധ്യമായിരുന്നു.
ഇന്ത്യയിൽ പൂർണമായും രൂപകല്പന ചെയ്ത ഇൻഡിക്ക, നാനോ കാറുകൾ രത്തൻ ടാറ്റയുടെ നേതൃകാലത്താണു പുറത്തിറക്കിയത്. നിരവധി വിദേശകന്പനികൾ ഏറ്റെടുത്ത് ടാറ്റായെ ആഗോളതലത്തിൽ വിപുലീകരിക്കാനും രത്തൻ ടാറ്റയ്ക്കു കഴിഞ്ഞു.