കോൽക്കത്തയിൽ ബെലുഗ എക്സ്എൽ പറന്നിറങ്ങി
Thursday, October 10, 2024 1:35 AM IST
കോൽക്കത്ത: ആകാശത്തൊരു തിമിംഗലം പറന്നുനടന്നാലോ! അതാണ് എയര്‍ബസ് ബെലുഗ. ഈ പറക്കും തിമിംഗലത്തിന്റെ ഏറ്റവും വലിയ പതിപ്പ് ബെലുഗ എക്സ്എൽ കോൽക്കത്തയിൽ പറന്നിറങ്ങി.
ലോകത്തെ ഏറ്റവും വലിയ ചരക്കുവിമാനമായ ബെലുഗയുടെ പുതിയ പതിപ്പാണ് എക്സ്എൽ. തിമിംഗലത്തിന്റെ രൂപമുള്ളതും അസാധാരണ വലിപ്പമുള്ളതുമാണ് ഈ വിമാനം. 207 അടി നീളവും ഉയരം 62 അടിയും ചിറക് വിരിവ് ഉൾപ്പെടെ വീതി 197 അടിയും 10 ഇഞ്ചുമാണ്.
2018ൽ ആണ് ബെലുഗ എക്സ്എൽ ആദ്യമായി പറന്നത്. നേരത്തെ കോൽക്കത്ത വിമാനത്താവളത്തിൽ ബെലുഗ എസ്ടി സീരിസ് ഇറങ്ങിയിരുന്നു. എന്നാൽ ആദ്യമായാണ് എക്സ്എൽ സീരിസ് ഇവിടെയിറങ്ങുന്നത്. ചൊവ്വാഴ്ച രാത്രി 10.40നായിരുന്നു എക്സ്എലിന്റെ ലാൻഡിംഗ്.
ബഹ്റിനിൽനിന്നാണ് വിമാനഘടകങ്ങളുമായി വിമാനം കോൽക്കത്തയിലെത്തിയത്.
എക്സ്എലിനെ സ്വീകരിക്കാൻ കഴിയുന്ന കിഴക്കൻ ഇന്ത്യയിലെ ഏക വിമാനത്താവളമാണ് കോൽക്കത്ത വിമാനത്താവളം. വിമാന ജീവനക്കാർക്ക് വിശ്രമത്തിനും ഇന്ധനം നിറയ്ക്കാനുമാണ് ഇവിടെയിറങ്ങിയത്.