സർക്കാരിനെ വിമർശിച്ചാൽ കുറ്റമാകില്ല: സുപ്രീംകോടതി
സ്വന്തം ലേഖകൻ
Saturday, October 5, 2024 5:27 AM IST
ന്യൂഡൽഹി: സർക്കാരിനെ വിമർശിച്ചതുകൊണ്ടുമാത്രം മാധ്യമപ്രവർത്തകനെതിരേ ക്രിമിനൽ കേസെടുക്കാനാകില്ലെന്നു സുപ്രീംകോടതി. ജാതി അടിസ്ഥാനപ്പെടുത്തിയുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ നിയമനങ്ങൾക്കെതിരേ സമൂഹമാധ്യമമായ എക്സിൽ വിമർശനക്കുറിപ്പ് എഴുതിയ മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായയ്ക്ക് ഇടക്കാല സംരക്ഷണം നൽകിക്കൊണ്ടാണു സുപ്രീംകോടതിയുടെ നിരീക്ഷണം.
ജനാധിപത്യരാജ്യത്ത് ഒരാളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (എ) പ്രകാരം മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്നും കോടതി വ്യക്തമാക്കി. സർക്കാരുകളെ വിമർശിക്കുന്നതിനാൽ ക്രിമിനൽ കുറ്റത്തിനു കേസെടുക്കാനാകില്ലെന്നും ജസ്റ്റീസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ. ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സർക്കാരിന് കോടതി നോട്ടീസ് അയച്ചു.
ഉപാധ്യായയ്ക്ക് അനുവദിച്ച ഇടക്കാല സംരക്ഷണം ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഭാവിയിൽ ഉണ്ടായേക്കാവുന്ന കേസിൽ ബാധകമാണെന്നും കോടതി വ്യക്തമാക്കി. തന്റെ പോസ്റ്റിനെതിരേ ഉത്തർപ്രദേശ് പോലീസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽനിന്നുപോലും ഭീഷണി ഉണ്ടായെന്ന് ഉപാധ്യായ കോടതിയിൽ പറഞ്ഞു.