അന്നയുടെ ജീവനെടുത്തത് ജോലിസമ്മർദം
Friday, September 20, 2024 2:38 AM IST
കൊച്ചി: പൂനയിലെ ഏണസ്റ്റ് ആന്‍ഡ് യംഗ് ഇന്ത്യ കമ്പനി (ഇവൈ ഇന്ത്യ) യിലെ അമിത ജോലിഭാരമാണ് തങ്ങളുടെ മകളുടെ ജീവനെടുത്തതെന്ന പരാതിയുമായി അന്തരിച്ച മലയാളി ജീവനക്കാരിയുടെ മാതാപിതാക്കൾ.
കഴിഞ്ഞ ജൂലൈ 21നാണ് എറണാകുളം കങ്ങരപ്പടി സ്വദേശിനിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ അന്ന സെബാസ്റ്റ്യന്‍ (26) താമസസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചത്.
കമ്പനിയുടെ ജീവനക്കാരോടുള്ള നയമാണ് മകളുടെ മരണത്തിനു കാരണമെന്നു കുറ്റപ്പെടുത്തി, സംഭവശേഷം നാലു മാസത്തോളമായി കമ്പനി തുടരുന്ന മനോഭാവവും ചൂണ്ടിക്കാട്ടി അന്നയുടെ അമ്മ അനിത അഗസ്റ്റിന് കമ്പനി മേധാവി രാജീവ് മേമാനിക്ക് അയച്ച കത്ത് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
2023 നവംബറിലാണ് അന്ന ഡിസ്റ്റിംഗ്ഷനോടെ സിഎ പാസായത്. 2024 മാര്‍ച്ച് 19ന് ഇവൈ ഇന്ത്യ കമ്പനിയില്‍ ജോലിക്കു ചേര്‍ന്നു. സ്കൂളിലും കോളജിലും എല്ലാ പരീക്ഷകളിലും ഉന്നത വിജയം നേടിയ അന്ന ഇവൈയിലും കഠിനമായി ജോലി ചെയ്തു. അമിത ജോലിഭാരവും പുതിയ അന്തരീക്ഷവും മകളെ ശാരീരികമായും മാനസികമായും തളര്‍ത്തിയെന്നാണ് അമ്മയുടെ കത്തിലുള്ളത്.
ജൂലൈ ആറിന് പുനയില്‍ നടന്ന അന്നയുടെ സിഎ കോണ്‍വൊക്കേഷനിൽ മാതാപിതാക്കള്‍ പങ്കെടുത്തിരുന്നു. അന്ന് നെഞ്ചുവേദന ഉണ്ടെന്നു പറഞ്ഞതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പോയി ഇസിജിയെടുത്തു. കാര്‍ഡിയോളജിസ്റ്റിനെ കണ്ടപ്പോള്‍ ഹാര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞു.
ഉറക്കമില്ലായ്മയും സമയം തെറ്റിയുള്ള ഭക്ഷണക്രമവുമാണ് നെഞ്ചുവേദനയ്ക്കു കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ജോലിത്തിരക്കു കാരണം മാതാപിതാക്കള്‍ക്കൊപ്പം അധികനേരം ചെലവഴിക്കാന്‍ അന്നയ്ക്ക് അന്നു കഴിഞ്ഞില്ലെന്നും കത്തില്‍ പറയുന്നു.
ഷെഡ്യൂള്‍ ചെയ്ത ജോലികള്‍ക്കുപുറമെ മാനേജര്‍മാര്‍ അധിക ജോലി നല്‍കിയിരുന്നു. അതൊന്നും ഔദ്യോഗിക രേഖകളില്‍ ഉണ്ടാകാറില്ല. മാനേജര്‍ക്കു ക്രിക്കറ്റ് കളി കാണാന്‍വേണ്ടി മീറ്റിംഗുകള്‍ മാറ്റിവയ്ക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ഇതോടെ അന്നയുടെ ജോലികള്‍ നീളാന്‍ തുടങ്ങി.
പക്ഷേ, എത്രതന്നെ ജോലിയുണ്ടെങ്കിലും അതു തീര്‍ക്കാതെ അവള്‍ക്കു സ്ഥാപനത്തില്‍നിന്ന് ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അമ്മ പറയുന്നു.
കമ്പനി മനുഷ്യാവകാശത്തെക്കുറിച്ച് പറയുന്നത് ജീവനക്കാരോടു കാണിക്കുന്നില്ലെന്നും അതിനാല്‍ ഇത് നിങ്ങള്‍ക്ക് കണ്ണു തുറക്കാനുള്ള സമയമായി കാണണമെന്നും അനിതയുടെ കത്തിലുണ്ട്. ജീവനക്കാരുടെ ആരോഗ്യവും മാനസികനിലയും പരിഗണിച്ചു ള്ള തൊഴില്‍ സംസ്കാരത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചുതുടങ്ങണം.
അന്നയുടെ മരണാനന്തര ചടങ്ങുകളില്‍ കമ്പനിയിലെ ജീവനക്കാർ പങ്കെടുത്തില്ല എന്നതു വേദനിപ്പിക്കുന്നതാണ്. അന്ന നിങ്ങളുടെ കമ്പനിക്കു വേണ്ടിയാണ് അവസാന ശ്വാസം വരെ നല്‍കിയതെന്നും മകള്‍ക്കു നീതി വേണമെന്നും കമ്പനി മേധാവിക്ക് അയച്ച കത്തിലുണ്ട്.
അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
ന്യൂഡൽഹി: കമ്പനിയില്‍ ചേര്‍ന്ന് നാലു മാസത്തിനുള്ളില്‍ തന്റെ മകള്‍ അന്ന സെബാസ്റ്റ്യന്‍ അമിത ജോലിഭാരം കാരണം മരിച്ചുവെന്ന അമ്മയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ചു കേന്ദ്രസര്‍ക്കാര്‍.
അന്നയുടെ മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് തൊഴില്‍മന്ത്രാലയം അറിയിച്ചു. ""അന്ന സെബാസ്റ്റ്യന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
അരക്ഷിതവും ചൂഷണം ചെയ്യുന്നതുമായ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ചുള്ള ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്തും. നീതി ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്''- കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ എക്സില്‍ കുറിച്ചു.
ഉറങ്ങാന്‍പോലും സമയം കിട്ടിയിരുന്നില്ല!
""ഔട്ട്സൈഡ് ക്ലയന്റ്സിന്റെ ഓഡിറ്റാണ് മോളുടെ കമ്പനി ചെയ്യുന്നത്. അവള് മരിക്കുന്ന സമയത്ത് ബജാജ് ഓട്ടോ എന്ന കമ്പനിയുടെ ഓഡിറ്റിംഗായിരുന്നു ചെയ്തിരുന്നത്. അതിന്റെ റിസള്‍ട്ട് അനൗണ്‍സ് ചെയ്യുകയും ചെയ്തിരുന്നു.
കൃത്യസമയത്തിനുള്ളില്‍ ഈ വര്‍ക്ക് ചെയ്തു തീര്‍ക്കണമെന്നുണ്ട്. അതുകൊണ്ട് രാത്രി 12.30 വരെ മോള് അവിടെയിരുന്ന് ജോലി ചെയ്തു. താമസിക്കുന്ന പിജിയിലെത്തുമ്പോള്‍ 1.30 ആകും. അവിടെയെത്തിയാലും അവിടെ അഡീഷണല്‍ വര്‍ക്ക് കൊടുക്കും. അതുകൊണ്ട് അവള്‍ക്ക് ഉറക്കമില്ലായിരുന്നു. പിജിയില്‍ രാത്രി പത്തു കഴിഞ്ഞാല്‍ ഭക്ഷണം കിട്ടില്ല. ജോലിസമ്മര്‍ദവും ഉണ്ടായിരുന്നു. ജോലി രാജിവയ്ക്കാൻ പറഞ്ഞപ്പോള്‍ ഇവിടത്തെ ജോലി നല്ലൊരു എക്സ്പോഷര്‍ കിട്ടുന്നതാണെന്നു പറഞ്ഞാണ് അവള് അവിടത്തന്നെ നിന്നത്. അവിടത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ബുദ്ധിമുട്ട് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ’’-അന്നയുടെ മാതാപിതാക്കളായ സിബി ജോസഫും അനിതയും പറഞ്ഞു.