നൂറിന്റെ നിറവിൽ മോദി 3.0
Wednesday, September 18, 2024 12:06 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാർ 100 ദിവസങ്ങൾ പൂർത്തിയാക്കി. മോദി 3.0 നൂറ് ദിവസം പൂർത്തിയാക്കിയപ്പോൾതന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രി 74-ാം ജന്മദിനവും ആഘോഷിച്ചു.
രാജ്യത്തിന് വിവിധ പദ്ധതികൾ സമ്മാനിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ജന്മദിനം ആഘോഷിച്ചത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ ഭൂവനേശ്വറിലെ പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് 26 ലക്ഷം വീടുകളാണ് പ്രധനമന്ത്രി അനാച്ഛാദനം ചെയ്തത്. ഇതു കൂടാതെ റെയിൽവേ വികസനത്തിനും ഹൈവേ വികസനത്തിനുമായി 1000 കോടിയിലധികം ചെലവുള്ള പദ്ധതികളും മോദി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ പത്തു വർഷത്തെ ഭരണത്തിലൂടെ ആഭ്യന്തര-വൈദേശിക പ്രതിരോധം മെച്ചപ്പെടുത്തി ഒരു ശക്തമായ ഇന്ത്യയെ പടുത്തുയർത്താൻ കഴിഞ്ഞെന്ന് നൂറു കർമദിനങ്ങളിലെ ഭരണനേട്ടങ്ങൾ വിശദീകരിച്ചുള്ള റിപ്പോർട്ട് കാർഡ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
മൂന്നാം തവണ അധികാരത്തിലേറിയ മോദി സർക്കാരിന്റെ ആദ്യ 100 ദിവസത്തിനുള്ളിൽ 15 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയെന്ന് അമിത് ഷാ വ്യക്തമാക്കി. 25,000 ഗ്രാമങ്ങളെ റോഡ് മാർഗം ബന്ധിപ്പിക്കുന്ന 49,000 കോടി രൂപയുടെ പദ്ധതിയും ഇതിലുൾപ്പെടും.
50,600 കോടി രൂപയ്ക്ക് രാജ്യത്തുടനീളമുള്ള പ്രധാന റോഡുകൾ വികസിപ്പിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5000 സൈബർ കമാൻഡോകളെ വിന്യസിക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. യുവാക്കൾക്കായി രണ്ട് ലക്ഷം കോടിയുടെ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
അഞ്ച് വർഷത്തിനുള്ളിൽ നാലു കോടിയിലധികം യുവജനങ്ങൾക്ക് ഇതുവഴി പ്രയോജനം ലഭിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഒമ്പതു കോടിയിലധികം കർഷകർക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയുടെ പതിനേഴാം ഗഡു പ്രകാരം 20,000 കോടി രൂപ നൽകിയെന്നും അമിത് ഷാ പറഞ്ഞു.
സെൻസസ് നടപടികൾ ഉടനെ ആരംഭിക്കുമെന്നും മൂന്നാം മോദി സർക്കാരിന്റെ കാലത്തുതന്നെ ‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’ നടപ്പിലാക്കുമെന്നും അമിത് ഷാ പറഞ്ഞു.